എന്ത് ചോദിച്ചാലും ഉത്തരമില്ല, 15 വർഷമായി മൗനവ്രതത്തിൽ കഴിയുന്ന ഒരു സ്ഥാനാർത്ഥി

Published : Apr 11, 2019, 06:30 PM ISTUpdated : Apr 11, 2019, 06:32 PM IST
എന്ത് ചോദിച്ചാലും ഉത്തരമില്ല, 15  വർഷമായി മൗനവ്രതത്തിൽ കഴിയുന്ന ഒരു സ്ഥാനാർത്ഥി

Synopsis

അദ്ദേഹത്തിന്റെ ഈ മൗനത്തിനു പിന്നിൽ ഒരു പ്രതിഷേധ സ്വരമുണ്ട്. നമ്മുടെ നാട്ടിൽ കുടിവെള്ളം ഒരു വില്പനച്ചരക്കായതിനെതിരെയുള്ള ഒരു എതിർപ്പെന്ന നിലയ്ക്കാണ് അദ്ദേഹം സംസാരം നിർത്തിയത്. 

 

 പേര് ആംബ്രോസ് ഡി'മെല്ലോ. ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. ഒരു രാഷ്ട്രീയക്കാരനു വേണ്ടുന്ന എല്ലാ പ്രാഥമിക ലക്ഷണങ്ങളും ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹത്തിനുണ്ട്. ഖദർ ജൂബ. ഭവ്യമായ പെരുമാറ്റം. നിറഞ്ഞ പുഞ്ചിരി. കളങ്കമറ്റ പ്രതിച്ഛായ. പക്ഷേ, ഒരൊറ്റക്കുഴപ്പം മാത്രം : കഴിഞ്ഞ 15 വർഷമായി ഒരക്ഷരം ഉരിയാടിയിട്ടില്ല. അതെ, കഴിഞ്ഞ പതിനഞ്ചു വർഷമായി മൗനവ്രതം ആചരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

സ്വന്തമായി ഒരു വീടില്ല അദ്ദേഹത്തിന്. ഒരു ചെരുപ്പ് പോലും ഇടാറില്ല. പുസ്തകവില്പനയാണ് ഉപജീവനമാർഗ്ഗം. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ദരിദ്രനായ സ്ഥാനാർഥി ഒരു പക്ഷേ, ഈ ഡി'മെല്ലോ സാർ ആയിരിക്കും. അതേസമയം ഏറ്റവും വിശാലമായ ഹൃദയമുള്ളയാളും.. 

സത്യമാണ് പറഞ്ഞത്. ഡി'മെല്ലോ സർ ഒരക്ഷരം മിണ്ടിയിട്ട് വർഷം പതിനഞ്ചു കഴിഞ്ഞു. 

അദ്ദേഹത്തിന്റെ ഈ മൗനത്തിനു പിന്നിൽ ഒരു പ്രതിഷേധസ്വരമുണ്ട്. നമ്മുടെ നാട്ടിൽ കുടിവെള്ളം ഒരു വില്പനച്ചരക്കായതിനെതിരെയുള്ള ഒരു എതിർപ്പെന്ന നിലയ്ക്കാണ് അദ്ദേഹം സംസാരം നിർത്തിയത്. 

അദ്ദേഹത്തിന് സ്വന്തമെന്ന് ഒരു വീടില്ല.  ഒരടി മണ്ണുപോലും സ്വന്തമായില്ല. ഒരു വസ്തുവകകളും അദ്ദേഹത്തിനില്ല. ആകെയുള്ള സമ്പാദ്യം 1745  രൂപ, കാശായി കയ്യിൽ. പിന്നെ ഒരു 1245  രൂപ വേറെ ഒരു ബാങ്കിൽ നിക്ഷേപമായും. 

നോട്ടുനിരോധനം ഒരു ക്രിമിനൽ കുറ്റമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഡി'മെല്ലോ സർ.

ഇന്നുവരെ ഡി'മെല്ലോ സാറിന് ആദായനികുതി അടയ്‌ക്കേണ്ടി വന്നിട്ടില്ല. കാരണം, അദ്ദേഹത്തിന് ഒരു ദിവസം പുസ്തകം വിറ്റുനടന്നാൽ ആകെ കിട്ടുന്ന ലാഭം 200 രൂപയ്ക്കും 300  രൂപയ്ക്കും ഇടയിലാണ്. ഒരു ദിവസത്തെ ആകെ ചെലവാണെങ്കിൽ ആകെ 50-70രൂപയും. 

ഒറ്റത്തടിയാണ് ഡി'മെല്ലോ സർ. ഇന്നുവരെ ആകെ മത്സരിച്ച തെരഞ്ഞെടുപ്പുകളുടെ എണ്ണം ഒമ്പത്.  2014 -ൽ നരേന്ദ്ര മോദിക്കെതിരെ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും ദൗർഭാഗ്യവശാൽ അത് തള്ളിപ്പോയിരുന്നു. അന്ന് കൊടുത്ത 25,000 രൂപ ഇന്നുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് തിരിച്ചു കൊടുത്തിട്ടില്ലത്രെ..!


