
ന്യൂയോര്‍ക്ക്: അറോറ അഥവാ ധ്രുവദീപ്‌തി (Aurora, Northern Lights) ഇന്ത്യക്കാര്‍ക്ക് കാണാന്‍ അധികം അവസരം ലഭിച്ചിട്ടില്ലാത്ത ബഹിരാകാശ പ്രതിഭാസമാണ്. നോര്‍ത്തേണ്‍ ലൈറ്റ്‌സിന്‍റെ പരിധിയില്‍ ഇന്ത്യ പൊതുവേ ഉള്‍പ്പെടാത്തതാണ് ഇതിന് കാരണം. വളരെ അപൂര്‍വമായി മാത്രം അതിശക്തമായ ഭൂകാന്തിര കൊടുങ്കാറ്റുകളുടെ സമയത്ത് ഡലാക്കില്‍ ധ്രുവദീപ്‌തി ദൃശ്യമാകാറുണ്ട്. എന്നാല്‍ അന്‍റാര്‍ട്ടിക്ക, നോര്‍വേ, അലാസ്‌ക, കാനഡ, ഐസ്‌ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് പതിവായി ദൃശ്യമാകാറുണ്ട്. ആകാശത്ത് പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളില്‍ കാണാറുള്ള ധ്രുവദീപ്‌തി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ എങ്ങനെയായിരിക്കും കാണാനാവുക? ആ മനോഹര കാഴ്‌ച പങ്കുവെച്ചിരിക്കുകയാണ് ഐഎസ്എസ് യാത്രികനായ ജോണി കിം.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ സഞ്ചരിക്കവേ സെപ്റ്റംബര്‍ എട്ടിന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ ജോണി കിം പങ്കുവെച്ചത്. ഭൗമാന്തരീക്ഷത്തിന് മുകളില്‍ പച്ചപ്പട്ട് പുതച്ചത് പോലെ ധ്രുവദീപ്‌തി ഈ വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ അതിമനോഹരമാണ് എന്ന് നിരവധി പേര്‍ വീഡിയോയ്‌ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.
ധ്രുവദീപ്തി ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ളവരാണ് ഏറിയ പങ്കും. ഭൂമിയുടെ കാന്തികമണ്ഡലവുമായി ഇടപഴകുന്ന സൗരകണികകൾ സൃഷ്‌ടിക്കുന്ന ഒരു പ്രകൃതിദത്ത പ്രകാശ പ്രദർശനമാണ് ധ്രുവദീപ്തി അഥവാ അറോറ എന്നറിയപ്പെടുന്നത്. ആര്‍ട്ടിക്, അന്‍റാര്‍ട്ടിക് പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളിലാണ് ധ്രുവദീപ്‌തി ഏറ്റവും മനോഹരമായി കാണാനാവുക. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്ട്രേലിസ് (aurora australis) എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് (aurora borealis) എന്നും ധ്രുവദീപ്‌തി അറിയപ്പെടുന്നു. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിക്കുകയും ചെയ്യുമ്പോഴാണ് ധ്രുവദീപ്‌തി സംഭവിക്കുന്നത്. മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ഭൂമിയില്‍ നിന്ന് അറോറ ദൃശ്യമാകാം. ഈയടുത്തുണ്ടായ സൗരകൊടുങ്കാറ്റിന്‍റെ സാന്നിധ്യത്താല്‍ നവംബര്‍ 11, 12 തീയതികളില്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമായിരുന്നു.