ഗാലക്‌സിക്ക് മുമ്പേ ജനിച്ച ഭീമൻ ബ്ലാക്ക് ഹോൾ? ജെയിംസ് വെബ് കണ്ടെത്തൽ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നു

Published : Jun 01, 2026, 12:31 PM IST
Galaxy

Synopsis

ജെയിംസ് വെബ് ദൂരദർശിനിയുടെ പുതിയ കണ്ടെത്തൽ പ്രപഞ്ചശാസ്ത്രത്തിലെ നിലവിലെ ധാരണകളെ ചോദ്യം ചെയ്യുന്നു. ഗാലക്സികൾക്ക് മുമ്പേ അതിവിശാലമായ ബ്ലാക്ക് ഹോളുകൾ രൂപംകൊണ്ടിരിക്കാം എന്ന സൂചനയാണ് 'അബെൽ 2744-QSO1' എന്ന വസ്തുവിനെക്കുറിച്ചുള്ള പഠനം നൽകുന്നത്.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) നടത്തിയ ഏറ്റവും പുതിയ കണ്ടെത്തൽ പ്രപഞ്ചശാസ്ത്രത്തിലെ ഒരു പഴക്കമേറിയ സിദ്ധാന്തത്തെ ചോദ്യം ചെയ്യുകയാണ്. സാധാരണയായി, ഗാലക്‌സികൾ രൂപംകൊണ്ടതിന് ശേഷമാണ് അവയുടെ കേന്ദ്രങ്ങളിൽ അതിവിശാലമായ ബ്ലാക്ക് ഹോളുകൾ വളരുന്നത് എന്നായിരുന്നു ശാസ്ത്രലോകത്തിന്‍റെ ധാരണ. എന്നാൽ, പുതിയ പഠനം പ്രകാരം ഒരു ഗാലക്‌സി പൂർണമായി രൂപംകൊള്ളുന്നതിന് മുമ്പേ തന്നെ അതിന്‍റെ കേന്ദ്രത്തിലെ ബ്ലാക്ക് ഹോൾ നിലവിൽ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.

മെയ് 27-ന് നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നിർണായക കണ്ടെത്തലിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. 'അബെൽ 2744-QSO1' എന്ന വസ്തുവാണ് ഗവേഷണത്തിന്‍റെ കേന്ദ്രബിന്ദുവായിരിക്കുന്നത് എന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ജെയിംസ് വെബ് ദൂരദർശിനി 2022-ൽ കണ്ടെത്തിയ 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്നറിയപ്പെടുന്ന അതിപുരാതന വസ്‌തുക്കളുടെ കൂട്ടത്തിൽപ്പെടുന്നതാണ് ഇത്. പ്രപഞ്ചം രൂപംകൊണ്ടതിന് ഏകദേശം 700 ദശലക്ഷം വർഷങ്ങൾക്കുശേഷമുള്ള അവസ്ഥയെയാണ് ഈ വസ്‌തു പ്രതിനിധീകരിക്കുന്നത്.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) യിലെ എൻഐആർസ്‌പെക് (NIRSpec) ഉപകരണം ഉപയോഗിച്ച് ഗവേഷകർ ബ്ലാക്ക് ഹോളിന് ചുറ്റുമുള്ള വാതകത്തിന്‍റെ ചലനം വിശദമായി നിരീക്ഷിച്ചു. നക്ഷത്രങ്ങളെ ചുറ്റി ഗ്രഹങ്ങൾ സഞ്ചരിക്കുന്നതുപോലെ ബ്ലാക്ക് ഹോളിന് ചുറ്റും വാതകം ഭ്രമണം ചെയ്യുന്നതിന്‍റെ വേഗത അളന്നാണ് ബ്ലാക്ക് ഹോളിന്‍റെ ഭാരം കണക്കാക്കിയത്. പഠനഫലമനുസരിച്ച്, ഈ ബ്ലാക്ക് ഹോളിന്‍റെ ഭാരം സൂര്യന്‍റെ ഭാരത്തിന്‍റെ ഏകദേശം അഞ്ച് കോടി മടങ്ങാണ്.

അതിലും ശ്രദ്ധേയമായ കാര്യം, ഈ ബ്ലാക്ക് ഹോൾ മാത്രം തന്നെ QSO1 എന്ന സമ്പ്രദായത്തിന്‍റെ ആകെ ഭാരത്തിന്‍റെ ഏകദേശം 66 ശതമാനം വരെയാണെന്നതാണ്. ഇന്നത്തെ ഗാലക്‌സികളിൽ കാണുന്ന ബ്ലാക്ക് ഹോൾ-ഗാലക്‌സി അനുപാതത്തെ അപേക്ഷിച്ച് ഇത് ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ്. ഇതോടെ ബ്ലാക്ക് ഹോളുകൾ ഗാലക്‌സികൾക്കുള്ളിൽ രൂപപ്പെടുകയും പിന്നീട് ക്രമേണ വളരുകയും ചെയ്യുന്നു എന്ന പരമ്പരാഗത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുകയാണ്.

ഈ അസാധാരണ അവസ്ഥയ്ക്ക് വിശദീകരണമായി ശാസ്ത്രജ്ഞർ ചില പുതിയ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആദിമ പ്രപഞ്ചത്തിലെ വൻ വാതകമേഘങ്ങൾ നേരിട്ട് തകർന്നു ബ്ലാക്ക് ഹോളുകളായി മാറിയിരിക്കാം, അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഇതുവരെ മനസിലാക്കാത്ത ഒരു പ്രക്രിയയിലൂടെ ഇവ രൂപംകൊണ്ടിരിക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. കൂടുതൽ “ലിറ്റിൽ റെഡ് ഡോട്ട്സ്” വസ്‍തുക്കളെ പഠിച്ച് ഇത്തരം ബ്ലാക്ക് ഹോളുകൾ ആദിമ പ്രപഞ്ചത്തിൽ വ്യാപകമായിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകസംഘം . കണ്ടെത്തലുകൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഗാലക്സികളുടെയും അതിവിശാല ബ്ലാക്ക് ഹോളുകളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിവെക്കും.

PREV
Read more Articles on
click me!

Recommended Stories

പരീക്ഷണത്തിനിടെ തീഗോളമായി ന്യൂ ഗ്ലെൻ റോക്കറ്റ്; സ്വപ്‌നപദ്ധതികൾക്ക് തിരിച്ചടി
ചൊവ്വയുടെ അന്തരീക്ഷത്തിൽ അപൂർവ സൗരവാത പ്രഭാവം കണ്ടെത്തി നാസയുടെ മാവെൻ പേടകം