
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അന്‍ജ്വാ ജില്ലയിലെ മലോഗം ഗ്രാമത്തില്‍ പോളിങ് 100 ശതമാനമായിരുന്നു. കാരണം ആകെ ഒറ്റ വോട്ടറേ ആ ഗ്രാമത്തിലുള്ളൂ. 39 കാരിയായ സൊകേല തയാങ്. ജനാധിപത്യത്തിന് രാജ്യം എത്ര വില കല്‍പിക്കുന്നുവെന്ന് തയാങ്ങിന്‍റെ വോട്ടിലൂടെ മനസ്സിലാകും.
കാടും മലയും താണ്ടി തയാങ്ങിന്‍റെ വോട്ടിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത് രണ്ട് ദിവസം. പ്രിസൈഡിങ് ഓഫിസര്‍ ഗമ്മര്‍ ബാമിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് യാത്ര തിരിച്ചത്. ഒരു പത്രപ്രവര്‍ത്തകനും ഇവരെ അനുഗമിച്ചു. മൊബൈല്‍ ഫോണ്‍ റേഞ്ച് പോലും ഇല്ലാത്ത അപകടകരമായ ചെങ്കുത്തായ പ്രദേശങ്ങളിലൂടെ ആറു കിലോമീറ്ററോളം നടന്നു വേണം വോട്ടറുടെ അരികിലെത്താന്‍. തിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.
ബുധനാഴ്ച രാവിലെയാണ് ബസില്‍ സംഘം തിരിച്ചത്. ഒരു പ്രത്യേക സ്ഥലത്ത് ജീവിക്കുന്നു എന്ന കാരണത്താല്‍ ആര്‍ക്കും വോട്ടു ചെയ്യാനുള്ള അവസരം ഇല്ലാതിരിക്കരുത് എന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പറഞ്ഞത്. പ്രദേശത്ത് അഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും തയാങ്ങിന് മാത്രമാണ് വോട്ടവകാശം. ലോകസഭയിലേക്കും നിയമസഭയിലേക്കും തയാങ്ങിന്‍റെ വോട്ട് ഉറപ്പിച്ചാണ് സംഘം മടങ്ങിയത്.