
മഞ്ഞുമൂടിക്കിടക്കുന്ന അന്റാർട്ടിക്കയിൽ നിന്ന് പുറത്തുവന്ന ഒരു ഉപഗ്രഹ ചിത്രം സമൂഹമാധ്യമങ്ങളിലും ശാസ്ത്രലോകത്തും കൗതുകം സൃഷ്‍ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ പർവതശിഖരത്തിൽ നിന്ന് ഉയർന്നുവരുന്ന പോലെ തോന്നുന്നത് മനോഹരമായ ഒരു ചെറിയ ഹമ്മിങ് ബേർഡ് പക്ഷിയുടെ രൂപം. എന്നാൽ അവിടെ ഒരു പക്ഷിയുമില്ല എന്നതാണ് യാഥാർഥ്യം. പ്രകൃതിയുടെ അപൂർവമായ രൂപഭംഗിയാണ് ഈ ‘പക്ഷി’ രൂപം സൃഷ്‍ടിച്ചിരിക്കുന്നത്.
അന്റാർട്ടിക്കയുടെ കിഴക്കൻ ഭാഗത്തുള്ള നുനാടക സതേർജാവ്ഷിജ്സ്യ (Nunatak Zaterjavshijsja) എന്ന പർവതത്തിന്റെ ഉപരിതലമാണ് ഉപഗ്രഹ ചിത്രത്തിൽ ഹമ്മിങ് ബേർഡിനെപ്പോലെ കാണപ്പെടുന്നത്. ചിത്രത്തിന്റെ നടുവിലുള്ള ഇരുണ്ട ഭാഗം പക്ഷിയുടെ ശരീരം പോലെ തോന്നുന്നുവെങ്കിലും അത് യഥാർഥത്തിൽ പർവതത്തിന്റെ മുകളിലെ ഭാഗമാണ്. പക്ഷിയുടെ വാൽ പോലെ കാണുന്ന നീണ്ട ഭാഗം കടലിലേക്ക് വടക്കുകിഴക്ക് ദിശയിൽ ഒഴുകുന്ന മഞ്ഞുപ്രവാഹമാണ്. അതേസമയം, പക്ഷിയുടെ ചിറകുകളിലെയും തൂവലുകളിലെയും പോലെ പുറത്തേക്ക് പടർന്നിരിക്കുന്ന രേഖകൾ യഥാർഥത്തിൽ പർവതത്തിലെ വിള്ളലുകളാണ്. ഹിമാനി (ഗ്ലേസിയർ) മഞ്ഞുപാളികളിലൂടെ ഒഴുകുമ്പോൾ പർവതത്തിന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന പൊട്ടലുകളാണ് ഇവ.
ഈ അത്ഭുതകരമായ ദൃശ്യം പകർത്തിയത് നൈസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ) എന്ന ഉപഗ്രഹമാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഓയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹമാണിത്. ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത നിസാർ, റഡാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ മഞ്ഞിനുള്ളിലേക്കും ഉപരിതലത്തിന് താഴെയുള്ള ഘടനകളിലേക്കും നിരീക്ഷണം നടത്താൻ കഴിയും. നാസയുടെ എർത്ത് സയൻസ് വിഭാഗം ഡയറക്ടർ നിസാറിനെ 'ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ റഡാർ സംവിധാനങ്ങളിൽ ഒന്ന്' എന്നാണ് വിശേഷിപ്പിച്ചത്.
ആദ്യനോട്ടത്തിൽ ഈ ചിത്രം ഒരു പ്രകൃതി വിസ്‍മയം മാത്രമായി തോന്നാമെങ്കിലും, ശാസ്ത്രജ്ഞർക്ക് ഇത് വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ഒന്നാണ്. നിസാർ പകർത്തിയ ഈ ചിത്രത്തിലൂടെ അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ എങ്ങനെ നീങ്ങുന്നു, ഹിമാനികളുടെ ചലനം എങ്ങനെ മാറുന്നു തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ കഴിയും.
“ഇത് മനോഹരമായ ഒരു ചിത്രം മാത്രമല്ല, ഹിമാനി എങ്ങനെ നീങ്ങുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്ന ഒന്നാണ്. റഡാർ സാങ്കേതികവിദ്യയ്ക്ക് മഞ്ഞിനുള്ളിലേക്കും ആഴത്തിലേക്കും കാണാൻ കഴിയുന്നതിനാൽ, സാധാരണ ദൃശ്യ ചിത്രങ്ങളിൽ ലഭിക്കാത്ത വിവരങ്ങൾ നിസാറിലൂടെ ലഭിക്കുന്നു,” നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ സിഗ്നൽ അനാലിസിസ് എൻജിനീയറായ സിയോങ്സു ജിയോങ് പറഞ്ഞു.
ജൂലൈ 20 മുതൽ നിസാർ ഉപഗ്രഹത്തിലെ റഡാർ സംവിധാനങ്ങൾ ശേഖരിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും ഗവേഷകർക്കുമായി ലഭ്യമാക്കാൻ തുടങ്ങി. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ഈ വിവരങ്ങൾ ഉപയോഗിച്ച് ഭൂമിയിലെ മഞ്ഞുപാളികൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങൾ എന്നിവ കൂടുതൽ കൃത്യമായി പഠിക്കാനാകും. അന്റാർട്ടിക്കയിലെ ‘ഹമ്മിങ് ബേർഡ്’ ചിത്രം പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല, ഭൂമിയിലെ വലിയ മാറ്റങ്ങളെ മനസ്സിലാക്കാൻ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ എത്രത്തോളം സഹായിക്കുന്നുവെന്നതിന്റെ ഉദാഹരണവുമാണ്.