അവിശ്വസനീയം, ഇത്തരമൊരു വീഴ്ച ആദ്യം! ഇസ്രൊയുടെ വിശ്വസ്ത പിഎസ്എൽവി-സി61 പരാജയപ്പെട്ടതെങ്ങനെ?

Published : May 18, 2025, 12:18 PM ISTUpdated : May 18, 2025, 12:30 PM IST
അവിശ്വസനീയം, ഇത്തരമൊരു വീഴ്ച ആദ്യം! ഇസ്രൊയുടെ വിശ്വസ്ത പിഎസ്എൽവി-സി61 പരാജയപ്പെട്ടതെങ്ങനെ?

Synopsis

63 വിക്ഷേപണങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം സമ്പൂര്‍ണ പരാജയം, പിഎസ്എല്‍വി റോക്കറ്റിന്‍റെ മൂന്നാം ഘട്ടത്തിലൊരു സാങ്കേതിക പ്രശ്നമുണ്ടാകുന്നത് ഇസ്രൊയുടെ ചരിത്രത്തിൽ ആദ്യം

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടത് അത്യപൂര്‍വം, അപ്രതീക്ഷിതം. വിക്ഷേപണം പരാജയമായതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 ഇസ്രൊയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇഒഎസ് 09-നുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയ കാരണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പിഎസ്എല്‍വി. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാം വിക്ഷേപണത്തില്‍ പിഎസ്എല്‍വി റോക്കറ്റില്‍ ഖര ഇന്ധനമുപയോഗിക്കുന്ന മൂന്നാംഘട്ടത്തിലാണ് പ്രശ്നമുണ്ടായത്. ജ്വലിച്ച് തുടങ്ങിയെങ്കിലും പിന്നീട് താളപ്പിഴയുണ്ടായി, റോക്കറ്റിന്‍റെ ഗതി തെറ്റി. പിന്നീട് നാലാം ഘട്ടം പ്രവർത്തിച്ചു തുടങ്ങിയെന്ന് സ്ക്രീനിൽ തെളിഞ്ഞുവെങ്കിലും ദൗത്യം പരാജയപ്പെട്ടുവെന്ന സ്ഥിരീകരണം പിന്നാലെയെത്തിയത് പ്രതീക്ഷകള്‍ക്ക് ആഘാതമായി. പിഎസ്എൽവി-സി61 ദൗത്യം പരാജയപ്പെട്ടതോടെ നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹത്തെയാണ് ഇസ്രൊയ്ക്ക് നഷ്ടമായത്. ഭൗമനിരീക്ഷണത്തിനായി രാജ്യത്തിന് കൂടുതൽ ഉപഗ്രഹങ്ങൾ അത്യാവശ്യമായ സമയത്താണ് ഈ തിരിച്ചടി.

മൂന്നാമത്തെ മാത്രം സമ്പൂര്‍ണ പരാജയം

63 വിക്ഷേപണങ്ങൾ പൂർത്തിയാക്കിയ പിഎസ്എൽവിയുടെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മാത്രം സമ്പൂർണ പരാജയമാണിത്.
1993ലെ ആദ്യ പിഎസ്എൽവി വിക്ഷേപണം പരാജയമായിരുന്നു. 1997ൽ ഐആര്‍എസ് 1ഡി വിക്ഷേപണം ഭാഗിക പരാജയവും.
2017 ആഗസ്റ്റിലെ ഐആർഎൻഎസ്എസ് 1 എച്ച് വിക്ഷേപണ പരാജയമാണ് അതിന് ശേഷമുണ്ടായ തിരിച്ചടി. ഉപഗ്രഹത്തെ ഉൾക്കൊള്ളുന്ന പേ ലോഡ് ഫെയറിംഗ് തുറക്കാത്തതായിരുന്നു അന്നത്തെ പ്രശ്നം. അതേസമയം പിഎസ്എല്‍വി റോക്കറ്റിന്‍റെ മൂന്നാം ഘട്ടത്തിലൊരു സാങ്കേതിക പ്രശ്നമുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് ഐഎസ്ആര്‍ഒയെ സംബന്ധിച്ച് അത്യാവശ്യമായിത്തീരുന്നു. ഇസ്രൊയുടെ രീതി അനുസരിച്ച് പരാജയ പഠന സമിതി രൂപീകരിക്കുകയാണ് അടുത്ത നടപടിക്രമം. എഫ്‌എസി റിപ്പോർട്ടിന് അനുസരിച്ചാകും തിരുത്തൽ നടപടികൾ.

ഇതിന് തൊട്ടുമുമ്പ് നടന്ന എൻവിഎസ് 02 ദൗത്യത്തിൽ വിക്ഷേപണം വിജയിച്ചെങ്കിലും ഉപഗ്രഹം സാങ്കേതിക പ്രശ്നത്തിൽപ്പെട്ടിരുന്നു. തുടരെയുള്ള രണ്ട് തിരിച്ചടികൾ ഐഎസ്ആർഒയെ ഉലച്ചിട്ടുണ്ട്. പരാജയങ്ങളെ കരുത്താക്കി മുന്നേറിയ ചരിത്രമാണ് ഇസ്രൊയുടേത്. അതിനാൽ തന്നെ തിരിച്ചുവരവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ പ്രശ്ന കാരണം തിരിച്ചറിഞ്ഞ് വേണ്ട തിരുത്തൽ വരുത്താതെ മുന്നേറ്റം സാധ്യവുമല്ല.  സുപ്രധാനമായ നാസ-ഇസ്രൊ സംയുക്ത ദൗത്യം നിസാര്‍ (NISAR) ആണ് ഇനി ഇസ്രൊ വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. ആ ദൗത്യം എപ്പോൾ നടക്കുമെന്നാണ് ഇനി അറിയേണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