
ടോക്കിയോ: പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് പ്രോട്ടോടൈപ്പ് 2025 ജൂണില്‍ വിജയകരമായി വിക്ഷേപിച്ചും തിരികെ ലാൻഡിംഗ് ചെയ്‌തും ബഹിരാകാശ സാങ്കേതികവിദ്യയിൽ അത്ഭുതകരമായ ചുവടുവയ്പ്പ് നടത്തിയിരുന്നു ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട. 20 അടി നീളമുള്ള ഈ റോക്കറ്റ് ജപ്പാന്‍റെ വടക്കേ അറ്റത്തുള്ള ഹോക്കൈഡോയിലുള്ള ഹോണ്ടയുടെ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്. കമ്പനിയുടെ ബഹിരാകാശ വികസന തന്ത്രത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത് ഹോണ്ടയുടെ ഫോർമുല വൺ റേസിംഗ് ടീമിന്‍റെ മുൻ ഡയറക്‌ടറായ കസുവോ സകുരഹാരയാണെന്ന് രാജ്യാന്തര ടെക് മാധ്യമമായ ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ബഹിരാകാശ പദ്ധതികളില്‍ ജാപ്പനീസ് കമ്പനികളുടെ സ്വയംപര്യാപ്‌തയ്‌ക്കുള്ള നീക്കവും, യുഎസിനും സ്പേസ് എക്‌സിനും ബ്ലൂ ഒറിജിനുമുള്ള മറുപടിയാണ് ഹോണ്ടയുടെ റീയൂസബിള്‍ റോക്കറ്റ് പദ്ധതിയെന്നും വിലയിരുത്തപ്പെടുന്നു.
ഹോണ്ട ഒരു നൂതന കാർ നിർമ്മാതാവ് മാത്രമല്ല, ഒരു ഗതാഗത കൂട്ടായ്‌മ കൂടിയാണെന്നും ഹോണ്ട ഉൽപ്പന്നങ്ങൾ ഇതിനകം കരയിലും കടലിലും ആകാശത്തും വ്യാപിച്ചിരിക്കുന്നു എന്നും കസുവോ സകുരഹാര പറഞ്ഞു. ഹോണ്ടയുടെ റോക്കറ്റ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം ആളുകളുടെ ദൈനംദിന ജീവിതത്തിലേക്ക് കൂടുതൽ സംഭാവന നൽകുക എന്നതാണെന്നും കമ്പനി റോക്കറ്റുകളെ അതിന്‍റെ പ്രധാന ബിസിനസുകളുടെ ഒരു പ്രധാന ഭാഗമായി കാണുന്നുവെന്നും അദേഹം വ്യക്തമാക്കി. മൊബിലിറ്റി, ഊർജ്ജം, ആശയവിനിമയം എന്നിവയെ പിന്തുണയ്ക്കുന്ന ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ റോക്കറ്റ് ഉപയോഗിക്കാമെന്ന് സകുരഹര പറഞ്ഞു.
അതേസമയം, ടെലിമെട്രി കൺസൾട്ടിംഗ് ഗ്രൂപ്പിലെ സാം അബുവൽസാമിദ് ഈ പദ്ധതിയെ ഹോണ്ടയ്ക്ക് സ്വന്തമായി ഈ ഉപഗ്രഹങ്ങൾ ഉപയോഗിക്കാനോ മറ്റ് നിർമ്മാതാക്കൾക്ക് ഈ ശേഷി വിൽക്കാനോ ഉള്ള ഒരു മാർഗമായി കണക്കാക്കുന്നു. ട്രംപ് ഭരണകൂടവും ജപ്പാന്‍റെ അയൽക്കാരായ ചൈന, ഉത്തരകൊറിയ എന്നിവരും കൊണ്ടുവന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുള്ള പ്രതികരണമായാണ് ഹോണ്ടയുടെ ബഹിരാകാശ നീക്കത്തെ അബുവൽസാമിദ് കാണുന്നത്. ഈ സാങ്കേതികവിദ്യകൾക്ക് പ്രതിരോധ ശേഷി നൽകാൻ കഴിയുമെന്നും ഈ ഘട്ടത്തിൽ യുഎസിനെ അമിതമായി ആശ്രയിക്കേണ്ടതില്ലെന്ന് അവർ മനസിലാക്കിയിരിക്കാമെന്നും അദേഹം പറഞ്ഞു.
ഹോണ്ടയുടെ 30 വർഷത്തെ ഇന്ധന സെൽ സാങ്കേതിക വികസനത്തിന്‍റെ പുതിയ രൂപമായ സർക്കുലേറ്റീവ് എനർജി സിസ്റ്റവും ഹോണ്ട വെളിപ്പെടുത്തി. യുഎസ് കമ്പനിയായ ആസ്‌ട്രോബോട്ടിക്കുമായി സഹകരിച്ച് സൃഷ്‌ടിച്ച ഈ സംവിധാനം ചന്ദ്രനിലെ മനുഷ്യ കോളനികൾ ഉൾപ്പെടെയുള്ള ബഹിരാകാശത്തെ സുസ്ഥിര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ സിസ്റ്റം ചന്ദ്രനിലെ പകൽ സമയത്ത് വൈദ്യുതിയും ഓക്‌സിജനും ഉത്പാദിപ്പിക്കും. ഭൂമിക്ക് പുറത്തുള്ള ഉപയോഗത്തിനായി മനുഷ്യ നിയന്ത്രിത അവതാർ റോബോട്ടുകൾ വികസിപ്പിക്കുന്നതിനും ഹോണ്ടയ്ക്ക് പദ്ധതികളുണ്ട്. മൊഡ്യൂൾ നിർമ്മാണം, ഇന്ധനം നിറയ്ക്കൽ, മികച്ച മോട്ടോർ റിപ്പയർ കഴിവുകൾ തുടങ്ങിയ ജോലികൾക്ക് ഈ വിദഗ്‌ധ റോബോട്ടുകളെ ഉപയോഗിക്കാമെന്നും ഹോണ്ട പറയുന്നു.