
ബെയ്‌ജിങ്: സ്വകാര്യ ചൈനീസ് ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗാലക്‌റ്റിക് എനർജിയുടെ സോളിഡ്-ഫുവല്‍ റോക്കറ്റായ Ceres-1-ന്‍റെ 22-ാം വിക്ഷേപണം പരാജയം. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളുമായി ജൂക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്‌ച കുതിച്ചുയര്‍ന്ന റോക്കറ്റിന്‍റെ ആദ്യ മൂന്ന് ഭാഗങ്ങളും വിജയകരമായി വേര്‍പ്പെട്ടെങ്കിലും നാലാമത്തെയും അവസാനത്തെയും ഘട്ടം പരാജയപ്പെടുകയായിരുന്നു. ഇതോടെ മൂന്ന് പേലോഡുകളും നഷ്‌ടമായി. ഇവയില്‍ രണ്ട് സാറ്റ്‌ലൈറ്റുകള്‍ ചൈനയുടെ ജിലിന്‍-1 ഉപഗ്രഹ ശൃംഖലയില്‍പ്പെട്ടതാണ്. 22 വിക്ഷേപണങ്ങള്‍ക്കിടെ രണ്ടാം തവണയാണ് സീറീസ്-1 പരാജയപ്പെടുന്നത്.
സീറീസ്-1 റോക്കറ്റ് വീക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെ ക്ഷമാപണവുമായി ഗാലക്‌റ്റിക് എനർജി രംഗത്തെത്തി. ദൗത്യത്തിന്‍റെ ഉപഭോക്താക്കളോടും ഗാലക്‌റ്റിക് എനർജിയെ പിന്തുണയ്ക്കുന്ന എല്ലാവരോടും ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു എന്നാണ് കമ്പനിയുടെ പ്രതികരണം. ഈ വിക്ഷേപണ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, Ceres-1 റോക്കറ്റ് മോടിപിടിപ്പിക്കുമെന്നും ഗാലക്‌റ്റിക് എനർജി അറിയിച്ചു.
62 അടി അഥവാ 19 മീറ്റര്‍ ഉയരമുള്ള റോക്കറ്റാണ് സീറീസ്-1. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 400 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. 2020 നവംബര്‍ ഏഴിന് കന്നി വിക്ഷേപണത്തിനായി ഉപയോഗിച്ച സീറീസ്-1 റോക്കറ്റ് 2023 സെപ്റ്റംബറില്‍ ആദ്യമായി പരാജയം രുചിക്കുന്നത് വരെ തുടര്‍ച്ചയായി 9 വിക്ഷേപണങ്ങള്‍ വിജയമാക്കിയ റോക്കറ്റാണ്. 2023ലെ പരാജയത്തിന് ശേഷവും തുടര്‍ച്ചയായി 11 വട്ടം വിജയിച്ച് Ceres-1 ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഞായറാഴ്‌ച നടന്ന വിക്ഷേപണം പരാജയപ്പെടുകയായിരുന്നു. ആകെ 22 ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് ഉപയോഗിച്ച സീറീസ്-1ന്‍റെ രണ്ട് ദൗത്യങ്ങളാണ് ഇതുവരെ പരാജയപ്പെട്ടത്.
സീറീസ്-1നേക്കാള്‍ കരുത്തുറ്റ Ceres-2 and Pallas-1 എന്നീ റോക്കറ്റുകള്‍ വികസിപ്പിക്കുകയുമാണ് ഗാലക്‌റ്റിക് എനർജി. സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9ന് സമാനമായി ആദ്യഘട്ടം പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് Pallas-1 റോക്കറ്റ് തയ്യാറാക്കുന്നത്.