ഈ സ്ഫോടനത്തെ തുടർന്നുണ്ടായ കൊറോണൽ മാസ് ഇജക്ഷൻ ഭാഗികമായി ഭൂമിയിലേക്ക് സഞ്ചരിക്കുന്നതിനാൽ ചെറിയ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റിനും അസാധാരണമായ സ്ഥലങ്ങളിൽ അറോറ ദൃശ്യങ്ങൾക്കും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

വാഷിംഗ്‌ടണ്‍: 2026 മെയ് 10-ന് സൂര്യനിൽ ഉണ്ടായ ശക്തമായ സൗരജ്വാല അഥവാ സോളാർ ഫ്ലെയർ ലോകശ്രദ്ധ പിടിച്ചുപറ്റി. AR4436 എന്ന സൺസ്പോട്ടിൽ നിന്നാണ് M5.7- എന്ന സോളാർ ഫ്ലെയർ ഉടലെടുത്തത്. ഈ ശക്തമായ സ്ഫോടനത്തെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്ര മേഖലയിലാകെ ഉയർന്ന ഫ്രീക്വൻസിയിലുള്ള റേഡിയോ ആശയവിനിമയങ്ങളിൽ താൽക്കാലിക തടസം നേരിട്ടതായി ശാസ്ത്രജ്ഞർ അറിയിച്ചു. കൂടാതെ സൂര്യനിൽ നിന്ന് വൻതോതിലുള്ള ചാർജ്‌ഡ് പ്ലാസ്‍മ കണങ്ങൾ പുറന്തള്ളപ്പെട്ടതായും സ്ഥിരീകരിച്ചു. ഈ കൊറോണൽ മാസ് ഇജക്ഷൻ (CME) ഭൂമിയിലേക്കായി ഭാഗികമായി സഞ്ചരിക്കുന്നതായി നിരീക്ഷണങ്ങളിൽ വ്യക്തമായി.

Add Asianetnews as a Preferred SourcegooglePreferred

നാസയുടെ വിവരങ്ങൾ പ്രകാരം സോളാർ ഫ്ലെയറുകൾ എ, ബി, സി, എം, എക്‌സ് എന്നീ വിഭാഗങ്ങളായി തരംതിരിക്കപ്പെടുന്നു. ഇതിൽ X-ക്ലാസ് ഏറ്റവും ശക്തമായതും അപകടസാധ്യത കൂടിയതുമാണ്. എം-ക്ലാസ് ഫ്ലെയറുകൾ മധ്യനിര ശക്തി ഉള്ളവയായിരിക്കുമ്പോഴും വൻതോതിൽ ഊർജം പുറപ്പെടുവിക്കാൻ കഴിവുള്ളവയാണ്. ഇത്തരം ഫ്ലെയറുകൾ സൂര്യന്‍റെ ഉപരിതലത്തിൽ ഉണ്ടാകുന്ന കാന്തിക വ്യതിയാനങ്ങളാൽ രൂപപ്പെടുന്നു.

സോളാർ ഫ്ലെയർ ഉണ്ടായതിനു പിന്നാലെ ഏതാനും മിനിറ്റുകൾക്കകം ഉയർന്ന ഫ്രീക്വൻസി റേഡിയോ തരംഗങ്ങൾ തടസപ്പെട്ടു. കപ്പലുകൾ, വിമാനങ്ങൾ, അമേച്വർ റേഡിയോ ഓപ്പറേറ്റർമാർ തുടങ്ങിയവർക്കാണ് ഇതിന്‍റെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത്. ഫ്ലെയറിൽ നിന്ന് പുറപ്പെടുന്ന ശക്തമായ എക്‌സ്-റേ കിരണങ്ങൾ ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷ പാളികളെ അയോണൈസ് ചെയ്യുന്നതിനാലാണ് ഈ ആശയവിനിമയ തടസം ഉണ്ടാകുന്നതെന്ന് വിദഗ്‌ധർ വിശദീകരിക്കുന്നു.

സൂര്യത്തിൽ നിന്നുള്ള പ്ലാസ്‍മ മേഘം ഭൂമിയെ സ്പർശിക്കുകയാണെങ്കിൽ G1 തലത്തിലുള്ള ചെറിയ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇത് ഏറ്റവും താഴ്ന്നതലത്തിലുള്ള ജിയോമാഗ്നറ്റിക് സ്റ്റോം ആയിരുന്നാലും, സാധാരണയായി കാണാത്ത പ്രദേശങ്ങളിലേക്കും അറോറ ദൃശ്യങ്ങൾ വ്യാപിക്കാനിടയുണ്ട്. സ്കോട്‍ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, അമേരിക്കയിലെ സിയാറ്റിൽ, മിനിയാപൊളിസ് തുടങ്ങിയ പ്രദേശങ്ങളിൽ ആകാശത്ത് നോർതേൺ ലൈറ്റ്സ് ദൃശ്യമായേക്കാം എന്നാണ് വിലയിരുത്തൽ.

സൂര്യൻ ഇപ്പോൾ തന്‍റെ 11 വർഷ ചക്രത്തിലെ ഏറ്റവും സജീവമായ ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ഇത്തരത്തിലുള്ള സോളാർ സ്ഫോടനങ്ങൾ 2026 മുഴുവൻ കൂടുതൽ ശക്തമായും പതിവായും ഉണ്ടാകാൻ ഇടയുണ്ടെന്ന് ബഹിരാകാശ ബഹിരാകാശ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News