ഭൂമിക്കെതിരെ വരുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ചൈന, ബ്രഹ്മാണ്ട സന്നാഹം ഇങ്ങനെ.!

By Web TeamFirst Published Jul 11, 2021, 4:18 PM IST
Highlights

2175 നും 2199 നും ഇടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിന്റെ 4.6 ദശലക്ഷം മൈല്‍ (7.5 ദശലക്ഷം കിലോമീറ്റര്‍) ചുറ്റളവില്‍ സഞ്ചരിക്കുമെന്നു കരുതുന്ന 85.5 ദശലക്ഷം ടണ്‍ (77.5 ദശലക്ഷം മെട്രിക് ടണ്‍) ബഹിരാകാശ പാറയായ ബെനു എന്ന ഛിന്നഗ്രഹമാണ് ഇവരുടെ ലക്ഷ്യം. 

ഭൂമിയിലേക്ക് അടുത്ത അറുപതു വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുമെന്നു കരുതുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ രണ്ടും കല്‍പ്പിച്ച് ചൈന. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഇരുപതിലധികം റോക്കറ്റുകളാണ് ചൈന വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഏതെങ്കിലും തരത്തില്‍ ഗ്രഹത്തെ വഴിതിരിച്ചു വിടാന്‍ കഴിയുമോയെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. 2175 നും 2199 നും ഇടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിന്റെ 4.6 ദശലക്ഷം മൈല്‍ (7.5 ദശലക്ഷം കിലോമീറ്റര്‍) ചുറ്റളവില്‍ സഞ്ചരിക്കുമെന്നു കരുതുന്ന 85.5 ദശലക്ഷം ടണ്‍ (77.5 ദശലക്ഷം മെട്രിക് ടണ്‍) ബഹിരാകാശ പാറയായ ബെനു എന്ന ഛിന്നഗ്രഹമാണ് ഇവരുടെ ലക്ഷ്യം. ബെന്നുവിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഇത് ഭീഷണി തന്നെയാണ്. ഈ ഛിന്നഗ്രഹം അമേരിക്കയിലെ എമ്പയര്‍ സ്‌റ്റേറ്റ് കെട്ടിടത്തിന്റെ ഉയരം പോലെ വീതിയുള്ളതാണ്, അതായത് ഭൂമിയുമായി കൂട്ടിമുട്ടിയാല്‍ വലിയ ദുരന്തമായിരിക്കും ഫലം.

ബെന്നുവിന്റെ ഭൂമിയുടെ ആഘാതത്തിന്റെ ഗതികോര്‍ജ്ജം 1,200 മെഗറ്റോണാണ്, ഇത് ഹിരോഷിമയില്‍ പതിച്ച ബോംബിന്റെ ഊര്‍ജ്ജത്തേക്കാള്‍ 80,000 മടങ്ങ് കൂടുതലാണ്. താരതമ്യപ്പെടുത്തുമ്പോള്‍, ദിനോസറുകളെ തുടച്ചുമാറ്റിയ ബഹിരാകാശ പാറ 100 ദശലക്ഷം മെഗാട്ടണ്‍ ഊര്‍ജ്ജം നല്‍കുന്നുവെന്ന് ലൈവ് സയന്‍സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയിലെ ദേശീയ ബഹിരാകാശ ശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് 23 ലോംഗ് മാര്‍ച്ച് 5 റോക്കറ്റുകള്‍, ഒരേ സമയം പാറക്കെതിരെ പ്രയോഗിക്കുകയെന്നതാണ്. ഇത് ഛിന്നഗ്രഹത്തെ 6,000 മൈല്‍ (9,000 കിലോമീറ്റര്‍) ഭൂമിയുടെ ദൂരത്തിന്റെ 1.4 ഇരട്ടി വഴി തിരിച്ചുവിടാന്‍ കഴിഞ്ഞേക്കുമെന്നാണ്. ഓരോ ലോംഗ് മാര്‍ച്ച് 5 റോക്കറ്റിനും 992 ടണ്‍ (900 മെട്രിക് ടണ്‍) ഭാരമുണ്ട്.

ഇക്കാറസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് അവരുടെ കണക്കുകൂട്ടലുകള്‍ വിശദീകരിച്ചിരിക്കുന്നത്. ഛിന്നഗ്രഹ സ്വാധീനം ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയാണെന്ന്, ബീജിംഗിലെ നാഷണല്‍ ബഹിരാകാശ ശാസ്ത്ര കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്ര എഞ്ചിനീയറായ മിങ്ടാവോ ലി പറയുന്നു. ഇംപാക്റ്റ് പാതയില്‍ ഈ ഛിന്നഗ്രഹത്തിന്റെ ഭ്രമണപാതയെ വ്യതിചലിപ്പിക്കുന്നത് ഭീഷണി ലഘൂകരിക്കുന്നതിന് നിര്‍ണ്ണായകമാണ്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഈ ബഹിരാകാശ പാറയെ ഒന്നിലധികം ചെറിയ കഷണങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 

