എല്ലാ ചുവടുകളും അതീവ ശ്രദ്ധയോടെ; ഗഗൻയാൻ ആളില്ലാ ദൗത്യം ഡിസംബറില്‍ നടന്നേക്കില്ല

Published : Oct 24, 2025, 09:52 AM ISTUpdated : Oct 24, 2025, 10:09 AM IST
gaganyaan mission

Synopsis

ഗഗൻയാൻ ആളില്ലാ ദൗത്യം പ്രതീക്ഷിച്ചതിലും വൈകും. ആദ്യ ആളില്ലാ ദൗത്യം ഡിസംബറില്‍ നടക്കില്ല. എല്ലാ ചുവടും അതീവ ശ്രദ്ധയോടെ മാത്രമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍റെ വാക്കുകള്‍. 

ബെംഗളൂരു: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം വൈകിയേക്കും. 90 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും വെല്ലുവിളികളേറെ ഉള്ളതിനാൽ ശ്രദ്ധയോടെയാണ് കന്നി ഗഗന്‍യാന്‍ ദൗത്യത്തിനായി മുന്നോട്ട് പോകുന്നതെന്ന് ഇസ്രൊ ചെയർമാൻ ഡോ.വി. നാരായണൻ ബെംഗളൂരുവിൽ പറഞ്ഞു. അമേരിക്കൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള ബ്ലൂബേ‍ർഡ് 6 സാറ്റ്‌ലൈറ്റ് വിക്ഷേപണം ഈ വർഷം അവസാനം ഉണ്ടാകുമെന്നും ഇസ്രൊ ചെയര്‍മാന്‍ അറിയിച്ചു.

ഗഗന്‍യാന്‍ ദൗത്യം വൈകാനിട

ഡിസംബറിൽ ഗഗൻയാൻ ആളില്ലാ ദൗത്യം ഉണ്ടാകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്നാക്കം പോകുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. എല്ലാം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും സുരക്ഷയിൽ വിട്ടുവീഴ്‌ചകൾക്കില്ലെന്നുമാണ് ഡോ. വി. നാരായണന്‍റെ വിശദീകരണം. ഇന്ത്യൻ ഗഗനയാത്രികളെ ബഹിരാകാശത്തേക്ക് അയക്കുന്ന മനുഷ്യ യാത്രാ ദൗത്യം 2027-ൽ ഉണ്ടാകുമെന്ന് ഡോ. വി. നാരായണൻ ആവർത്തിച്ചു. അതിന് മുൻപ് മൂന്ന് അളില്ലാ ദൗത്യങ്ങൾ നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. കന്നി ആളില്ലാ ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോംമിത്ര റോബോട്ടിനെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കും.

ബ്ലൂബേ‍ർഡ് 6 സാറ്റലൈറ്റ് വിക്ഷേപണം ഈ വര്‍ഷം അവസാനം

നാസയുടെ സഹകരണത്തോടെയുള്ള നാസ-ഇസ്രൊ സിന്തറ്റിക് അപ്പേർച്ചർ റഡാ‍ർ ഉപഗ്രഹം എൻഐ സാറിന്‍റെ വിജയത്തിന് പിന്നാലെ അമേരിക്കയെ കൂട്ടുപിടിച്ചുള്ള അടുത്ത വിക്ഷേപണം ഉടൻ ഉണ്ടാകുമെന്നും ഡോ. വി. നാരായണൻ പ്രഖ്യാപിച്ചു. 6.5 ടൺ ഭാരമുള്ള ബ്ലൂബേ‍ർഡ് 6 സാറ്റലൈറ്റ് വിക്ഷേപണം ഈ വർഷം ഒടുവിൽ നടക്കും. എന്‍ ഐ സാര്‍ സാറ്റലൈറ്റിന്‍റെ ഇതേവരെയുള്ള പ്രവർത്തനം മികവുറ്റതാണെന്നും പ്രവർത്തന സജ്ജമായെന്നുള്ള പ്രഖ്യാപനം രണ്ടാഴ്‌ചയ്ക്കകം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഗഗന്‍യാന്‍ ദൗത്യം?

ഇന്ത്യക്കാരായ മൂന്ന് പേരെ ഇസ്രൊയുടെ സ്വന്തം ബഹിരാകാശ വാഹനത്തില്‍ ഇന്ത്യയില്‍ നിന്ന് തന്നെ വിക്ഷേപിച്ച് ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാന്‍ മിഷന്‍റെ ലക്ഷ്യം. ഈ മൂവര്‍ സംഘം മൂന്ന് ദിവസം 400 കിലോമീറ്റര്‍ അകലെയുള്ള ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ ചിലവഴിക്കും. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി വ്യോംമിത്ര റോബോട്ടിനെ ആളില്ലാ പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് ഇസ്രൊ അയക്കും. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റ് അടുത്തിടെ ഇസ്രൊ വിജയിപ്പിച്ചിരുന്നു. ഗഗന്‍യാന്‍ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്‌ണൻ, വിംഗ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവരെയാണ് ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിട്ടുള്ളത്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും