
മിന്നൽ എന്ന പ്രതിഭാസം സൗരയൂഥത്തിൽ ഭൂമിയിൽ മാത്രമാണോ ഉള്ളത്? ഭൂമിയെ കൂടാതെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളിലും മിന്നൽ രൂപപ്പെടാറുണ്ട്. ഈ മിന്നൽ ഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു ഗ്രഹത്തെ കൂടി ചേർക്കുകയാണ് ബഹിരാകാശ ഗവേഷകർ. ചൊവ്വയിലുമുണ്ട് മിന്നൽ എന്ന അതിശയകരമായ അറിവ് സമ്മാനിക്കുകയാണ് നാസയുടെ പെർസെവറൻസ് റോവർ. ചൊവ്വയുടെ അന്തരീക്ഷത്തിൽ വൈദ്യുത ഡിസ്ചാർജുകൾ നടക്കുന്നതിന്റെ വ്യക്തമായ ശബ്ദ സാംപിളാണ് പെർസെവറൻസ് റോവർ പകർത്തിയത്. ചുവന്ന ഗ്രഹത്തിൽ മിന്നലിനോട് സാദൃശ്യമുള്ള പ്രവർത്തനം ഉണ്ടെന്നതിന് ഇതുവരെ ലഭിച്ച ഏറ്റവും പ്രധാന തെളിവാണ് റോവർ റെക്കോർഡ് ചെയ്ത് ഭൂമിയിലേക്ക് അയച്ച ഈ ശബ്ദം. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ നേച്ചറിലാണ് ഇക്കാര്യം വിശദമാക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്. 2025 നവംബർ 26-ന് പഠനം നേച്ചറിൽ പ്രസിദ്ധീകരിച്ചു. ഫ്രാൻസിലെ ടുളൂസിലുള്ള ദി റിസർച്ച് ഇൻസ്റ്റ്യൂട്ട് ഇൻ ആസ്ട്രോഫിസിക്സ് ആൻഡ് പ്ലാനിറ്ററി സയൻസിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
പഠനമനുസരിച്ച്, ചൊവ്വയിലെ മിന്നൽ ഭൂമിയിലെ മിന്നൽ പോലെ ഉയർന്ന വോൾട്ടേജ് ഉള്ളവയല്ല. പകരം ഒരു തണുപ്പുള്ള ദിവസത്തിൽ കാർപ്പറ്റിൽ ചവിട്ടി നടക്കുമ്പോഴോ അല്ലെങ്കിൽ ഒരു മെറ്റൽ ഹാൻഡിലിൽ സ്പർശിക്കുമ്പോഴോ ഉണ്ടാവുന്ന സ്റ്റാറ്റിക് ഷോക്കിനെ അനുസ്മരിപ്പിക്കുന്ന ചെറിയ സ്പാർക്കുകളാണവ. പഠനം നടത്തിയവരെ സംബന്ധിച്ച് അത് ചൊവ്വയിലെ ചെറു മിന്നലുകളാണ്. 2023-ൽ ഒരു ചെറു പൊടി ചുഴലി റോവറിന് മുകളിലൂടെ കടന്നുപോയപ്പോൾ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദത്തിലാണ് ഈ വ്യത്യസ്ത സിഗ്നൽ കണ്ടെത്തിയത്. കാറ്റിന്റെ മുഴക്കം, പൊടിപടലങ്ങളുടെ അടർപ്പുകൾ എന്നിവയോടൊപ്പം ഒരു വ്യക്തമായ പൊട്ടൽ ശബ്ദവും രേഖപ്പെടുത്തിയിരുന്നു. ഈ ആ ശബ്ദത്തിന്റെ തരംഗരൂപ പരിശോധന നടത്തിയപ്പോഴാണ് ആ ശബ്ദമൊരു വൈദ്യുത ഡിസ്ചാർജിന്റെ സവിശേഷതയാണെന്ന് ഗവേഷകർ ഉറപ്പിച്ചത്.
