
സ്വഭാവത്തില്‍ നക്ഷത്രങ്ങളുമായി ചില സാദൃശ്യങ്ങള്‍ പുലർത്തുന്നതും എന്നാല്‍ അതിശക്തമായ വളർച്ചാ നിരക്കുള്ളതുമായ ഒരു ഗ്രഹത്തെ (rogue planet) കുറിച്ച് വിശദീകരിച്ച് ജ്യോതിശാസ്ത്രജ്ഞർ. സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തിന്‍റെ പേര് Cha 1107-7626 എന്നാണ്. ഒരു നക്ഷത്രത്തെയും ഭ്രമണം ചെയ്യാതെ ബഹിരാകാശത്ത് അലഞ്ഞുതിരിയുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 620 പ്രകാശവർഷം അകലെ ചാമീലിയോൺ (Chamaeleon) നക്ഷത്രസമൂഹത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ വളർച്ചാ നിരക്കാണ് ഈ ഗ്രഹത്തെ വ്യത്യസ്‌തമാക്കുന്നത്. ഓരോ സെക്കൻഡിലും വലുതായിക്കൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ പിണ്ഡത്തിനേക്കാൾ (mass) അഞ്ചുമടങ്ങ് മുതൽ പത്തുമടങ്ങ് വരെ പിണ്ഡമുള്ളതായും ദ ആസ്‌ട്രോഫിസിക്കല്‍ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഏകദേശം 10 ലക്ഷം മുതൽ 20 ലക്ഷം വർഷം വരെ മാത്രം വരെ പ്രായം കണക്കാക്കുന്ന Cha 1107-7626 ഗ്രഹം ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന് പഠനത്തിന്‍റെ സഹ-രചയിതാവും സ്കോട്ട്ലൻഡിലെ സെന്‍റ് ആൻഡ്രൂസ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനുമായ അലെക്‌സ് ഷോൾസ് പറഞ്ഞു. കാണുമ്പോൾ പഴക്കമുണ്ടെന്ന് തോന്നാമെങ്കിലും ജ്യോതിശാസ്ത്രപരമായ കണക്കുകളെ അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കിൽ ഈ ഗ്രഹം ഇപ്പോളും അതിന്‍റെ ശൈശവാവസ്ഥയിലാണ്.
Cha 1107-7626 എന്ന ഈ ഗ്രഹം വാതകങ്ങളാലും പൊടിപടലങ്ങളാലും രൂപപ്പെട്ട ഒരു വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ജ്യോതിശാസ്ത്രജ്ഞർ അക്രീഷൻ എന്ന് വിളിക്കുന്ന പ്രക്രിയയിലൂടെ ഈ വലയത്തിലെ പദാർഥങ്ങൾ ഗ്രഹത്തിലേക്ക് പതിക്കുകയും അടിഞ്ഞുകൂടുകയും ചെയ്യുന്നുവെന്നും, ഈ യുവ ഗ്രഹത്തിന്‍റെ വളർച്ചാനിരക്ക് വ്യത്യാസപ്പെടുന്നുണ്ട് എന്നും പഠനത്തിന്‍റെ രചയിതാക്കൾ പറഞ്ഞു. ചിലിയിലെ അറ്റക്കാമ മരുഭൂമിയിലുള്ള യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് (VLT) ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും, തുടർന്ന് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി നടത്തിയ നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത്, ഏതാനും മാസങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ എട്ടിരട്ടി വേഗത്തിലാണ് ഗ്രഹം ഇപ്പോൾ പദാർഥങ്ങൾ ഇത്തരത്തില്‍ ശേഖരിക്കുന്നത് എന്നാണ്. സെക്കൻഡിൽ 6.6 ബില്യൺ ടൺ എന്ന റെക്കോർഡ് നിരക്കിലാണ് വാതകങ്ങളും പൊടിപടലങ്ങളും Cha 1107-7626 ഗ്രഹം വിഴുങ്ങുന്നത്. അസാധാരണമായ ഈ പ്രവർത്തനം, ഒരു ഗ്രഹത്തെക്കുറിച്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ വളർച്ചാ നിരക്കാണ് എന്ന് പഠനത്തിന്‍റെ പ്രധാന രചയിതാവും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനുമായ വിക്‌ടർ അൽമെൻഡ്രോസ്-അബാദ് പറഞ്ഞു. ഇത് ഗ്രഹങ്ങളുടെ പ്രക്ഷുബ്‌ധമായ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദേഹം പറഞ്ഞു.
