
ടെക്‌സസ്: ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി തയ്യാറാക്കുന്ന ഗ്രഹാന്തര റോക്കറ്റായ സ്റ്റാർഷിപ്പിന്‍റെ വാർഷിക വിക്ഷേപണം വർധിപ്പിക്കുന്നതിന് യുഎസ് റെഗുലേറ്ററിയുടെ അംഗീകാരം. ടെക്സസിലെ സ്റ്റാർബേസ് സൗകര്യത്തിൽ നിന്നുള്ള പ്രതിവർഷ സ്റ്റാർഷിപ്പ് വിക്ഷേപണങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 25 ആയി ഉയർത്താനുള്ള സ്‌പേസ് എക്‌സിന്‍റെ അഭ്യർഥന ഫെഡറൽ ഏവിയേഷൻ അഡ്‍മിനിസ്ട്രേഷൻ (എഫ്എഎ) അംഗീകരിച്ചു. സ്റ്റാര്‍ഷിപ്പ് വികസന പദ്ധതികളിൽ സമീപകാലത്ത് വെല്ലുവിളികൾ നേരിട്ട സ്പേസ് എക്സിന് നിരവധി തിരിച്ചടികൾക്ക് ശേഷം ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.
സ്റ്റാർഷിപ്പ് വിക്ഷേപണങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 25 ആയി വർധിപ്പിക്കാനുള്ള സ്പേസ് എക്സിന്‍റെ ആവശ്യം വലിയ പാരിസ്ഥിതി ആഘാതം സൃഷ്ടിക്കില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിലയിരുത്തി. അമേരിക്കൻ ബഹിരാകാശ പദ്ധതിയിൽ, പ്രത്യേകിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ നിർണായക പങ്ക് വഹിക്കാൻ ഒരുങ്ങുന്ന സ്‍പേസ് എക്സിന് എഫ്‌എഎയുടെ ഈ പച്ചക്കൊടി ഒരു വലിയ അവസരമാണ് ഒരുക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാൽ ബില്യൺ ഡോളർ സ്‍പേസ് എക്സ് ഉടമയായ ഇലോൺ മസ്‌ക് ചെലവഴിച്ചിരുന്നു. ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുക എന്ന മസ്‍കിന്‍റെ കാഴ്ചപ്പാട് അമേരിക്കൻ ഭരണകൂടത്തിന്റെ ബഹിരാകാശ അജണ്ടയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്.
ടെക്സസിലെ കമ്പനിയുടെ റോക്കറ്റ് ക്യാമ്പസായ സ്റ്റാർബേസിന് സമീപം താമസിക്കുന്ന സ്‌പേസ് എക്‌സ് ജീവനക്കാരും കരാറുകാരും മറ്റ് താമസക്കാരും ഈ പ്രദേശം ഒരു മുനിസിപ്പാലിറ്റിയായി സംയോജിപ്പിക്കുന്നതിന് വോട്ട് ചെയ്തതിന് ശേഷമാണ് എഫ്‌എഎയുടെ പുതിയ തീരുമാനം എന്നതും ശ്രദ്ധേയമാണ്. വിശാലമായ സൈറ്റിന്‍റെ വളർച്ചയിൽ സ്‌പേസ് എക്‌സിന് കൂടുതൽ നിയന്ത്രണവും അതിന്‍റെ വിക്ഷേപണ പ്രവർത്തനങ്ങളിൽ ചില പുതിയ അധികാരങ്ങളും ഈ നീക്കത്തിലൂടെ ലഭിക്കും.
2017 മുതൽ സ്‌പേസ് എക്‌സ്, ടെക്‌സസിലെ ബോക ചിക്കയിലെ തീരദേശ കാമ്പസ് അതിവേഗം വികസിപ്പിച്ചുവരികയാണ്. 40 നില കെട്ടിടത്തിന്‍റെ ഉയരമുള്ള (123 മീറ്റര്‍) റോക്കറ്റായ സ്റ്റാർഷിപ്പിന്‍റെ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിനായി അവർ പ്രവർത്തിച്ചുവരുന്നു. അതിശക്തമായ വിക്ഷേപണങ്ങളും പരീക്ഷണ സ്‌ഫോടനങ്ങളും നൂതനമായ ലാൻഡിംഗുകളും ഇവിടെ നടക്കുന്നുണ്ട്. എന്നാൽ വലിയ ശബ്‍ദങ്ങളും ദേശാടന പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ സംഭവിക്കുന്ന ദോഷങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്‍ടങ്ങളും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകരും സമീപവാസികളും രംഗത്തെത്തിയിരുന്നു. 2023 മുതൽ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സിസ്റ്റത്തിന് എട്ട് സംയോജിത പരീക്ഷണ പറക്കലുകൾ നടന്നിട്ടുണ്ട്. അവസാന പരീക്ഷണങ്ങള്‍ പരാജയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം