ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാർക്ക് തൊഴിലോ ആനുകൂല്യങ്ങളോ നഷ്ടപ്പെടില്ലെന്നും ചെയർമാൻ വി. നാരായണൻ ഉറപ്പ് നൽകി. ഇൻസ്പേസ് നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ജീവനക്കാരുടെ സംഘടനകൾക്ക് മറുപടിയായാണ് അദ്ദേഹം വീഡിയോ കോൺഫ്രൻസിലൂടെ സംസാരിച്ചത്.
ബെംഗളൂരു: ഐഎസ്ആർഒ ജീവനക്കാരുടെ സംഘടനകളുടെ കത്തിന് പിന്നാലെ എല്ലാ ഇസ്രൊ കേന്ദ്രങ്ങളിലെയും ജീവനക്കാരുമായി പ്രത്യേക വീഡിയോ കോൺഫ്രൻസ് നടത്തി ചെയർമാൻ വി നാരായണൻ. ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും പ്രത്യേക സന്ദേശത്തിൽ ചെയർമാൻ വ്യക്തമാക്കി. തൊഴിൽ നഷ്ടമുണ്ടാകില്ല, ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല എന്നീ ഉറപ്പുകള്‍ നൽകിയ ചെയർമാൻ നാരായണൻ, ഐഎസ്ആർഒ സർക്കാർ സംവിധാനമാണെന്നും പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയെന്നും വ്യക്തമാക്കി.
ജീവനക്കാരുടെ തൊഴിൽ മികവിന് സാമ്പത്തികമായി കൂടി പ്രതിഫലം നൽകുന്ന പെർഫോമൻസ് റിലേറ്റഡ് ഇൻസെന്റീവ് സ്കീം തുടരുമെന്നും ചെയർമാൻ ജീവനക്കാർക്ക് വാക്ക് നൽകി. ആൾക്ഷാമം പരിഹരിക്കാൻ പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ തുടരുകയാണെന്നും ഇന്ന് നാരായണൻ വ്യക്തമാക്കി. ഇന്ന് രാവിലെ 11.30യ്ക്കായിരുന്നു ആഭ്യന്തര വീഡിയോ കോൺഫ്രൻസ് വഴിയുള്ള നാരായണൻ്റെ അഭിസംബോധന. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇൻസ്പേസ് താൽപര്യപത്രം ക്ഷണിക്കുകയും ഇസ്രൊ ഇത്തരം ജോലികളിൽ നിന്ന് പിന്‍മാറുമെന്ന് ഇൻസ്പേസ് മേധാവി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടന ചെയർമാന് ആശങ്കയറിയിച്ച് കത്തെഴുതിയത്.
