രാജ്യത്ത് വോട്ട് ചെയ്യാന്‍ നരേന്ദ്രമോദിമാര്‍ 1342.!

By Web TeamFirst Published Apr 11, 2019, 7:01 PM IST
Highlights

മോദിക്കും രാഹുലിനും മാത്രമല്ല അപരന്‍മാരുള്ളത്. സോണിയാ ഗാന്ധിക്കുമുണ്ട് അതേപരുള്ള അപരന്‍മാര്‍. രാജ്യത്ത് 2,133 പേരാണ് സോണിയാ ഗാന്ധി എന്ന് പേരുള്ളവര്‍.

ദില്ലി: രാജ്യത്ത് എത്ര നരേന്ദ്രമോദിമാരുണ്ട്? ഉത്തരം ഒന്നെന്നാണെങ്കില്‍ തെറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒറിജിനല്‍ നരേന്ദ്രമോദി അടക്കം രാജ്യത്ത്  1342 നരേന്ദ്രമോദിമാര്‍ വോട്ട് അവകാശമുള്ളവരായി ഉണ്ട് എന്നാണ്. തീര്‍ന്നില്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കൗതുകങ്ങള്‍.

കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പേരിനോട് സാമ്യമുള്ള 302 വോട്ടര്‍മാര്‍ കൂടിയുണ്ട് രാജ്യത്തെന്നാണ് കണക്ക് പറയുന്നത്. മോദിക്കും രാഹുലിനും മാത്രമല്ല അപരന്‍മാരുള്ളത്. സോണിയാ ഗാന്ധിക്കുമുണ്ട് അതേ പേരുള്ള അപരന്‍മാര്‍. രാജ്യത്ത് 2,133 പേരാണ് സോണിയാ ഗാന്ധി എന്ന് പേരുള്ളവര്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അതേ പേരുള്ള അഞ്ചു വോട്ടര്‍മാരുമുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ പട്ടികയില്‍.

കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയുടെ പേരാണ് എന്നാണ് നിങ്ങള്‍ ഇതുവരെ ധരിച്ചിരുന്നതെങ്കില്‍ അതും വോട്ടര്‍പട്ടിക കാണുമ്പോള്‍ തിരുത്തേണ്ടിവരും. കാരണം കോണ്‍ഗ്രസ് എന്ന് പേരുള്ള 588 പേര്‍ വോട്ടര്‍മാരായി പട്ടികയിലുണ്ട്.  കോണ്‍ഗ്രസ് എന്ന് പേരുള്ളവരെ കണ്ട് ഇടതുപക്ഷം നെറ്റി ചുളിക്കേണ്ട. കാരണം പേരിനാണെങ്കിലും കമ്മ്യൂണിസ്റ്റ് എന്ന് പേരുള്ള ഒമ്പതു പേര്‍ വോട്ടര്‍ പട്ടികയിലുണ്ട്. ഇന്ത്യയിലെ നേതാക്കള്‍ മാത്രമല്ല പട്ടികയിലെ പ്രമുഖര്‍. ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി എന്ന് പേരുള്ള ഹിറ്റ്‌ലറുടെ പേരുള്ള 1470 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. 

രാഷ്ട്രീയം വിട്ടാല്‍ ബോളിവുഡിലെ പ്രശസ്തര്‍ക്കുമുണ്ട് അപരനാമങ്ങള്‍. അമിതാഭ് ബച്ചന്‍ എന്ന് പേരുള്ള 450 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. 7000 ഗബ്ബര്‍ സിംഗുമാരും ഒരു മിസ്റ്റര്‍ ഇന്ത്യയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയിലുണ്ട്.

ഇനി മറ്റു ചില പേരുകള്‍ കൂടി കേള്‍ക്കു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു വോട്ടറുടെ പേര് കുമാര്‍ സെക്സ്. വോട്ടര്‍പട്ടികയിലെ മറ്റൊരു പേരാകട്ടെ കമ്പ്യൂട്ടര്‍. ഇനിയൊന്ന് കാറല്‍ മാര്‍ക്സ്. ഇനിയൊരാളുടെ പേരാണ് ശരിക്കും ന്യൂ ജനറേഷന്‍. പേര് ടാബ്‌ലറ്റ്. മറ്റൊരാളുടെ പേര് ഇഞ്ചക്ഷന്‍ കുമാര്‍.

click me!