Latest Videos

30 വര്‍ഷത്തെ തുടര്‍വിജയം; ഒടുവില്‍ കാസര്‍കോടും സിപിഎമ്മിനെ 'കൈവിട്ടു'

By Web TeamFirst Published May 23, 2019, 6:30 PM IST
Highlights


അതിനൊക്കെയപ്പുറത്ത് ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായ എ കെ ഗോപാലനെ മൂന്ന്  തവണ തുടര്‍ച്ചായായി (1957,'62,'67) പാര്‍ലമെന്‍റിലെത്തിച്ച ഖ്യാതിയും കാസര്‍കോടിനുണ്ട്. മാത്രമല്ല, എ കെ ജിയുടെ മരുമകന്‍ കൂടിയായ പി കരുണാകരനായിരുന്നു കഴിഞ്ഞ മൂന്ന് തവണകളായി കാസര്‍കോടിനെ പ്രതിനിധീകരിച്ചതെന്നത് സിപിഎമ്മിനെ ആത്മവിശ്വാസത്തിന്‍റെ ഉറച്ച കോട്ടയില്‍ തന്നെയായിരുന്നു നിര്‍ത്തിയിരുന്നത്.

എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരിച്ച് പിടിച്ചതോടെ സിപിഎമ്മിന് നഷ്ടമായത് 30 വര്‍ഷം കൂടെകൊണ്ട് നടന്ന മണ്ഡലത്തെയാണ്. 1984 ല്‍ ഐ രാമ റേയ്ക്ക് ശേഷം ഒരിക്കല്‍ പോലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാത്ത മണ്ഡലമാണ് കാസര്‍കോട്. എന്നാല്‍ ഇത്തവണ കേരളത്തിലനുഭവപ്പെട്ട കോണ്‍ഗ്രസ് തരംഗത്തില്‍ സിപിഎം കൈവിട്ടത് സ്വന്തമെന്ന് കരുതിയ ഒരു മണ്ഡലമാണ്. 

'96 മുതല്‍ മൂന്നു തവണ തുടര്‍ച്ചയായി ടി ഗോവിന്ദനും ('96,'98,'99) പി കരുണാകരനും (2004,'09,'14),( 1989,'91 ല്‍ സിപിഎമ്മിന് വേണ്ടി രാമണ്ണറേ) സിപിഎമ്മിന് വേണ്ടി കൈവശം വച്ച മണ്ഡലം കൂടിയാണ് കാസര്‍കോട് എന്നിടത്താണ് സിപിഎമ്മിന്‍റെ കാസര്‍കോട് മണ്ഡലത്തിലെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വിജയ പ്രതീക്ഷയില്ലായിരുന്ന മണ്ഡലം കൂടിയായിരുന്നു കാസര്‍കോട്. 

അതിനൊക്കെയപ്പുറത്ത് ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായ എ കെ ഗോപാലനെ മൂന്ന്  തവണ തുടര്‍ച്ചായായി (1957,'62,'67) പാര്‍ലമെന്‍റിലെത്തിച്ച ഖ്യാതിയും കാസര്‍കോടിനുണ്ട്. മാത്രമല്ല, എ കെ ജിയുടെ മരുമകന്‍ കൂടിയായ പി കരുണാകരനായിരുന്നു കഴിഞ്ഞ മൂന്ന് തവണകളായി കാസര്‍കോടിനെ പ്രതിനിധീകരിച്ചതെന്നത് സിപിഎമ്മിനെ ആത്മവിശ്വാസത്തിന്‍റെ ഉറച്ച കോട്ടയില്‍ തന്നെയായിരുന്നു നിര്‍ത്തിയിരുന്നത്. ആ വിജയപ്രതീക്ഷ നിലനിര്‍ത്തിത്തന്നെയായിരുന്നു കെ പി സതീഷ് ചന്ദ്രനെ സിപിഎം കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കിയത്. ഉറച്ച മണ്ഡലവും കെ പി സതീഷ് ചന്ദ്രന്‍റെ വ്യക്തിപ്രഭാവവും വോട്ടായിമാറ്റാമെന്ന ധാരണയിലായിരുന്നു സിപിഎം. മണ്ഡലത്തില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയും ആദ്യം പ്രചാരണ രംഗത്തിറങ്ങിയതും സിപിഎമ്മും കെ പി സതീഷ് ചന്ദ്രനുമായിരുന്നു. 

2006 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണനോട് തലശ്ശേരിയില്‍ തോറ്റ രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലത്തില്‍ കെ പി സതീഷ് ചന്ദ്രനെതിരെ മത്സര രംഗത്തെത്തുമ്പോള്‍ ആകെയുണ്ടായിരുന്ന അനുകൂല സാഹചര്യം കല്യോട്ട് സംഭവിച്ച ഇരട്ടക്കൊല മാത്രമായിരുന്നു. കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്, പതിറ്റാണ്ടുകളായി കേരളത്തില്‍ സംഭവിക്കുന്ന അക്രമരാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയായിട്ടാണെന്ന വ്യാഖ്യാനം സിപിഎമ്മിന്‍റെ പ്രദേശീക അടിത്തറയില്‍ വിള്ളലേല്‍പ്പിച്ചു. 

പ്രത്യക്ഷത്തില്‍ തന്നെ സിപിഎം പ്രതിസ്ഥാനത്തായ സംഭവത്തോടെ കാസര്‍കോട് ജില്ലയില്‍ ചാഞ്ചാടി നിന്നിരുന്ന വോട്ടുകളെ ഏകീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് കഴിഞ്ഞു. കോണ്‍ഗ്രസ് പ്രാദേശീക നേതൃത്വത്തിനുള്ളിലെ വിഴുപ്പലക്കലുകള്‍ ഉണ്ണിത്താന്‍റെ വിജയത്തെ ബാധിച്ചതേയില്ല. ഇതിനിടെ കാസര്‍കോട് മണ്ഡലത്തില്‍ പഞ്ചായത്ത് അംഗം തന്നെ കള്ളവോട്ട് ചെയ്യാന്‍ മുന്നിട്ടിറങ്ങിയതോടെ  വിഷയം  മാധ്യമശ്രദ്ധയിലേക്കും തുടര്‍ന്ന് നടപടിയിലേക്കും കടന്നു. ഇത് കേരളത്തിലങ്ങോളമിങ്ങോളമുള്ള കള്ള വോട്ട് വിഷയത്തെ മാധ്യമശ്രദ്ധയിലെത്തിച്ചു. 

കള്ളവോട്ട് വിവാദത്തെ മറികടത്താന്‍ പര്‍ദ്ദാ വിവാദവുമായി സിപിഎം എത്തിയെങ്കിലും വോട്ടാക്കുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് കാസര്‍കോട് മണ്ഡലത്തില്‍ മാത്രം നാല് ബൂത്തുകളില്‍ റീ പോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. നാലിടത്തും വോട്ടെണ്ണലില്‍ ഉണ്ണിത്താനൊപ്പം നിന്നു.  റീ പോളിംഗ് നടന്ന പിലാത്തറ 19-ാം ബൂത്തിൽ യുഡിഫ് 40 വോട്ടിന്‍റെ ലീഡാണ് സ്വന്തമാക്കിയത്. മണ്ഡലത്തിലെ പാര്‍ട്ടി കോട്ടകളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ പോലും സിപിഎമ്മിനെ കൈവിട്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 17 -ാം ലോകസഭയിലേക്ക് വിജയിച്ച് കയറി.  
 

click me!