
ന്യൂയോര്‍ക്ക്: ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ.പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, പേര് വെളിപ്പെടുത്തിയെങ്കിലും എന്തായിരുന്നു പ്രശ്നമെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അടിയന്തര വൈദ്യസഹായം വേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മാത്രമാണ് വിശദീകരണം. മൈക്ക് ഫിൻകെയുടെ അഭ്യർത്ഥന പ്രകാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. ജനുവരി ഏഴാം തീയതിയാണ് പ്രശ്നമുണ്ടായതെന്ന് മൈക്ക് ഫിൻകെ അറിയിച്ചു.
ജനുവരി പതിനഞ്ചിനാണ് ക്രൂ 11 സംഘം തിരികെ ഭൂമിയിലെത്തിയത്. ഫെബ്രുവരിയിൽ തിരിച്ചുവരേണ്ടിയിരുന്ന സംഘത്തിന്‍റെ ദൗത്യം പ്രതിസന്ധി കാരണം വെട്ടിച്ചുരുക്കുകയായിരുന്നു. തന്‍റെ സഹ ആസ്ട്രനോട്ടുകൾക്ക് മൈക്ക് ഫിൻകെ നന്ദി പറഞ്ഞു. നാസ, സ്പേസ് എക്സ് ടീമുകൾക്കും നന്ദിയുണ്ടെന്നും നിലവിൽ തന്റെ ആരോഗ്യം തൃപ്തികരമെന്നും മൈക്ക് അറിയിച്ചു. ഭൂമയിലെ സാഹചര്യവുമായി വീണ്ടും പൊരുത്തപ്പെടാനുള്ള പുനരധിവാസ പ്രക്രിയ തുടരുകയാണെന്നും മൈക്ക് പറഞ്ഞു. ഇപ്പോഴും ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലാണ് മൈക്ക് ഉള്ളത്. ഫിൻകെയുടെ മൂന്നാം ബഹിരാകാശ ദൗത്യമായിരുന്നു ക്രൂ 11.