ചൊവ്വയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ വൈദ്യുതി ഡിസ്ചാർജ് റോവറിൽ നിന്ന് ഏകദേശം ആറടി മാത്രം അകലെയായിരുന്നു എന്ന് പഠനം പറയുന്നു. കൂടാതെ, റോവറിലെ മൈക്രോഫോണിന് ഏതാനും ഇഞ്ച് മാത്രം അടുത്തതായി വൈദ്യുതി ഡിസ്ചാർജുകൾ രൂപപ്പെട്ടു. ഭൂമിയിലെ മിന്നൽ പോലെ വലിയ വോൾട്ടേജിലുള്ള ഇലക്‌ട്രിക് ഡിസ്ചാർജുകൾ അല്ലെങ്കിലും ഈ ചെറിയ സ്പാർക്കുകൾക്ക് ചൊവ്വയിലെ പൊടിക്കാറ്റുകളിലും അന്തരീക്ഷ രാസ പ്രവർത്തനങ്ങളിലും നിർണായക സ്വാധീനം ചൊലുത്താനുള്ള കഴിവുണ്ടെന്നാണ് ഗവേഷകരുടെ അനുമാനം. ചൊവ്വയിലേക്കുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് ഈ ചെറു മിന്നലുകൾ അപകടകരമല്ലെങ്കിലും സ്പേസ് സ്യൂട്ടുകൾ, ഉപകരണങ്ങൾ, ശാസ്ത്രീയ ഘടകങ്ങൾ എന്നിവയുടെ ദീർഘകാല പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ തന്നെ, ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യങ്ങൾക്കായി രൂപകൽപന ചെയ്യുന്ന ഉപകരണങ്ങളുടെ ഡിസൈനിൽ ഈ കണ്ടെത്തൽ ഉപകാരമാകും.
2009-ൽ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തെ സാധൂകരിക്കുന്ന ഡാറ്റ കൂടിയാണ് ഇപ്പോൾ പെർസെവറൻസ് റോവർ നൽകുന്നത്. ചൊവ്വയിൽ അസാധാരണ മൈക്രോവേവ് തരംഗങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ചൊരു പഠനം അവിടുത്തെ ഗവേഷകർ പ്രസിദ്ധീകരിച്ചിരുന്നു. അന്ന്, ആ സിഗ്നലുകൾക്ക് പിന്നിൽ മിന്നലോ അല്ലെങ്കിൽ സമാനമായ അന്തരീക്ഷ വൈദ്യുത പ്രവാഹങ്ങളുമായോ ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനം ഉണ്ടാകാമെന്ന് അവർ സംശയിച്ചിരുന്നു. എന്നാൽ അവരുടെ കണ്ടെത്തലിനെ സഹായിക്കുന്ന ശക്തമായ തെളിവുകൾ അന്ന് നൽകാൻ കഴിയാത്തതിനാൽ വലിയ വിവാദമായ കണ്ടെത്തലായിരുന്നു അത്. ചൊവ്വയെ കുറിച്ചുള്ള ഭാവി പഠനങ്ങൾക്ക് സഹായകമാകുന്നൊരു നിർണായക നാഴികക്കല്ലാണ് ഈ കണ്ടെത്തൽ. അവിടുത്തെ കാലാവസ്ഥ, പൊടിക്കാറ്റുകൾ, അന്തരീക്ഷഗതി എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഇത് സഹായിക്കും. മനുഷ്യൻ ചൊവ്വയിലേക്ക് പറന്നിറങ്ങാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ വന്ന കണ്ടെത്തൽ ഭാവി ദൗത്യങ്ങൾക്കുള്ള സുരക്ഷാ ചട്ടങ്ങളും സാങ്കേതികപഠനങ്ങളും എങ്ങനെയൊക്കെ പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന കാര്യത്തിലും നിർണായകമാകും.