
തിരുവനന്തപുരം: 'ലാനിന വരുന്നു, കേരളത്തിൽ കൊടുംതണുപ്പ് അഥവാ അതിശൈത്യമുണ്ടാകും'- എന്ന തരത്തിൽ സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും വാർത്തകൾ നൽകി ദിവസങ്ങളായി ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ലാനിനയോടെ തണുപ്പേറുമെന്ന വാർത്ത അനേകായിരം വാട്സ്ആപ്പ് അക്കൗണ്ടുകളിൽ ഇപ്പോഴും കറങ്ങിനടക്കുന്നു. ലാനിന പ്രതിഭാസം വരുന്നതോടെ ഇത്തരമൊരു അസാധാരണ സാഹചര്യം കേരളത്തിലുണ്ടാവുമോ? അതോ, പസഫിക് സമുദ്രത്തിൽ സാധാരണയായി ഉണ്ടാവാറുള്ള ലാനിനയെ മലയാളി പേടിക്കേണ്ടതില്ലേ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം ലാനിന സാഹചര്യം വിശദീകരിക്കുന്നു.
മാധ്യമങ്ങൾ കഴിഞ്ഞ കുറച്ചു ദിവസമായി ഇതുവരെ സംഭവിക്കാത്ത അതിഭീകര സാഹചര്യം വരുന്നു എന്ന രീതിയിലാണ് വാർത്തകൾ കൊടുത്തുകൊണ്ടിരിക്കുന്നത്. ലാനിന, എൽ നിനോ പ്രതിഭാസങ്ങൾ പസഫിക് സമുദ്രത്തിൽ സാധാരണയായി ഉണ്ടാകുന്നതാണ്. അതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസവും വളരെ സാധാരണമാണെന്ന് രാജീവൻ എരിക്കുളം പറയുന്നു. എന്താണ് ലാനിന, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) തുടങ്ങിയ സമുദ്ര പ്രതിഭാസങ്ങളെന്ന് വിശദമായി നോക്കാം.
പസഫിക് സമുദ്രത്തിലെ മധ്യ കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തുള്ള സമുദ്രോപരിതലത്തിലെ താപനില സാധാരണ നിലയേക്കാൾ തണുക്കുമ്പോഴുള്ള പ്രതിഭാസമാണ് ലാനിന (La Nina ). ഇത് എൽ നിനോ (El Nino) എന്ന പ്രതിഭാസത്തിന് നേർ വിപരീതമാണ്. അമേരിക്ക, ഇന്ത്യൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിവിധ കാലാവസ്ഥ ഏജൻസികൾ ഡിസംബർ വരെയുള്ള തുലാവർഷ സീസണിൽ പസഫിക് സമുദ്രത്തിൽ ലാനിന പ്രതിഭാസം രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കുന്നു.
ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD)
ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെ താപനിലയിലുള്ള വ്യത്യാസമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പ്രതിഭാസം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താപനില കുറയുകയും കിഴക്ക് ഭാഗത്ത് കൂടുകയും ചെയ്താൽ നെഗറ്റീവ് IOD എന്നും തിരിച്ചായാൽ പോസിറ്റീവ് IOD എന്നും അറിയപ്പെടുന്നു. സാധാരണ പോസിറ്റീവ് IOD കാലവർഷ സമയത്തു കേരളത്തിൽ കൂടുതൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. നിലവിലെ പ്രവചന പ്രകാരം തുലാവർഷ സമയത്ത് നെഗറ്റീവ് IOD-യിലേക്ക് മാറാനാണ് സാധ്യത. കേരളത്തിൽ രണ്ടു IOD സാഹചര്യങ്ങളിലും നല്ല രീതിയിൽ തുലാവർഷമഴ ലഭിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം.
