
പ്രപഞ്ചത്തിലെ ചില ഗ്രഹങ്ങൾ നമ്മുടെ നിലവിലെ ശാസ്ത്രീയ അറിവുകളെ തന്നെ ചോദ്യം ചെയ്യുകയാണ്. 2,615 പ്രകാശവർഷം അകലെയുള്ള കെപ്ലർ-51 സിസ്റ്റം എന്ന നക്ഷത്രസമൂഹത്തിൽ കണ്ടെത്തിയ മൂന്ന് 'സൂപ്പർ-പഫ്' ഗ്രഹങ്ങൾ അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നാസയുടെ കെപ്ലർ സ്‍പേസ് ടെലസ്‍കോപ്പ് ഉപയോഗിച്ചാണ് ഇവ ആദ്യം കണ്ടെത്തിയത്. വലുപ്പത്തിൽ ശനിയുടെ പോലെയെങ്കിലും ഇവയുടെ ഭാരം അതിശയകരമായ വിധത്തിൽ കുറഞ്ഞതാണ് എന്നാണ് റിപ്പോർട്ടുകൾ.
കെപ്ലർ-51 ബി, സി, ഡി എന്നീ ഗ്രഹങ്ങൾ ഭൂമിയുടെ ഏഴ് മുതൽ 10 മടങ്ങ് വരെ വലുപ്പമുള്ളവയാണ്. എന്നാൽ ഇവയുടെ ഭാരം ഭൂമിയുടെ 3.7 മുതൽ 5.6 മടങ്ങ് മാത്രമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, സമാന വലുപ്പമുള്ള ശനി ഗ്രഹത്തിന്‍റെ ഭാരം ഭൂമിയുടെ 95 മടങ്ങാണ്. പക്ഷേ ഈ ഗ്രഹങ്ങളുടെ സാന്ദ്രത വളരെ കുറഞ്ഞതാണ്. ഈ പ്രത്യേകത കാരണം ഇവയെ 'സൂപ്പർ-പഫ്' ഗ്രഹങ്ങൾ എന്ന് വിളിക്കുന്നു.
ഗ്രഹ രൂപീകരണ സിദ്ധാന്തങ്ങൾ പ്രകാരം, വലിയ ഗ്രഹങ്ങൾ ആദ്യം ദൃഢമായ ഒരു കോർ രൂപീകരിക്കുകയും പിന്നീട് ചുറ്റുമുള്ള വാതകങ്ങളെ ആകർഷിച്ച് വലിയ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ കെപ്ലർ-51 സിസ്റ്റത്തിലെ ഈ ഗ്രഹങ്ങൾക്കുള്ള കോർ വളരെ ചെറിയതും അന്തരീക്ഷം വളരെ വലുതുമായതിനാൽ, നിലവിലുള്ള സിദ്ധാന്തങ്ങൾ കൊണ്ട് ഇത് വിശദീകരിക്കാൻ ഗവേഷകർക്ക് കഴിയുന്നില്ല. കൂടാതെ ഇവ നമ്മുടെ സൗരയൂഥത്തിലെ ശുക്രനേക്കാൾ അടുത്തുകൂടിയാണ് അവരുടെ നക്ഷത്രത്തെ ചുറ്റുന്നത്. ഇത് ഇവയുടെ സ്വഭാവത്തെ കൂടുതൽ വിചിത്രമാക്കുന്നു എന്നും ഗവേഷകർ പറയുന്നു.
ഇതിനിടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ നിയർ ഇൻഫ്രാറെഡ് സ്പെക്‌ട്രോമീറ്റര്‍ ഉപയോഗിച്ച് ഈ ഗ്രഹങ്ങളുടെ അന്തരീക്ഷ ഘടന കണ്ടെത്താൻ ശാസ്ത്രജ്ഞർ ശ്രമിച്ചു. ഈ രാസഘടന കണ്ടെത്തിയാൽ ഈ നിഗൂഢത പരിഹരിക്കാനാകുമെന്നായിരുന്നു ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നത്. ഒരു ഗ്രഹം തന്റെ നക്ഷത്രത്തിന് മുൻപിലൂടെ കടന്നുപോകുമ്പോൾ, അതിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശം രാസഘടനയുടെ സൂചനകൾ നൽകും. എന്നാൽ ജെയിംസ് വെബ് ടെലിസ്‍കോപ്പിന് കെപ്ലർ-51 ഡിയുടെ അന്തരീക്ഷത്തിൽ നിന്ന് യാതൊരു വ്യക്തമായ സിഗ്നേച്ചറും കണ്ടെത്താനായില്ല. ഹൈഡ്രോകാർബൺ മൂടൽമഞ്ഞ് ഈ ഗ്രഹങ്ങളെ മൂടിയിരിക്കുന്നതാവാം ഇതിന് കാരണം എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ മറയ്ക്കുന്ന മൂടൽമഞ്ഞിന് സമാനമാണിത്. ഹൈഡ്രോകാർബൺ മൂടൽമഞ്ഞ് വളരെ കട്ടിയുള്ളതിനാൽ, പ്രകാശം കടന്നുപോകുന്നത് തടയപ്പെടുന്നു. ഇപ്പോൾ ശാസ്ത്രജ്ഞർ കെപ്ലർ-51 ബിയുടെ അന്തരീക്ഷ സിഗ്നേച്ചർ കണ്ടെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈ കണ്ടെത്തൽ, ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പുതുക്കേണ്ട സാഹചര്യം സൃഷ്‍ടിക്കുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു.