ചൊവ്വയിലെ 'ക്രോക്കഡൈൽ' പീഠഭൂമിയിൽ പെർസെവറൻസ് റോവർ; മുതലകളുമായി എന്ത് ബന്ധം!

Published : May 23, 2025, 02:56 PM ISTUpdated : May 23, 2025, 03:03 PM IST
ചൊവ്വയിലെ 'ക്രോക്കഡൈൽ' പീഠഭൂമിയിൽ പെർസെവറൻസ് റോവർ; മുതലകളുമായി എന്ത് ബന്ധം!

Synopsis

ഒരു കാറിന്‍റെ വലിപ്പമുള്ള പെർസെവറൻസ് റോവർ കഴിഞ്ഞ നാലിലധികം വർഷങ്ങളായി ചൊവ്വയിലെ ധാരാളം പ്രദേശങ്ങൾ താണ്ടിയിട്ടുണ്ട്

കാലിഫോര്‍ണിയ: ചുവന്ന ഗ്രഹത്തിന്‍റെ രഹസ്യങ്ങള്‍ തേടിയലയുന്ന പെർസെവറൻസ് റോവർ ചൊവ്വയിലെ 'ക്രോകോഡില്ലൻ' എന്ന പ്രദേശത്ത് പര്യവേക്ഷണം ആരംഭിച്ചു. ചൊവ്വയിലെ ജീവന്‍റെ മുൻകാല അടയാളങ്ങൾ തിരയാനും, ഭാവിയിൽ ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് മുമ്പ് ഡസൻ കണക്കിന് സാമ്പിളുകൾ ശേഖരിക്കാനുമുള്ള ദൗത്യത്തിന്‍റെ ഭാഗമായിട്ടാണ് 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ പെർസെവറൻസ് ഇറങ്ങിയത്. ചൊവ്വയിലെ 28 മൈൽ വീതിയുള്ള (45 കിലോമീറ്റർ) ജെസെറോ ഗർത്തത്തിന് സമീപമായിരുന്നു പെർസെവറൻസിന്‍റെ ലാൻഡിംഗ്.

ഒരു കാറിന്‍റെ വലിപ്പമുള്ള പെർസെവറൻസ് റോവർ കഴിഞ്ഞ നാലിലധികം വർഷങ്ങളായി ചൊവ്വയിലെ ധാരാളം പ്രദേശങ്ങൾ താണ്ടിയിട്ടുണ്ട്. ഇപ്പോൾ അത് മറ്റൊരു പുതിയ സ്ഥലത്ത് എത്തിയിരിക്കുന്നു. ക്രോകോഡില്ലൻ എന്ന് പേരിട്ട പാറക്കെട്ടുകൾ നിറഞ്ഞ ഒരു പീഠഭൂമിയിലാണ് റോവർ എത്തിയരിക്കുന്നത്. നോർവേയിലെ പ്രിൻസ് കാൾസ് ഫോർലാൻഡ് ദ്വീപിലെ ഒരു പർവതനിരയുടെ പേരിൽ നിന്നാണ് മിഷൻ ടീം ചൊവ്വയിലെ ഈ പ്രദേശത്തിന് ഈ പേര് നൽകിയിരിക്കുന്നത്. നോർവീജിയൻ ഭാഷയിൽ ക്രോകോഡില്ലൻ എന്നാൽ "മുതല" എന്നാണ് അർത്ഥം.