തണുപ്പും മഴയും
സാധാരണ ലാനിനാ വർഷങ്ങളിൽ ഉത്തരേന്ത്യയിൽ സാധാരണയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ കേരളത്തിൽ ഇത്തവണ ലാനിനാ സമയങ്ങളിൽ മഴക്കാലം ആയതിനാൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതോടൊപ്പം ലാനിനാ സാഹചര്യം ഡിസംബർ-ജനുവരി മാസങ്ങളിൽ തുടരുകയും കിഴക്കൻ കാറ്റ് ശക്തമാകുകയും ചെയ്താൽ ഉത്തരേന്ത്യയിലെ തണുത്ത കാറ്റ് തെക്കേ ഇന്ത്യയിലേക്ക് നീങ്ങാൻ തടസ്സമാകുകയും ചെയ്യും. അല്ലെങ്കിൽ തണുപ്പ് കൂടുതൽ അനുഭവപ്പെടാൻ സാധ്യത. എങ്കിലും അസാധാരണമായ തോതിൽ തണുപ്പ് കേരളത്തിൽ അനുഭവപ്പെടുമോ എന്ന് ഇപ്പോൾ പറയാനാവില്ല. നിലവിൽ ലാനിന പ്രവചിച്ച സമയത്ത് കേരളത്തിൽ തുലാവർഷ സീസണും മഴയുമായിരിക്കും എന്നതാണ് ഇതിന് കാരണം.
ഇത്തവണ കേരളത്തിൽ തുലാവർഷ സീസണിൽ ലാനിനാ + നെഗറ്റീവ് IOD സാഹചര്യമായിരിക്കുമുണ്ടാവുക. സാധാരണ ഈ സാഹചര്യങ്ങളിൽ തമിഴ്നാട്, തെക്കൻ കർണാടക, ആന്ധ്രാ, തെലുങ്കാന മേഖലയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 2021-ൽ സമാന സാഹചര്യത്തിൽ കേരളത്തിൽ റെക്കോർഡ് തുലാവർഷം ലഭിച്ചിരുന്നു. എന്നാൽ 2022-ൽ സാധാരണ മഴ മാത്രമാണ് ലഭിച്ചത്. എൽനിനോ വർഷങ്ങളിലും കേരളത്തിൽ കൂടുതൽ തുലാവർഷ മഴ ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അതായത്, കേരളത്തിൽ ലാനിനയിലും എൽ നിനോ സീസണിലും മികച്ച തുലാവർഷം ലഭിച്ച ചരിത്രമുണ്ട്.
വിവിധ കാലാവസ്ഥാ മോഡലുകൾ ഇത്തവണ കേരളത്തിൽ മികച്ച തുലാവർഷ മഴ സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ തുലാവർഷ മഴ കൂടുതലായും ബംഗാൾ ഉൾക്കടലിൽ ഈ കാലയളവിൽ ന്യുനമർദം/ചുഴലിക്കാറ്റ് രൂപപ്പെടുന്ന സ്ഥലം, അവയുടെ സഞ്ചാര പാത, ആഗോള മഴ പാത്തി, MJO തുടങ്ങിയ വിവിധ പ്രാദേശിക അന്തരീക്ഷ സാഹചര്യങ്ങൾ എന്നിവയെക്കൂടി ആശ്രയിച്ചിരിക്കും. സാധാരണയായി ലാനിന വർഷങ്ങളിൽ തണുപ്പ് കൂടുതൽ ഉണ്ടാകാറുണ്ട്. എങ്കിലും ലാനിന വരുന്നതോടെ കൊടുതണുപ്പ് കേരളത്തിലുണ്ടാകുമെന്ന ഇപ്പോഴത്തെ പ്രചാരണങ്ങളും നിഗമനങ്ങളും അസ്ഥാനത്താണ്. ലാനിന പ്രവചിച്ചിരിക്കുന്ന സമയം കേരളത്തിൽ തുലാവർഷക്കാലമാണ് എന്നതുതന്നെ പ്രധാന കാരണം. കേരളത്തിലെ ലാനിന സമയത്തെ തണുപ്പ് ആ സമയങ്ങളിൽ ലഭിക്കുന്ന മഴയെക്കൂടി ആശ്രയിച്ചിരിക്കും. അതേസമയം, ലാനിന വരുന്നത് വടക്കേയിന്ത്യയിൽ തണുപ്പുകാലത്തായതിനാൽ അവിടെ അതിശൈത്യത്തിന് സാധ്യതയേറെയാണ് എന്നും കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നു. എന്തായാലും, സോഷ്യൽ മീഡിയയയും ഓൺലൈൻ മാധ്യമങ്ങളും പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്നത് പോലെയൊരു ലാനിന സാഹചര്യം കേരളത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.