എന്നാല്‍ ചൈനയുടെ റോക്കറ്റുകള്‍ തന്നെ മനുഷ്യന് ഭീഷണിയാണെന്നതാണ് രസകരം. ലോംഗ് മാര്‍ച്ച് 5 റോക്കറ്റുകളാണ് പ്രശ്‌നക്കാര്‍. ചൈനയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള മിക്ക ഡെലിവറികളും പൂര്‍ത്തിയാക്കി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ചൈനീസ് പേടകങ്ങള്‍ വിക്ഷേപിക്കുന്നതിനും ഈ റോക്കറ്റാണ് ചൈന ഉപയോഗിക്കുന്നത്. അനിയന്ത്രിതമായ രീതിയിലേക്ക് ഭൂമിയിലേക്ക് പുനര്‍പ്രവേശനം നടത്തുന്ന ഈ റോക്കറ്റുകള്‍ മുന്‍കാലങ്ങളിലെല്ലാം ആശങ്കയുണ്ടാക്കി. മെയ് മാസത്തില്‍, ലോംഗ് മാര്‍ച്ച് 5 റോക്കറ്റിന്റെ 22 ടണ്‍ (20 മെട്രിക് ടണ്‍) ഭാഗം ഭൂമിയിലേക്ക് പതിച്ചു. ഇത് അറേബ്യന്‍ ഉപദ്വീപിനടുത്ത് കടലില്‍ പതിച്ചിരുന്നു. 2020 മെയ് മാസത്തില്‍, ഈ റോക്കറ്റില്‍ നിന്നുള്ള ശകലങ്ങള്‍ ഐവറി കോസ്റ്റിലെ രണ്ട് ഗ്രാമങ്ങളില്‍ തകര്‍ത്തുവെന്ന് കരുതപ്പെടുന്നു.

ചൈനീസ് പദ്ധതി നാസയുടേതിന് സമാനമാണ്. എന്നാല്‍ അല്‍പ്പം കൂടുതല്‍ ചെലവേറിയതാണ് നാസയുടേത്. ഹൈപ്പര്‍ വെലോസിറ്റി ആസ്റ്ററോയിഡ് മിറ്റിഗേഷന്‍ മിഷന്‍ ഫോര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് (ഹമ്മര്‍) എന്നായിരുന്നു നാസയുടെ പദ്ധതിയുടെ പേര്. 30 അടി ഉയരമുള്ള (9 മീറ്റര്‍) ബഹിരാകാശ പേടകം ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തെ തുടര്‍ച്ചയായി തകര്‍ക്കുകയാണ് ഇവരുടെ ഉദ്ദേശം. നാസ സിമുലേഷനുകള്‍ സൂചിപ്പിക്കുന്നത്, ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് 10 വര്‍ഷം മുമ്പ് വിക്ഷേപിക്കുന്ന ഹമ്മര്‍ ബഹിരാകാശ പേടകത്തില്‍ നിന്നുള്ള 3453 പ്രഹരങ്ങള്‍ നടത്തി ഛിന്നഗ്രഹത്തിന്റെ ഭൂമിയിലേക്കുള്ള വരവിനെ മാറ്റുമെന്നാണ്.

ഈ വര്‍ഷം നവംബര്‍ 24 ന് ആരംഭിക്കുന്ന രണ്ട് സംയുക്ത ദൗത്യങ്ങളില്‍ നാസയും ഇഎസ്എയും (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) ആദ്യമായി ഒരു പുതിയ നഡ്ജിംഗ് രീതി പരീക്ഷിക്കും. ഈ മിഷന്‍ ഒരു വര്‍ഷത്തിനുശേഷം 7 ദശലക്ഷം മൈല്‍ (11 ദശലക്ഷം കിലോമീറ്റര്‍) അകലെയുള്ള ഡിഡിമോസ് ഛിന്നഗ്രഹ സംവിധാനത്തില്‍ എത്തിച്ചേരും. അവിടെ എത്തിക്കഴിഞ്ഞാല്‍, നാസ ബഹിരാകാശവാഹനം ഡിഡിമോസിന്റെ ഉപഗ്രഹമായ ബെന്നുവിനെ ലക്ഷ്യമിടും. വാസ്തവത്തില്‍ ഒരു പാറക്കഷ്ണം എന്നതിനേക്കാളുപരി  ബെനു ഒരു ഛിന്നഗ്രഹമാണ്, അതിനര്‍ത്ഥം അതില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ അടങ്ങിയിരിക്കാമെന്നും, ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞപ്പോള്‍ ഉണ്ടാകുന്ന പല പ്രാഥമിക തന്മാത്രകളും അതില്‍ അടങ്ങിയിരിക്കാമെന്നുമാണ്. ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ തേടി നാസ ഇതിനകം തന്നെ ഒസിരിസ്‌റെക്‌സ് എന്ന ബഹിരാകാശ പേടകത്തെ അയച്ചിട്ടുണ്ട്. 2020 ഒക്ടോബറില്‍ ഒസിരിസ്‌റെക്‌സ് ബെന്നുവിനു മുകളില്‍ എത്തി, അതിന്റെ ഉപരിതലത്തില്‍ നിന്ന് 10 അടി (3 മീറ്റര്‍) താഴെ നിന്നും പാറയും മണ്ണും ശേഖരിക്കാന്‍ തയ്യാറെടുക്കുന്നു. 2023 ല്‍ ഒസിരിസ്‌റെക്‌സ് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.

ചിത്രം: പ്രതീകാത്മകം

click me!