ഉപഗ്രഹങ്ങൾ കൊണ്ട് ആകാശം നിറയുന്നു, വരുന്നത് ഗുരുതര ഭീഷണിയെന്ന് മുന്നറിയിപ്പ്

Published : Jul 02, 2026, 08:26 AM IST
Satellites, Pakistan Satellites Monitoring India Every 48 Hours Report Claims, Satellites Issues, Satellites Impact, Orbital Mirrors Impact

Synopsis

ഭൂമിയെ ചുറ്റിയുള്ള ഉപഗ്രഹങ്ങളുടെ എണ്ണം വർധിക്കുന്നത് ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഗുരുതര ഭീഷണിയാകുന്നുവെന്ന് യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ഗവേഷകർ. ഉപഗ്രഹങ്ങൾ സൃഷ്ടിക്കുന്ന പ്രകാശ മലിനീകരണവും ദൂരദർശിനി ചിത്രങ്ങളിലെ തടസ്സങ്ങളും നിരീക്ഷണങ്ങളെ ദുഷ്‍കരമാക്കുന്നു.  

ഭൂമിയെ ചുറ്റിയുള്ള ഉപഗ്രഹങ്ങളുടെ എണ്ണം അതിവേഗം വർധിക്കുന്നത് ഭാവിയിൽ ലോക ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഗുരുതര പ്രതിസന്ധി സൃഷ്‍ടിക്കുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി (ESO)യിലെ ശാസ്ത്രജ്ഞർ ആണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആസ്‍ട്രോണമി ആൻഡ് ആസ്‍ട്രോഫിസിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ലക്ഷക്കണക്കിന് ഉപഗ്രഹങ്ങളും ആയിരക്കണക്കിന് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ഓർബിറ്റ് മിററുകളും ഭ്രമണപഥത്തിൽ എത്തുകയാണെങ്കിൽ ഭാവിയിൽ അത്യാധുനിക ദൂരദർശിനികളുടെ പ്രവർത്തനം തന്നെ ദുഷ്‍കരമാകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പഠനത്തിന് നേതൃത്വം നൽകിയ ഇഎസ്ഒയിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഒലിവിയർ ഹൈനോയുടെ നേതൃത്വത്തിലായിരുന്നു ഈ പഠനം. കമ്പ്യൂട്ടർ മാതൃകകൾ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളുടെ എണ്ണവും അവയുടെ തിളക്കവും ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഒലിവിയർ ഹൈനോയും സംഘവും വിലയിരുത്തിയത് എന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു ലക്ഷം ഉപഗ്രഹങ്ങൾ മാത്രമുണ്ടാകുകയും അവയുടെ തിളക്കം വളരെ കുറഞ്ഞതായിരിക്കുകയുമെങ്കിൽ നിരീക്ഷണങ്ങൾ തുടരാനാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്നാൽ കൂടുതൽ തിളക്കമുള്ള ഉപഗ്രഹങ്ങൾ വർധിച്ചാൽ നിരീക്ഷണങ്ങൾക്ക് ആവശ്യമായ എക്‌സ്‌പോഷർ സമയം കൂടുകയും ഗവേഷണച്ചെലവ് ഗണ്യമായി ഉയരുകയും ചെയ്യും.

ഉപഗ്രഹങ്ങൾ പ്രധാനമായും രണ്ട് രീതിയിലാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനാൽ രാത്രിയിലെ ആകാശത്തിന്റെ സ്വാഭാവിക ഇരുട്ട് കുറയുകയും പ്രകാശ മലിനീകരണം വർധിക്കുകയും ചെയ്യുന്നു. കൂടാതെ, ഉപഗ്രഹങ്ങൾ ദൂരദർശിനികളുടെ ചിത്രങ്ങളിൽ പ്രകാശരേഖകൾ സൃഷ്‍ടിക്കുകയും ഇത് ശാസ്ത്രീയ നിരീക്ഷണങ്ങളുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. പ്രകാശ മലിനീകരണം 10 ശതമാനത്തിൽ കൂടുതൽ വർധിക്കുന്നത് തന്നെ ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഗുരുതര തിരിച്ചടിയാണെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കൻ കമ്പനിയായ റിഫ്ലക്റ്റ് ഓർബിറ്റൽ മുന്നോട്ടുവച്ചിരിക്കുന്ന ബഹിരാകാശ കണ്ണാടി (Orbital Mirror) പദ്ധതിയാണ് ഗവേഷകരെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. രാത്രിയിൽ സൗരോർജ നിലയങ്ങൾക്ക് വെളിച്ചം എത്തിക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങൾ പ്രകാശിപ്പിക്കുന്നതിനുമായി 50,000 പ്രതിഫലന ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇത്തരം ഉപഗ്രഹങ്ങൾ പൂർണചന്ദ്രനെക്കാൾ തിളക്കമുള്ളതായി ദൃശ്യമാകുമെന്നും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും അവ വ്യക്തമായി കാണാൻ സാധിക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ഭ്രമണപഥത്തിൽ വലിയ തോതിൽ ഡാറ്റാ സെന്റർ ഉപഗ്രഹങ്ങൾ സ്ഥാപിക്കാനുള്ള നീക്കങ്ങളും ശാസ്ത്രലോകത്തിന്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. വിവിധ ഉപഗ്രഹ പദ്ധതികളുടെ ആകെ എണ്ണം ഒരു ലക്ഷത്തിൽ താഴെയായി നിലനിർത്തണമെന്നാണ് ഗവേഷകരുടെ നിർദേശം. അല്ലാത്തപക്ഷം, ഭാവിയിൽ രാത്രിയാകാശത്തിന്റെ സ്വാഭാവിക സൗന്ദര്യവും അതിലൂടെ നടക്കുന്ന നിർണായക ജ്യോതിശാസ്ത്ര ഗവേഷണങ്ങളും ഗുരുതരമായി ബാധിക്കപ്പെടുമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ശാസ്ത്രസംഘടനകൾ ഇതിനകം തന്നെ ഇത്തരം പദ്ധതികൾക്കെതിരെ നിയന്ത്രണ ഏജൻസികളിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ജെയിംസ് വെബ് ദൂരദർശിനിയുടെ അത്ഭുത കണ്ടെത്തൽ; പരസ്‍പരം ലയിക്കുന്ന ആറു ഗാലക്സികൾ
ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി