ഭൂമിയെ വലംവെക്കാന്‍ 10 ലക്ഷം ഉപഗ്രഹങ്ങള്‍, ബഹിരാകാശത്ത് എഐ ഡാറ്റ സെന്‍റര്‍ സ്ഥാപിക്കാന്‍ അനുമതി തേടി സ്പേസ്എക്‌സ്

Published : Feb 01, 2026, 10:01 AM IST
Elon Musk

Synopsis

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ്‌എക്സിന് പുറമെ ആമസോണും ഗൂഗിളും മൈക്രോസോഫ്റ്റുമെല്ലാം ഭാവിയില്‍ ബഹിരാകാശത്ത് ഡാറ്റ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്

കാലിഫോര്‍ണിയ: ബഹിരാകാശത്ത് എഐ ഡാറ്റ സെന്‍ററുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദശലക്ഷം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അനുമതി തേടി ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) കമ്പ്യൂട്ടിംഗിന് കരുത്തുപകരാനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 10 ലക്ഷം സാറ്റ്‌ലൈറ്റുകളാണ് മസ്‌കിന്‍റെ സ്പേസ്‌എക്‌സ് കമ്പനി വിഭാവനം ചെയ്യുന്നത്. വര്‍ധിച്ചുവരുന്ന എഐ ആവശ്യകതകള്‍ക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹ ശൃംഖല സൃഷ്‌ടിക്കാന്‍ അനുമതി നല്‍കണമെന്ന് ഇലോണ്‍ മസ‌്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്‌സ് അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

എന്താണ് സ്പേസ്എക്‌സിന്‍റെ പുത്തന്‍ ഉപഗ്രഹ ശൃംഖല

'ഭൂമിയുടെ ഭ്രമണപഥത്തില്‍ പത്ത് ലക്ഷം കൃത്രിമ ഉപഗ്രഹങ്ങളുടെ ശൃംഖല സ്ഥാപിച്ച് ഓര്‍ബിറ്റല്‍ ഡാറ്റ സെന്‍ററായി പ്രവര്‍ത്തിപ്പിക്കുന്നത് കര്‍ദാഷേവ് II തലത്തിലുള്ള നാഗരികതയിലേക്കുള്ള ചുവടുവെപ്പാകും. ഈ ഉപഗ്രഹങ്ങളെല്ലാം പൂര്‍ണമായും സൗരോര്‍ജത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കോടിക്കണക്കിന് മനുഷ്യര്‍ക്കുള്ള എഐ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും മനുഷ്യന്‍റെ ഗ്രഹാന്തര ജീവിതത്തെ ഊട്ടിയുറപ്പിക്കാനും കഴിയുന്നതായിരിക്കും ഈ സാറ്റ്‌ലൈറ്റ് ശൃംഖല' എന്നും എഫ്‌സിഎയ്‌ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്പേസ്എക്‌സ് അധികൃതര്‍ പറയുന്നു. പുഃനരുപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്പേസ്‌എക്സ് വികസിപ്പിക്കുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ഉപയോഗിച്ചാവും ഈ ഉപഗ്രഹ ശൃംഖല സ്ഥാപിക്കുക. ഇത് വിക്ഷേപണങ്ങളുടെ ചെലവ് ചുരുക്കാനും പരിസ്ഥിതി സൗഹാര്‍ദമായിരിക്കാനും വഴിയൊരുക്കുമെന്ന് സ്പേസ്‌എക്‌സ് കരുതുന്നു.

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ്‌എക്സിന് പുറമെ ആമസോണും ഗൂഗിളും മൈക്രോസോഫ്റ്റുമെല്ലാം ബഹിരാകാശ ഡാറ്റ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഭൂമിയില്‍ ഇത്തരം ഡാറ്റ സെന്‍ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജിഗാവാട്ട് കണക്കില്‍ വൈദ്യുതിയും തണുപ്പിക്കാന്‍ അനേകം കോടി ലിറ്റര്‍ ജലവും ആവശ്യമാണ്. എന്നാല്‍ സൗരോര്‍ജവും ബഹിരാകാശത്തെ സ്വാഭാവിക റേഡിയോആക്റ്റീവ് കൂളിംഗും ഈ ചെലവ് കുറയ്‌ക്കുകയും ഭൂമിയില്‍ ഊര്‍ജ സംരക്ഷണത്തിന് വഴിയൊരുക്കുകയും ചെയ്യും. പരസ്‌പരം ലേസര്‍ വിനിമയത്തിലൂടെ ബന്ധിപ്പിക്കുന്ന ഈ സാറ്റ്‌ലൈറ്റുകള്‍ ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ മുതല്‍ 2000 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലായിരിക്കും വിന്യസിക്കുക.

ബഹിരാകാശ ഡാറ്റ സെന്‍റര്‍ സ്വപ്‌നമുള്ള മസ്‌ക്

‘ബഹിരാകാശത്ത് എഐ ഡാറ്റ സെന്‍ററുകള്‍ സ്ഥാപിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എഐ ഡാറ്റ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് ഏറ്റവും കുറഞ്ഞ ചെലവുള്ള സ്ഥലം ബഹിരാകാശമായിരിക്കും, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകുമെന്നും’ അടുത്തിടെ ദാവോസില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തില്‍ സ്പേസ്എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മനുഷ്യന്‍ 50 വര്‍ഷത്തിന് ശേഷം ചന്ദ്രനിലേക്ക് പറക്കുന്നത് കാണാന്‍ കാത്തിരിക്കണം, ആര്‍ട്ടിമിസ് 2 വൈകും
ബഹിരാകാശത്ത് റോബോട്ടുകളുടെ നഗരം ഉയരുമോ? ഹ്യൂമനോയിഡ് യാത്രികനെ അയക്കാന്‍ ചൈനീസ് കമ്പനികൾ