ഏകദേശം 73 ഏക്കർ (30 ഹെക്ടർ) വിസ്തൃതിയുള്ള ക്രോകോഡില്ലൻ, ജെസെറോ ഗർത്തത്തിന് സമീപത്തെ പുരാതന പാറകൾക്കും അതിനപ്പുറത്തുള്ള സമതലങ്ങൾക്കും ഇടയിലുള്ള ഒരു അതിർത്തി പ്രദേശമാണ്. ദ്രാവക ജലത്തിന്‍റെ സാന്നിധ്യത്തിൽ രൂപം കൊള്ളുന്ന കളിമൺ ധാതുക്കൾ ഇവിടെ ഉണ്ടെന്ന് മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ക്രോകോഡില്ലനിൽ ഉടനീളം പെർസെവറൻസ് അത്തരം കൂടുതൽ ധാതുക്കൾ കണ്ടെത്തിയാൽ, ആ പ്രദേശം വളരെക്കാലം മുമ്പുതന്നെ വാസയോഗ്യം ആയിരുന്നിരിക്കാമെന്ന് സൂചന നൽകും. പാറകളുടെ പഴക്കം കണക്കിലെടുക്കുമ്പോൾ അതിനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വയുടെ ആദ്യകാല ഭൂമിശാസ്ത്ര കാലഘട്ടമായ നോച്ചിയൻ കാലഘട്ടത്തിൽ, ജെസെറോ ഗർത്തം സൃഷ്‍ടിക്കപ്പെടുന്നതിന് മുമ്പ് രൂപംകൊണ്ട ക്രോക്കോഡില്ലെൻ പാറകൾ, ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന പാറകളിൽ ഒന്നാണെന്ന് പസഡെനയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പെർസെവറൻസ് ഡെപ്യൂട്ടി പ്രോജക്ട് സയന്‍റിസ്റ്റ് കെൻ ഫാർലി ഒരു പ്രസ്‍താവനയിൽ പറഞ്ഞു. 

അതേസമയം പരിമിതമായ ശാസ്ത്രീയ പേലോഡ് കണക്കിലെടുക്കുമ്പോൾ ചൊവ്വയിൽ നിലവിലുള്ളതോ മുൻകാല ജീവന്‍റെയോ സാന്നിധ്യം സ്ഥിരീകരിക്കുക എന്നത് പെർസെവറൻസിന് കഠിനമായ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ലാബുകളിൽ പഠനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന വിധത്തിൽ ചൊവ്വയുടെ സാമ്പിളുകൾ റോവർ ശേഖരിക്കുന്നത്. അതേസമയം ചൊവ്വ സാമ്പിൾ റിട്ടേണിന്‍റെ ഭാവിയും നിലവിൽ സംശയത്തിലാണ്. കാരണം, ട്രംപ് ഭരണകൂടം പെർസെവറൻസ് ചൊവ്വ ഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കൾ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള നിലവിലെ പദ്ധതി റദ്ദാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

പുതിയ സ്ഥലത്തെക്കുറിച്ച് രസകരമായത് എന്താണ്?

ചൊവ്വയില്‍ ജീവന്‍റെ തെളിവുകള്‍ കണ്ടെത്തുന്നതിൽ പെർസെവറൻസിന്‍റെ പുതിയ പര്യവേഷണ സ്ഥലം വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ജെസെറോ ഗർത്തത്തിന്‍റെ പുരാതന അഗ്നിപർവ്വത പാറകൾക്കും ചുറ്റുമുള്ള ഭൂപ്രകൃതി നിർമ്മിച്ചതിനും ഇടയിലുള്ള ഒരു ഇന്റർമീഡിയറ്റ് ഘട്ടത്തെയാണ് ഇത് രൂപപ്പെടുത്തുന്ന പാറകൾ പ്രതിനിധീകരിക്കുന്നത്. മുൻകാലങ്ങളിലെ പഠനങ്ങൾ ഈ പീഠഭൂമിയിൽ കളിമണ്ണ് കണ്ടെത്തിയിട്ടുണ്ട്. ഒഴുകുന്ന വെള്ളത്തിന്‍റെ സാന്നിധ്യത്തിൽ മാത്രമേ ഇത് രൂപപ്പെടൂ. കൂടാതെ, വളരെ ചെറിയ കണികകൾ അടങ്ങിയ ഈ പാറ ജൈവ സാമ്പിളുകൾ നന്നായി സംരക്ഷിക്കുന്നു. അതിനാൽ പുരാതന ജീവിതത്തിന്‍റെ അടയാളങ്ങൾ ഇവിടെയുണ്ട്.

ക്രോകോഡില്ലനിലെ പാറകളിൽ ഒലിവൈനുകളും കാർബണേറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒലിവൈനുകൾ ഒരു സാധാരണ അഗ്നിപർവ്വത വസ്‍തു ആണ്. എന്നാൽ കാർബണേറ്റുകൾ വെള്ളത്തിൽ മാത്രമേ രൂപം കൊള്ളുകയുള്ളൂ. അതിനാൽ അവയിൽ പഠനം നടത്തുന്നതിലൂടെ ചൊവ്വയിലെ കൂടുതൽ ചൂടും ഈർപ്പവും ഉണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