
ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഛിന്നഗ്രഹ പതനം ഒരു ദീർഘകാല ശൈത്യകാലത്തിന് മാത്രമല്ല, അതിശക്തമായ അഗ്നിക്കാറ്റുകൾക്കും വഴിവെച്ചിരിക്കാമെന്ന് പുതിയ പഠനം. മനുഷ്യന് മാരകമെന്ന് കണക്കാക്കുന്ന താപപരിധിയേക്കാൾ 17 മടങ്ങ് അധികമായ ചൂട് ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആറു മൈൽ (ഏകദേശം 10 കിലോമീറ്റർ) വീതിയുള്ള ഒരു ഛിന്നഗ്രഹമാണ് മെക്സിക്കോയിലെ യുകാറ്റാൻ ഉപദ്വീപിൽ പതിച്ചത്. ഈ ഭീമാകാരമായ ആഘാതത്തിലാണ് ഇന്ന് അറിയപ്പെടുന്ന ചിക്സുലബ് ഗർത്തം രൂപപ്പെട്ടത്. പതനത്തിന്റെ ശക്തിയിൽ വൻതോതിൽ പാറകൾ ബാഷ്പമായി അന്തരീക്ഷത്തിലേക്ക് ഉയർന്നു. പിന്നീട് ഈ വസ്തുക്കളിൽ ചിലത് ചെറു ഗോളാകൃതിയിലുള്ള കണങ്ങളായി മാറി ഭൂമിയെ ചുറ്റി സഞ്ചരിക്കുകയും അതിവേഗത്തിൽ അന്തരീക്ഷത്തിലൂടെ തിരിച്ചെത്തുകയും ചെയ്തു.
ഈ കണങ്ങൾ അന്തരീക്ഷത്തിലൂടെ താഴേക്ക് പതിക്കുമ്പോൾ അവയുടെ ചലന ഊർജം താപമായി മാറി ശക്തമായ താപ വികിരണം സൃഷ്‍ടിച്ചു. നേരത്തെയുള്ള പഠനങ്ങൾ പ്രകാരം ഈ ചൂട് തുറന്ന പ്രദേശങ്ങളിലുള്ള ജീവികൾക്ക് അപകടകരമായിരുന്നെങ്കിലും ലോകമെമ്പാടുമുള്ള സസ്യങ്ങളെ കത്തിക്കാൻ മതിയായ ശക്തിയില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പുതിയ പഠനം ഈ കണക്കുകൂട്ടലുകളിൽ പ്രധാനപ്പെട്ട ഒരു ഘടകം ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ഛിന്നഗ്രഹ ആഘാതത്തിൽ രൂപപ്പെട്ട അതിസൂക്ഷ്മമായ സിലിക്കേറ്റ് പൊടി അന്തരീക്ഷത്തിൽ വലിയ തോതിൽ നിലനിന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഈ പൊടി ഒരു പുതപ്പ് പോലെ പ്രവർത്തിച്ച് ചൂട് ബഹിരാകാശത്തേക്ക് പുറത്തുപോകുന്നത് തടഞ്ഞു. അതുവഴി ഭൂമിയുടെ ഉപരിതലത്തിലെത്തിയ താപത്തിന്റെ അളവ് വർധിച്ചു. പർഡ്യൂ സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞനായ ബ്രാൻഡൻ ജോൺസന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ നിഗമനം.
പുതിയ കണക്കുകൾ പ്രകാരം ഭൂമിയുടെ ഉപരിതലത്തിലെ താപാഘാതം നേരത്തെ കരുതിയതിന്റെ ഏകദേശം 3.5 മടങ്ങ് ശക്തമായിരുന്നു. “ആദ്യ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ വലിയ തോതിൽ ജീവജാലങ്ങൾ നശിച്ചിരിക്കാം” എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പുല്ല്, പായൽ, പൈൻ ഇലകൾ തുടങ്ങിയവ കത്താൻ ആവശ്യമായ പരിധി ഈ ചൂട് മറികടന്നിരിക്കാം. ഇതാണ് വ്യാപകമായ കാട്ടുതീകൾക്ക് കാരണമായതെന്നും പഠനം പറയുന്നു.
എന്നാൽ ഭൂമിക്കടിയിലും വെള്ളത്തിനടിയിലും അഭയം തേടിയ ജീവികൾക്ക് ആദ്യത്തെ താപാഘാതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. തുടർന്ന് അന്തരീക്ഷത്തിലെ പൊടി സൂര്യപ്രകാശത്തെ തടഞ്ഞതോടെ വർഷങ്ങളോളം നീണ്ട “ആഘാത ശൈത്യകാലം” ആരംഭിച്ചിരിക്കാം. ഡൈനോസറുകളുടെ വംശനാശത്തിന് ഇതുവരെ പ്രധാന കാരണമായി കണക്കാക്കിയിരുന്നത് ഈ ദീർഘകാല ശൈത്യകാലമായിരുന്നു.
അതേസമയം, പൊടിയുണ്ടാക്കിയ ഈ അഗ്നിക്കാറ്റ് സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന കാട്ടുതീയുടെ തെളിവുകൾ നിലവിൽ വടക്കേ അമേരിക്കയിൽ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ തെളിവുകൾ ഭാവിയിൽ ലഭിക്കാമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ദിനോസറുകളുടെ അവസാനത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ധാരണയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്ന കണ്ടെത്തലായാണ് ഈ പഠനം വിലയിരുത്തപ്പെടുന്നത്.