അന്താരാഷ്ട്ര നിലയത്തിൽ ഇടം കണ്ടെത്താനാവാതെ ഖിച്ച്ഡി, കാരണം വ്യക്തമാക്കി ശുഭാൻഷു ശുക്ല

Published : Jul 23, 2026, 01:04 PM IST
Khichdi varieties in India

Synopsis

കടുത്ത പരിശോധനകൾക്ക് ശേഷം മൂന്ന് വിഭവങ്ങൾക്ക് മാത്രമാണ് നാസ വിമാനയാത്രയ്ക്കുള്ള അന്തിമ അനുമതി നൽകിയത്. ഗാജർ കാ ഹൽവ, മൂംഗ് ദാൽ കാ ഹൽവ, ആം രസ് എന്നിവയായിരുന്നു ആ മൂന്ന് വിഭവങ്ങൾ

ഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയപ്പോൾ ചില ഇന്ത്യൻ വിഭവങ്ങളും ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ കൊണ്ടുപോകാൻ ഡിആർഡിഒ തയ്യാറാക്കിയ വിഭവങ്ങളിൽ മൂന്നെണ്ണത്തിന് മാത്രമാണ് അനുമതി നേടാനായത്. ഉത്തരേന്ത്യയിലെ ജനപ്രിയ വിഭവമായ ഖിച്ച്ഡി ഉൾപ്പെടെയുള്ളവ ഈ പട്ടികയിൽ നിന്ന് നാസ പുറംതള്ളപ്പെട്ടിരുന്നു. എന്നാൽ ഇഷ്ട വിഭവങ്ങൾക്ക് നാസ അനുമതി നിഷേധിച്ചതിനുള്ള കാരണങ്ങൾ വിശദമാക്കിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ല. ഒരു പോഡ്കാസ്റ്റിലാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ലയുടെ പ്രതികരണം. ഡിഫൻസ് ഫുഡ് റിസർച്ച് ലാബോറട്ടറിയാണ് ഗഗൻയാൻ അടക്കമുള്ള ബഹിരാകാശ ദൌത്യങ്ങളിൽ സഞ്ചാരികൾക്കായി ഭക്ഷണം തയ്യാറാക്കുന്നത്. 

നിരവധി ഇന്ത്യൻ വിഭവങ്ങൾ ബഹിരാകാശ യോഗ്യതാ പരിശോധനകൾക്കായി തയ്യാറാക്കിയിരുന്നു. എന്നാൽ കടുത്ത പരിശോധനകൾക്ക് ശേഷം മൂന്ന് വിഭവങ്ങൾക്ക് മാത്രമാണ് നാസ വിമാനയാത്രയ്ക്കുള്ള അന്തിമ അനുമതി നൽകിയത്. ഗാജർ കാ ഹൽവ, മൂംഗ് ദാൽ കാ ഹൽവ, ആം രസ് എന്നിവയായിരുന്നു ആ മൂന്ന് വിഭവങ്ങൾ. സാധാരണ പാചകം ചെയ്യുന്നതുപോലെ എളുപ്പമല്ല ബഹിരാകാശത്തേക്കുള്ള ഭക്ഷണം അംഗീകരിച്ചെടുക്കുന്നത്. ഖിച്ച്ഡി ഉൾപ്പെടെയുള്ള മറ്റ് വിഭവങ്ങൾ ഒഴിവാക്കപ്പെട്ടതിന് പ്രധാന കാരണം സമയക്കുറവായിരുന്നുവെന്ന് ശുഭാൻഷു ശുക്ല വിശദമാക്കുന്നത്. മറ്റ് വിഭവങ്ങളിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ടായിരുന്നുവെങ്കിലും, വിക്ഷേപണത്തിന് മുൻപ് ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ നിർബന്ധിത പരിശോധനകളും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് മൂന്ന് മധുരപലഹാരങ്ങൾക്ക് മാത്രമായിരുന്നു. 

ബഹിരാകാശത്തേക്ക് അയക്കുന്ന ഭക്ഷണം തണുപ്പിച്ചു സൂക്ഷിക്കാതെ തന്നെ മാസങ്ങളോളം കേടുകൂടാതെയും പോഷകസമൃദ്ധമായും ഇരിക്കേണ്ടതുണ്ട്. കൂടാതെ, റോക്കറ്റ് വിക്ഷേപണ സമയത്തുണ്ടാകുന്ന കടുത്ത പ്രകമ്പനങ്ങളെ അതിജീവിക്കാനും, ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ വായുവിൽ ഒഴുകിനടന്ന് ഉപകരണങ്ങൾക്ക് കേടുപാട വരുത്തുന്ന തരത്തിലുള്ള പൊടികളോ അധിക ഈർപ്പമോ ഉണ്ടാക്കാതിരിക്കാനും, ബാക്ടീരിയൽ, സൂക്ഷ്മാണു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ഈ ഭക്ഷണങ്ങൾക്ക് കഴിയേണ്ടതുണ്ടെന്നും ശുഭാൻഷു ശുക്ല പറയുന്നു. അനുമതി ലഭിച്ച ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങളും തനിക്ക് കഴിക്കാൻ സാധിച്ചില്ലെന്നും, അവ മുഴുവൻ ഒപ്പമുണ്ടായിരുന്ന മറ്റ് അന്താരാഷ്ട്ര ബഹിരാകാശ സഞ്ചാരികളുമായി പങ്കുവെക്കുകയായിരുന്നുവെന്നും ശുഭാൻഷു ശുക്ല പറഞ്ഞു. സഹപ്രവർത്തകർക്ക് ഈ വിഭവങ്ങൾ വളരെ ഇഷ്ടപ്പെട്ടു. ബഹിരാകാശ നിലയത്തിൽ വച്ച് ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നത് അതിമനോഹരമായ അനുഭവമായിരുന്നുവെന്ന് ശുഭാൻഷു ശുക്ല വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

'ചന്ദ്രേട്ടൻ' അവിടെയും?! ആ വിചിത്ര വസ്‍തു കണ്ട് കൺഫ്യൂഷനിൽ ശാസ്‍ത്രലോകം!
ഇടയ്ക്കിടെ ഇങ്ങനെ പലതും സംഭവിക്കുന്നതായി പ്രദേശവാസികൾ, കടൽത്തീരത്ത് കണ്ടെത്തിയ ലോഹഗോളങ്ങളിൽ ദുരൂഹത നീങ്ങുന്നില്ല