
തിരുവനന്തപുരം: ഭൂമിക്ക് ഒരു പുതിയ താൽക്കാലിക അർദ്ധ ചന്ദ്രനെ അഥവാ മിനി-മൂണിനെക്കൂടി കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 2025 പിഎന്‍7 (2025 PN7) എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ ഛിന്നഗ്രഹം അടുത്തിടെ ഭൂമിയുടെ ഭ്രമണപഥത്തിൽ ചേർന്നു. ഏകദേശം 62 അടി വ്യാസമാണ് ഈ ക്വാസി മൂണിന് കണക്കാക്കുന്നത്. ഈ അർദ്ധചന്ദ്രൻ 2080 വരെ ഇതുപോലെ ഭ്രമണം ചെയ‌്തുകൊണ്ടിരിക്കും എന്നും 'മീറ്റ് അർജുന്‍ 2025 പിഎൻ7' എന്ന പുതിയ ഗവേഷണ പ്രബന്ധം പറയുന്നു.
2025-ൽ കണ്ടെത്തിയ പിഎന്‍7 ഛിന്നഗ്രഹം അർജുന ക്ലാസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഛിന്നഗ്രഹ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥങ്ങളിൽ സൂര്യനെ ചുറ്റുന്ന വസ്‍തുക്കൾ ഉൾപ്പെടുന്ന ഗ്രൂപ്പാണിത്. ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ യഥാർഥ ഉപഗ്രഹമായ ചന്ദ്രനെപ്പോലെ ഭൂമിയുമായി ഗുരുത്വാകർഷണത്താൽ ബന്ധിക്കപ്പെട്ടിട്ടില്ല. പക്ഷേ അവ വളരെക്കാലം നമുക്ക് ചുറ്റും തങ്ങിനിൽക്കുകയും ഭൂമിയെ ചുറ്റുന്നതായി തോന്നിപ്പിക്കുന്ന ലൂപ്പിംഗ് പാതകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ ഛിന്നഗ്രഹങ്ങള്‍ യഥാർഥത്തിൽ സൂര്യനെ ചുറ്റുകയാണ് ചെയ്യുന്നത്.
2025 പിഎന്‍7: ഒരു ബസിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം
2025 പിഎന്‍7 എന്നത് ഏകദേശം 62 അടി വ്യാസമുള്ള ഒരു ചെറിയ ക്വാസി-ചന്ദ്രനാണ്. ഏകദേശം ഒരു വലിയ ബസിന് തുല്യമാണ് ഈ വലിപ്പം. ഇതിന്‍റെ മാഗ്നിറ്റ്യൂഡ് 26 ആണ്. അതായത് ഈ ക്വാസി മൂൺ വളരെ മങ്ങിയതും സാധാരണ അമച്വർ ദൂരദർശിനികൾ വഴി നിരീക്ഷിക്കാൻ പ്രയാസവുമാണ്. പിഎന്‍7 പോലുള്ള അർദ്ധചന്ദ്രന്മാർ സൂര്യനെ തുടർച്ചയായി പരിക്രമണം ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അവയുടെ പരിക്രമണ കാലയളവ് ഭൂമിയുടേതിന് സമാനമാണ്. ഏകദേശം ഒരു വർഷത്തിനുള്ളിൽ സൂര്യനെ പരിക്രമണം ചെയ്യുന്നു. എങ്കിലും, അവയുടെ ഭ്രമണപഥങ്ങൾ അല്‍പം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ അവ അടുത്തേക്ക് വരികയും ചിലപ്പോൾ കാലക്രമേണ കൂടുതൽ അകന്നുപോകുകയും ചെയ്യുന്നു.
ഭൂമിയുടെ ഇത്തരം വിചിത്രമായ സഹചാരി ഛിന്നഗ്രഹങ്ങളുടെ കഥ ആരംഭിച്ചത് '1991 VG'-യുടെ കണ്ടെത്തലോടെയാണ്. ഭൂമിയുടേതുപോലുള്ള ഭ്രമണപഥമുള്ള ആദ്യത്തെ ഛിന്നഗ്രഹമായിരുന്നു 1991 വിജി. അക്കാലത്ത്, അതിന്റെ അടുത്ത സമീപനം ശാസ്ത്രജ്ഞരെ നിരവധി വിചിത്രമായ സിദ്ധാന്തങ്ങളിലേക്ക് നയിച്ചു. 1991 വിജി അന്യഗ്രഹ പേടകമാകാനുള്ള സാധ്യതയും അക്കാലത്തെ വിചിത്ര വാദങ്ങളിൽ ഉൾപ്പെട്ടിരുന്നു.