33 എൻജിനുകളും ഒരുമിച്ച് ജ്വലിപ്പിച്ച് സ്പേസ് എക്സ്; ഫ്ലൈറ്റ് 14ന് മുന്നോടിയായി സ്റ്റാർഷിപ്പിന്റെ നിർണായക പരീക്ഷണം

Published : Aug 30, 2026, 08:04 AM IST
SpaceX Starship Flight 14

Synopsis

ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ അടുത്ത വിക്ഷേപണത്തിന് മുന്നോടിയായി സ്പേസ് എക്സ് നിർണായക പരീക്ഷണം പൂർത്തിയാക്കി. ഫ്ലൈറ്റ് 14-ന്റെ ഭാഗമായ സൂപ്പർ ഹെവി ബൂസ്റ്ററിലെ 33 എൻജിനുകളും ഒരുമിച്ച് ജ്വലിപ്പിച്ചുള്ള സ്റ്റാറ്റിക് ഫയർ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ഈ ദൗത്യം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റ് സംവിധാനമെന്ന വിശേഷണവുമായി മുന്നേറുന്ന സ്റ്റാർഷിപ്പിന്റെ അടുത്ത പരീക്ഷണ പറക്കലിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി സ്പേസ് എക്സ്. ഫ്ലൈറ്റ് 14ന് മുന്നോടിയായി സ്റ്റാർഷിപ്പിന്റെ ഭീമൻ ആദ്യഘട്ട ബൂസ്റ്ററായ സൂപ്പർ ഹെവിയുടെ 33 എൻജിനുകളും ഒരേസമയം പ്രവർത്തിപ്പിച്ചുള്ള നിർണായക സ്റ്റാറ്റിക് ഫയർ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഓഗസ്റ്റ് 28ന് ദക്ഷിണ ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം.

33 എൻജിനുകളും ഒരുമിച്ച് ജ്വലിപ്പിച്ചു

ഫ്ലൈറ്റ് 14നായി തയ്യാറെടുക്കുന്ന സൂപ്പർ ഹെവി ബൂസ്റ്ററിലെ 33 റാപ്റ്റർ എൻജിനുകളാണ് പൂർണ ദൈർഘ്യത്തിൽ പ്രവർത്തിപ്പിച്ചത്. റോക്കറ്റ് വിക്ഷേപിക്കാതെ എൻജിനുകൾ പ്രവർത്തിപ്പിച്ച് അവയുടെ പ്രകടനവും വിവിധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതാണ് സ്റ്റാറ്റിക് ഫയർ പരീക്ഷണം.

ഫ്ലൈറ്റ് 14ന്റെ മുകളിലത്തെ ഘട്ടമായ സ്റ്റാർഷിപ്പിലെ 6 എൻജിനുകളുടെയും പരീക്ഷണം കഴിഞ്ഞ ആഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. അതിനാൽ ബൂസ്റ്ററിന്റെയും ഷിപ്പിന്റെയും പ്രധാന എൻജിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സ്പേസ് എക്സ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

സെപ്റ്റംബറിൽ ഫ്ലൈറ്റ് 14?

ഫ്ലൈറ്റ് 14 സെപ്റ്റംബർ മധ്യത്തോടെ നടത്താനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. എന്നാൽ കൃത്യമായ വിക്ഷേപണ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷണങ്ങളുടെയും മറ്റ് തയ്യാറെടുപ്പുകളുടെയും പുരോഗതിയനുസരിച്ച് തീയതിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. സ്റ്റാർഷിപ്പ് വികസനത്തിൽ ഏറെ നിർണായകമായ ഘട്ടമായിരിക്കും ഫ്ലൈറ്റ് 14. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്റ്റാർഷിപ്പിനെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇത്തവണ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക്

ഫ്ലൈറ്റ് 14ന്റെ മറ്റൊരു പ്രധാന ലക്ഷ്യം സ്പേസ് എക്സിന്റെ പുതിയ തലമുറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്നതാണ്. കഴിഞ്ഞ മാസം നടന്ന ഫ്ലൈറ്റ് 13ൽ 20 വി3 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സ്റ്റാർഷിപ്പ് വിജയകരമായി വിന്യസിച്ചിരുന്നു. എന്നാൽ ആ ദൗത്യം പൂർണമായ ഭ്രമണപഥ ദൗത്യമായിരുന്നില്ല. അതിനാൽ ഉപഗ്രഹങ്ങൾ പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി നശിച്ചു. ഫ്ലൈറ്റ് 14ൽ ഉപഗ്രഹങ്ങളെ യഥാർഥ ഭ്രമണപഥത്തിൽ എത്തിക്കാനായാൽ സ്റ്റാർലിങ്ക് പദ്ധതിക്കും സ്റ്റാർഷിപ്പ് വികസനത്തിനും അത് വലിയ മുന്നേറ്റമാകും.

പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ്

സൂപ്പർ ഹെവിയും സ്റ്റാർഷിപ്പിന്റെ മുകളിലത്തെ ഘട്ടമായ ഷിപ്പും പൂർണമായും അതിവേഗം പുനരുപയോഗിക്കാവുന്ന രീതിയിലാണ് സ്പേസ് എക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിക്ഷേപണച്ചെലവ് ഗണ്യമായി കുറയ്ക്കാനും കൂടുതൽ വേഗത്തിൽ ബഹിരാകാശ ദൗത്യങ്ങൾ നടത്താനും ഇതിലൂടെ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്കുള്ള മനുഷ്യ ദൗത്യങ്ങൾക്കും ചന്ദ്രനിലേക്കും ഭാവിയിൽ ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കും സ്റ്റാർഷിപ്പ് ഉപയോഗിക്കുകയാണ് സ്പേസ് എക്സിന്റെ ദീർഘകാല ലക്ഷ്യം.

നാസയുടെ ചാന്ദ്ര ദൗത്യത്തിലും സ്റ്റാർഷിപ്പ്

സ്റ്റാർഷിപ്പിന്റെ വികസനത്തിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കും വലിയ താൽപര്യമുണ്ട്. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്ന ലൂണാർ ലാൻഡറായി സ്റ്റാർഷിപ്പിനെ നാസ തിരഞ്ഞെടുത്തിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പദ്ധതിയിലാണ് നാസ. ഭാവിയിലെ ആർട്ടെമിസ് ദൗത്യങ്ങളിൽ സ്റ്റാർഷിപ്പ് നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുകൊണ്ടുതന്നെ ഫ്ലൈറ്റ് 14 ഒരു സാധാരണ പരീക്ഷണ പറക്കൽ മാത്രമല്ല. സ്റ്റാർഷിപ്പിനെ ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ദൗത്യങ്ങൾക്ക് കൂടുതൽ വിശ്വസനീയമായ വാഹനമാക്കി മാറ്റാനുള്ള സ്പേസ് എക്സിന്റെ ശ്രമത്തിലെ നിർണായക ചുവടുവയ്പ്പായിരിക്കും ഈ ദൗത്യം.

PREV
Read more Articles on
click me!

Recommended Stories

ബഹിരാകാശത്ത് പുതിയ യുഗം; ട്രംപിന്‍റെ നിർണായക നീക്കം
പ്രതികൂല കാലാവസ്ഥ വില്ലനായി, ചൈനയുടെ ചാങ് ഇ 7 ചാന്ദ്ര ദൗത്യം ഈ വർഷം നടക്കില്ല; വിക്ഷേപണം മാറ്റിവച്ചു