ഗ്രഹത്തെ കണ്ടെത്തിയത് 2008-ല്‍
2008-ലാണ് ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി Cha 1107-7626 ഗ്രഹത്തെ കണ്ടെത്തുന്നത്, അന്നുമുതൽ, ഈ ശൈശവ ഗ്രഹത്തിന്‍റെ പരിണാമത്തെക്കുറിച്ചും അതിന്‍റെ ചുറ്റുപാടുകളെക്കുറിച്ചും കൂടുതലറിയാൻ വിവിധ ദൂരദർശിനികൾ ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയാണ്. 2024-ൽ ഗവേഷകസംഘം വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഈ ഗ്രഹത്തെ നിരീക്ഷിക്കുകയും ചുറ്റുമുള്ള ഡിസ്‌ക് വ്യക്തമായി കണ്ടെത്തുകയും ചെയ്‌തു. തുടർന്ന്, അൾട്രാവയലറ്റ് മുതൽ സമീപ-ഇൻഫ്രാറെഡ് വരെയുള്ള പ്രകാശത്തിന്‍റെ വിവിധ തരംഗദൈർഘ്യങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്ന വെരി ലാർജ് ടെലിസ്കോപ്പിലെ X-shooter സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഗവേഷകർ Cha 1107-7626-യെ കുറിച്ച് കൂടുതൽ പഠിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിലെ സ്ഥിരമായ അക്രീഷൻ നിരക്കിൽ നിന്ന് ജൂൺ മാസത്തിന്‍റെ തുടക്കത്തോടെ ഉണ്ടായ വർധനവ് കൗതുകകരമായ പ്രതിഭാസമാണെന്ന് ഗവേഷകർ കണ്ടെത്തി. ഇതൊരു ഹ്രസ്വകാല പ്രതിഭാസമായിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജൂലൈയിലും ഓഗസ്റ്റിലും ഈ കുതിച്ചുചാട്ടം തുടർന്നുപോയപ്പോൾ ശരിക്കും അമ്പരന്നുപോയെന്നും ഷോൾസ് പറഞ്ഞു. വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ തുടർന്നുള്ള നിരീക്ഷണങ്ങളിൽ ഡിസ്‌കിന്‍റെ രസതന്ത്രം മാറിയതായും കണ്ടെത്തി. വളർച്ചാ കാലയളവിൽ ഉണ്ടായിരുന്ന നീരാവി അതിനുമുമ്പ് ഡിസ്‌കിൽ ഉണ്ടായിരുന്നില്ലെന്നും, ഈ ഗവേഷണത്തിന് മുമ്പ് ഒരു നക്ഷത്രത്തിന് ചുറ്റുമുള്ള ഡിസ്‌കിന്‍റെ രസതന്ത്രം മാറുന്നത് മാത്രമേ ജ്യോതിശാസ്ത്രജ്ഞർ കണ്ടിട്ടുള്ളുവെന്നും ഒരു ഗ്രഹത്തിന് ചുറ്റും അങ്ങനെയൊന്ന് ആദ്യമായാണ് കണ്ടെത്തുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന് മുമ്പും ശേഷവുമുള്ള നിരീക്ഷണങ്ങൾ താരതമ്യം ചെയ്തപ്പോൾ, എത്രത്തോളം വാതകങ്ങളും പൊടിപടലങ്ങളും ഗ്രഹത്തിലേക്ക് പതിക്കുന്നു എന്നതിലെ പ്രധാന പ്രേരകശക്തി കാന്തിക പ്രവർത്തനമാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞു. നക്ഷത്രങ്ങൾ വളരുമ്പോൾ സാധാരണയായി അവയുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണിത്. എന്നാൽ നക്ഷത്രങ്ങളേക്കാൾ വളരെ കുറഞ്ഞ പിണ്ഡമുള്ള വസ്‌തുക്കൾക്കും (ഈ ഒറ്റയാൻ ഗ്രഹത്തിന് നമ്മുടെ സൂര്യന്‍റെ 1 ശതമാനത്തിൽ താഴെ മാത്രമാണ് പിണ്ഡം) വസ്‌തുവിന്‍റെ വളർച്ചയെ നയിക്കാൻ കഴിവുള്ള ശക്തമായ കാന്തിക മണ്ഡലങ്ങൾ ഉണ്ടാകാം എന്നാണ് പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന്‍റെ രചയിതാക്കൾ പറയുന്നു.