
ന്യൂയോര്‍ക്ക്: 2025ല്‍ ഇതുവരെയുണ്ടായ ഏറ്റവും തീവ്രമായ സൗരജ്വാല യൂറോപ്പിലും ആഫ്രിക്കയിലും ഹൈ-ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകള്‍ തടസപ്പെടുത്തി. എക്‌സ്5.1 (X5.1) വിഭാഗത്തില്‍പ്പെടുന്ന അതിശക്തമായ സൗരജ്വാലയാണ് നവംബര്‍ 11ന് രേഖപ്പെടുത്തിയതെന്ന് സ്പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഗുരുതരമായ ആര്‍-3 ലെവലിലുള്ള റേഡിയോ സിഗ്നല്‍ തകരാര്‍ സൂര്യപ്രകാശമുള്ള ഭൗമ ഭാഗത്ത് സംഭവിക്കുകയായിരുന്നു. 2024 ഒക്‌ടോബറിന് ശേഷം രേഖപ്പെടുത്തപ്പെടുന്ന ഏറ്റവും ശക്തമായ സൗരജ്വാലയാണ് നവംബര്‍ 11നുണ്ടായതെന്നും സ്പേസ് ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
സൂര്യനില്‍ നിന്ന് ഈയടുത്ത ദിവസങ്ങളില്‍ അനേകം തീവ്ര സൗരജ്വാലകളുണ്ടായ sunspot AR4274-ല്‍ നിന്നാണ് ഇപ്പോള്‍ എക്‌സ്5.1 ശക്തിയുള്ള സൗരജ്വാലയുമുണ്ടായത്. നവംബര്‍ 9ന് എക്‌സ്1.7 വിഭാഗത്തിലുള്ളതും, നവംബര്‍ 10ന് എക്‌സ്1.2 കരുത്തുള്ളതുമായ സൗരജ്വാലകള്‍ ഇതേ സണ്‍സ്‌പോട്ടില്‍ നിന്ന് ബഹിര്‍ഗമിച്ചിരുന്നു. ഉപഗ്രഹ കമ്മ്യൂണിക്കേഷന്‍ സംവിധാനം, ജിപിഎസ്, പവര്‍ ഗ്രിഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാന്‍ ശേഷിയുള്ളതാണ് ഇതിന് ശേഷം നവംബര്‍ 11ന് രേഖപ്പെടുത്തിയ എക്‌സ്5.1 തീവ്രതയുള്ള സൗരജ്വാല. തുടര്‍ച്ചയായ ദിനങ്ങളിലെ ഈ സൗരജ്വാലകള്‍ അതിശക്തമായ കൊറോണൽ മാസ് എജക്ഷനുകളും (CMEs), സൗര കൊടുങ്കാറ്റുകളും (G4), വ്യാപകമായ അറോറയും സൃഷ്‌ടിച്ചേക്കുമെന്ന് NOAA's Space Weather Prediction Center മുന്നറിയിപ്പ് നല്‍കി. നവംബര്‍ 13 വരെ ഈ സൗര കൊടുങ്കാറ്റുകളുടെ സ്വാധീനം ഭൗമാന്തരീക്ഷത്തിലുണ്ടായേക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.
തീവ്രതയുടെ അടിസ്ഥാനത്തില്‍ സൗരജ്വാലകളെ അഞ്ചായി പട്ടികപ്പെടുത്തിയിരിക്കുന്നു. എ, ബി, സി, എം, എക്‌സ് എന്നിവയാണ് വിവിധ തരം സൗരജ്വാലകള്‍. ഇവയില്‍ ഏറ്റവും കരുത്തുറ്റ എക്‌സ്-ക്ലാസില്‍പ്പെടുന്ന സൗരജ്വാലയാണ് നവംബര്‍ 11ന് രേഖപ്പെടുത്തിയ X5.1. ഈ X5.1 സൗരജ്വാല ഭൂമിയിലേക്ക് അതിശക്തമായ എക്‌സ്-റേ വികിരണങ്ങളും അള്‍ട്രാവയലറ്റ് രശ്‌മികളും ഉതിര്‍ത്തിരിക്കുകയാണ്. തീവ്രമായ ഈ വികിരണങ്ങളാണ് യൂറോപ്പിനും ആഫ്രിക്കയ്‌ക്കും മീതെ റേഡിയോ ബ്ലാക്ക്‌ഔട്ടിന് കാരണമായത്. നവംബര്‍ 12ന് അതിതീവ്രതയുള്ള ജി4 സൗര കൊടുങ്കാറ്റിനും എക്‌സ്5.1 സൗരജ്വാല കാരണമാകും. അതേസമയം, ഇതേ സൗരക്കാറ്റ് അറോറ അഥവാ ധ്രുവദീപ്‌തിക്കും കാരണമാകും.