ബെംഗളൂരുവിൽ ജയാനഗറിലെ ജൈനമത ക്ഷേത്രത്തിന് എതിർവശത്തായി ഒഴിഞ്ഞൊരു മൂലയ്ക്കൽ തറയിൽ ചുവന്ന ഒരു തുണി വിരിച്ചിട്ട് അതിലാണ് താൻ വിൽക്കാനുദ്ദേശിക്കുന്ന പുസ്തകങ്ങൾ അദ്ദേഹം നിരത്തി വെച്ചിട്ടുള്ളത്. ഒരു കാർഡ് ബോർഡ് പ്ലക്കാർഡിൽ തന്റെ സ്ഥാനാർത്ഥിത്വത്തെപറ്റിയുള്ള വിവരങ്ങളും അദ്ദേഹം എഴുതി വെച്ചിട്ടുണ്ട്. 

നോട്ടുനിരോധനം ഒരു ക്രിമിനൽ കുറ്റമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഡി'മെല്ലോ സർ. അദ്ദേഹം തന്റെ  വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച ചെറിയ സമ്പാദ്യം ഉപയോഗപ്പെടുത്തി പാവപ്പെട്ട കർഷകരുടെയും മറ്റും കയ്യിൽ അകപ്പെട്ടുകിടക്കുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കാലാവധി കഴിഞ്ഞ നോട്ടുകൾ കൈപ്പറ്റി, പകരം അവർക്ക് ഉപയോഗിക്കാവുന്ന പുതിയ കറൻസികൾ നൽകുന്നുണ്ട്. അത് ഒരു സാമൂഹ്യസേവനം എന്ന നിലയ്ക്കാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ ഇന്നുവരെ ഏകദേശം 40,000  രൂപ  മാറ്റിക്കൊടുത്തിട്ടുണ്ട് പാവങ്ങൾക്ക് എന്നദ്ദേഹം അവകാശപ്പെടുന്നു.  

കന്നഡസാഹിത്യത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ് അദ്ദേഹം.

2002 -ൽ ഹരിയാനയിൽ ദളിതർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ചെരുപ്പിടുന്നത് നിർത്തിയത്. അവനവനെ ദളിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പൊരുതുന്ന ഒരാളായിട്ടാണ് അദ്ദേഹം കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ കയ്യിൽ പരിചയക്കാരനായ ഒരു പത്രക്കാരനിൽ നിന്നും വാങ്ങിയ പഴയൊരു ലാപ്ടോപ്പും ഉണ്ട്. 

സംസാരിക്കാതെയായി എന്നുവെച്ച് ഡി'മെല്ലോ സാറിന് വിദ്യാഭ്യാസം ഒട്ടും കുറവില്ല കേട്ടോ. കന്നഡസാഹിത്യത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ് അദ്ദേഹം.  പ്രചാരണം തെരുവുകച്ചവടക്കാർക്കും, പാവപ്പെട്ടവർക്കും ഇടയിൽ മാത്രം. 


വല്ലപ്പോഴും അത്യാവശ്യത്തിന് വല്ലവരെയും ധരിപ്പിക്കാനുണ്ടെങ്കിൽ അത് എഴുതിയറിയിക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഒരു കറുത്ത സ്ളേറ്റുണ്ട്. അതിൽ തെരുവിലെ തണ്ണിമത്തൻ കച്ചവടക്കാരനിൽ നിന്നും കടം വാങ്ങിയ വെള്ളം ഒരു പരുത്തി നൂലിൽ മുക്കി അതുകൊണ്ട് സ്ളേറ്റിൽ എഴുതിക്കാണിക്കും. ആ വെള്ളം ഉണങ്ങുന്നതുവരെയുള്ള ആയുസ്സ് മാത്രമേ ആ സന്ദേശത്തിനും കാണൂ. 

ഇങ്ങനെ, ഒട്ടു വിചിത്രമെന്നുതന്നെ പുറം ലോകത്തിനു തോന്നാവുന്ന ഒരു ജീവിത ശൈലി ആയിരുന്നിട്ടും അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു സംഭ്രമവുമില്ല. ഇഹലോക ദുഃഖങ്ങളൊന്നും തന്നെ അദ്ദേഹത്തെ വലയ്ക്കുന്ന മട്ടില്ല. ഖാദർ കുർത്ത, ലുങ്കി, പിന്നൊരു ഷാൾ. ആകെക്കൂടി കാണാനും സ്റ്റൈലിന് കുറവൊന്നുമില്ല. 

ജയിക്കില്ല എന്നറിഞ്ഞു കൊണ്ട് എന്തിനാണ് ഈ പരിപാടിക്കിറങ്ങുന്നത്..? എന്ന് ആരെങ്കിലും ചോദിച്ചാൽ,     
" എന്റെ പോരാട്ടം തന്നെ ഒരു വിപ്ലവമാണ്. അത് ഈ തെരഞ്ഞെടുപ്പിൽ തീരുന്നില്ല.."  അദ്ദേഹം തന്റെ സ്ളേറ്റിൽ മറുപടിയെഴുതും.. 

പോയി ജയിച്ചു വരൂ ഡി'മെല്ലോ സർ..! അങ്ങയുടെ മൗനം ജനങ്ങളുടെ കാതുകളിൽ മുഴങ്ങട്ടെ..!!

 

കടപ്പാട് : റെഡിഫ് 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം