ഹാർദിക് പട്ടേലിനെ തല്ലിയത് രാഹുൽ അയച്ച ആളോ ? ആ പ്രചാരണത്തിന് പിന്നിലെ സത്യം

By Web TeamFirst Published Apr 20, 2019, 11:18 AM IST
Highlights

ഹാർദികിന്റെ കരണം പുകച്ചയാൾ കോൺഗ്രസ് പാളയത്തിൽ നിന്ന് തന്നെയാണ് എന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള ഒരു ചിത്രം പ്രചരിച്ചു.  രാഹുൽ ഗാന്ധിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് അത് ചെയ്തത് എന്നും

പാട്ടിദാർ കക്ഷി നേതാവായിരുന്ന ഹാർദിക് പട്ടേൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ ചേരുന്നത്. ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ നടന്ന ഒരു റാലിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേജിലേക്ക് കേറി വന്ന് ഒരാൾ ഹാർദികിന്റെ കരണത്തടിച്ചു. കാമറയ്ക്കു മുന്നിലായിരുന്നു സംഭവം. അതിന്റെ ക്ലിപ് സകല മാധ്യമങ്ങളിലും വൈറലായി പ്രചരിച്ചു. 

ഹാർദികിന്റെ കരണത്തടിച്ചയാളിനെ അപ്പോൾ തന്നെ അദ്ദേഹത്തിന്റെ അനുയായികൾ വളഞ്ഞിട്ട് മർദ്ദിച്ച് തീരെ അവശനാക്കിയിരുന്നു. ഇങ്ങനെ ഒരു കൃത്യത്തിന് മുതിർന്ന ആളിന്റെ പേര് തരുൺ ഗജ്ജർ എന്നാണ്.  ഇയാൾ ഒരു ബിജെപി പ്രവർത്തകനാണ് എന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ വാദം. 

ഹാർദികിന്റെ നേർക്കുള്ള ഈ കരണത്തടിയ്ക്ക് ശേഷം കോൺഗ്രസ് ബിജെപിയ്ക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മറുപക്ഷത്തുനിന്നും ഒരു ഫോട്ടോയാണ് മറുപടിയായി വന്നത്. ഹാർദികിന്റെ കരണം പുകച്ചയാൾ കോൺഗ്രസ് പാളയത്തിൽ നിന്നുതന്നെ ഉള്ളയാളാണ് എന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു അത്. എന്നുമാത്രമല്ല, രാഹുൽ ഗാന്ധിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് തരുൺ ഗജ്ജാർ എന്നും അവർ ആരോപിച്ചു. 

ചൗക്കിദാർ അമിത് തോമർ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് ഇങ്ങനെ ഒരു ആക്ഷേപം വന്നിരിക്കുന്നത് . ഈ ട്വീറ്റിലുള്ള ചിത്രങ്ങളിൽ  രണ്ടാമത്തേത്  ഹാർദിക് പട്ടേലിനെ അടിക്കുന്ന ചിത്രമാണ്. അടിക്കുന്ന വ്യക്തിയോട് അസാമാന്യമായ രൂപസാദൃശ്യമുള്ള ഒരാളാണ് ആദ്യ ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ തൊട്ടടുത്ത് നിൽക്കുന്നത്. " ഇങ്ങനെയൊരു നാടകം നടക്കും എന്ന് നേരത്തേ തോന്നിയിരുന്നു" എന്നാണ് ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. അതായത് ഹാർദിക്കിന് മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി രാഹുൽ ഗാന്ധിയും കൂടി അറിഞ്ഞു കൊണ്ടുള്ള ഒരു നാടകമാണിത് എന്നാണ് ഇവിടെ ആരോപിക്കപ്പെടുന്നത്. 

किसी मोदी समर्थक ने हार्दिक पटेल () की कुटाई नही की बल्कि ये खुद हार्दिक पटेल की चाल थी...पटेल समाज की सहानभूति हांसिल करने के लिए...

जो व्यक्ति वोटों के लालच में खुद को थप्पड़ लगवा सकता हैं वो किस दूसरे के साथ क्या-क्या कर सकता हैं...

भगाओ इसको जहाँ भी दिखे... pic.twitter.com/beil6zSd01

— Chowkidar Amit Tomar (@Tomar72India)

 

എന്നാൽ വിശദമായ അന്വേഷണത്തിൽ ഈ ആരോപണം തെറ്റാണ് എന്ന് തെളിയും. ഹിന്ദുസ്ഥാൻ ടൈംസ് പത്രം പ്രസിദ്ധീകരിച്ചതാണ് രാഹുൽ ഗാന്ധിയുടെ മേൽപ്പറഞ്ഞ ചിത്രം. അതിലുള്ളത് പക്ഷേ, തരുൺ ഗജ്ജർ അല്ലെന്നു മാത്രം. അത് അനുഗ്രഹ് നാരായൺ സിംഗ് എന്ന ഉത്തർപ്രദേശ് കോൺഗ്രസ് നേതാവാണ്. 

അലഹബാദ് നോർത്തിൽ നിന്നും നാലുവട്ടം MLA ആയിരുന്നു അദ്ദേഹം. ഈ ചിത്രം 2016 ൽ അലഹബാദിൽ നടന്ന ഒരു കർഷകറാലിയിലേതാണ്. രണ്ടുപേരും തമ്മിൽ വളരെ നേരിയ ഒരു മുഖസാമ്യം ഉണ്ടെന്നത് നേരാണ്. ഇതുപയോഗപ്പെടുത്തിയാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്കുനേരെ ഈ നുണപ്രചാരണം നടന്നിരിക്കുന്നത്. 

വസ്തുത ഇതാണ്. ഹാർദിക് പട്ടേലിന്റെ കരണത്തടിച്ച വ്യക്തി രാഹുൽ ഗാന്ധിയുടെ വേണ്ടപ്പെട്ട ആരുമല്ല. കോൺഗ്രസുകാരൻ പോലുമല്ല. തരുൺ ഗജ്ജറിന് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല എന്നാണ് പൊലീസ് ഭാഷ്യം. 

ആ കണക്ക് വേറെയാണ്. പാട്ടീദാർ സമരം നടക്കുന്ന സമയത്ത് തരുൺ ഗജ്ജാറിന്റെ ഭാര്യ ഗർഭിണിയായിരുന്നു. അദ്ദേഹത്തിന് ആശുപത്രിയിൽ പോയി വരുന്ന സമയം ഒരുപാട് ബുദ്ധിമുട്ടുകൾ ഈ സമരം കൊണ്ടുണ്ടായിരുന്നു. കുട്ടിയുണ്ടായ ശേഷവും പലവട്ടം ഹാർദിക്‌ പട്ടേലിന്റെ സമരം കാരണം ഗുജറാത്തിൽ ഹർത്താലുകൾ ഉണ്ടായി. അന്നും ഇദ്ദേഹം ഏറെ പാടുപെട്ടിരുന്നത്രേ. അക്കാലത്തേ ഗജ്ജർ മനസ്സിൽ ശപഥമെടുത്തിരുന്നു, ഇതിനൊക്കെ കാരണക്കാരനായ ഹാർദിക്‌ പട്ടേലിന്റെ കരണക്കുറ്റി നോക്കി ഒരു ദിവസം ഒന്ന് കൊടുക്കുമെന്ന്. അത് നിറവേറാൻ അല്പം വൈകി എന്ന് മാത്രം. 

click me!