അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉടന്‍ പൊളിച്ചടുക്കണമെന്ന് മസ്ക്; പറ്റില്ലെന്ന് സുനിത വില്യംസ്, ഉറച്ച മറുപടി

Published : Mar 06, 2025, 12:47 PM ISTUpdated : Mar 06, 2025, 12:51 PM IST
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉടന്‍ പൊളിച്ചടുക്കണമെന്ന് മസ്ക്; പറ്റില്ലെന്ന് സുനിത വില്യംസ്, ഉറച്ച മറുപടി

Synopsis

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) 2030 അവസാനത്തോടെ പ്രവര്‍ത്തനരഹിതമാക്കാനാണ് നിലവില്‍ നാസ പദ്ധതിയിട്ടിരിക്കുന്നത്, ഇതിന് ഘടകവിരുദ്ധമായ നിലപാടാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചത് 

കാലിഫോര്‍ണിയ: നാസ നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയായെന്നും ഐഎസ്എസ് ഉടന്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നുമുള്ള ഇലോണ്‍ മസ്കിന്‍റെ വാദത്തിന് മറുപടിയുമായി സുനിത വില്യംസ്. 'ബഹിരാകാശ നിലയം അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ പാരമ്യതയിലാണ് ഇപ്പോഴുള്ളത്, അതിനാല്‍ ഐഎസ്എസ് പൊളിച്ചുമാറ്റണം എന്ന് പറയാന്‍ ഉചിതമായ സമയമല്ല ഇത്' എന്നുമാണ് മസ്കിന് സുനിതയുടെ മറുപടി. ബഹിരാകാശ നിലയത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുനിത വില്യംസ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം 2030 അവസാനത്തോടെ അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളും പദ്ധതിയിട്ടിരിക്കുന്നത്. 2030-ഓടെ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് ഐഎസ്എസ് ഡീഓര്‍ബിറ്റ് ചെയ്യാനാണ് നാസയുടെ പദ്ധതി. എന്നാല്‍ നിലയം ഇതിലും നേരത്തെ റിട്ടയര്‍ ചെയ്യണമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉപദേശകനും സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ ഉടമയുമായ ഇലോണ്‍ മസ്കിന്‍റെ നിലപാട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഉദ്ദേശ്യം പൂര്‍ത്തിയായെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ നിലയം ഡീഓര്‍ബിറ്റ് ചെയ്യണമെന്നും മസ്‌ക് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐഎസ്എസ് കൊണ്ട് വളരെ കുറച്ച് ആവശ്യങ്ങളെ ഇപ്പോഴുള്ളൂ എന്നാണ് മസ്കിന്‍റെ പക്ഷം. ഈ വാദങ്ങള്‍ക്കാണ് സുനിത വില്യംസ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്ന് 2028ല്‍ പിന്‍മാറാന്‍ റഷ്യ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഐഎസ്എസിലെ ഗവേഷണവും സാങ്കേതികവികസനവും പരിശീലനവും 2030 വരെ തുടരാനാണ് നാസയുടെ തീരുമാനം. 2030ല്‍ ഐഎസ്എസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ കാനഡയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീഓര്‍ബിറ്റ് ചെയ്യാനുള്ള കരാര്‍ ഇതിനകം ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന് നാസ നല്‍കിയിട്ടുണ്ട്. രണ്ടാം ട്രംപ് ഭരണത്തില്‍ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) വിഭാഗത്തിന്‍റെ തലവന്‍ കൂടിയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്ക്.  

എന്താണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം?

താഴ്ന്ന ഭൂഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതുമായ ബഹിരാകാശ ഗവേഷണശാലയും നിരീക്ഷണകേന്ദ്രവുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള ഐഎസ്എസിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് നിലയത്തിന്‍റെ ഭാരം. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്നു. അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) എന്നിവയും, പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളും (ESA) ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിച്ചത്. 2030ല്‍ നിലയത്തിന്‍റെ കാലാവധി പൂര്‍ത്തിയാവും. 

Read more: 'അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം പൊളിച്ചടുക്കണം'; അടുത്ത ആവശ്യവുമായി ഇലോണ്‍ മസ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