
ദില്ലി: സോഷ്യല്‍മീഡിയയില്‍ മാത്രമല്ല ടാറ്റൂയിംഗിലും തരംഗമായിരിക്കുകയാണ് പ്രധാനമന്ത്രിയുടെ 'ഞാനും കാവല്‍ക്കാരനാണ്' ക്യാമ്പയിന്‍. നിരവധി ബിജെപി പ്രവര്‍ത്തകരാണ് തങ്ങളുടെ കൈത്തണ്ടയില്‍ 'ഞാനും കാവല്‍ക്കാരനാണ്' എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും 'ഞാനും കാവല്‍ക്കാരനാണ്' എന്ന സ്ലോഗനും ചേര്‍ത്താണ് ബിജെപി അനുകൂലികള്‍ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. യുവാക്കളാണ് ടാറ്റൂ തരംഗത്തിന്റെ ഭാഗമായിരിക്കുന്നവരില്‍ അധികവും. ചിലര്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ടാറ്റൂ കുത്തുമ്പോള്‍ മറ്റ് ചിലര്‍ ആശ്രയിക്കുന്നത് 'ടെംപററി ടാറ്റൂവിംഗ്' ആണ്. പലയിടങ്ങളിലും ടാറ്റൂ കലാകാരന്മാര്‍ സൗജന്യമായാണ് ഇത് ചെയ്തുകൊടുക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ് പരാമര്‍ശത്തിന് മറുപടി എന്ന നിലയ്ക്ക് മാര്‍ച്ച് ആറിനാണ് ട്വിറ്ററില്‍ 'ഞാനും കാവല്‍ക്കാരനാണ്' (മേം ഭീ ചൗക്കിദാര്‍) ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെല്ലാം രാജ്യത്തിന്റെ കാവല്‍ക്കാരാണ് എന്നതാണ് ക്യാമ്പയിന്റെ ടാഗ് ലൈന്‍. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും അണികളും എല്ലാം ചേര്‍ന്ന് ക്യാമ്പയിന്‍ വന്‍ വിജയമാക്കിയതിന് പിന്നാലെ ഫേസ്ബുക്കിലും ചൗക്കിദാര്‍ തരംഗം പ്രകടമായി. ലക്ഷക്കണക്കിന് ആളുകളാണ് പ്രൊഫൈലില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്ത് ക്യാമ്പയിന്റെ ഭാഗമായത്.