റോഡില്ലെങ്കിൽ വോട്ടില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരണ ഭീഷണിയുമായി ഉത്തരാഖണ്ഡിലെ 10 ഗ്രാമങ്ങൾ

By Web TeamFirst Published Apr 1, 2019, 5:58 PM IST
Highlights

ന്യായമാണ് ഈ ഗ്രാമീണരുടെ ആവശ്യം. പ്രധാന മന്ത്രി ഗ്രാം സഡക്  യോജന(PMGSY) പ്രകാരം റോഡിനായി ഏകദേശം നാലുകോടിയിലധികം രൂപയുടെ ഒരു പദ്ധതിയ്ക്ക് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് തറക്കല്ലിട്ടതുമാണ്. എന്നാൽ റോഡ് ഇന്നും ഏട്ടിലെ പശുവായി തന്നെ അവശേഷിക്കുന്നു.

 സ്വാതന്ത്ര്യം കിട്ടിയിട്ട് കൊല്ലം പത്തെഴുപതായി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ, വലിയൊരു മലമുകളിൽ പലയിടത്തായി പുലരുന്ന പത്തു ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാൻ ഒരു റോഡിനായി അവിടത്തെ ജനങ്ങൾ ഇനി മുട്ടാൻ വാതിലുകളൊന്നും ബാക്കിയില്ല. ഉത്തരാഖണ്ഡിൽ ഇന്ത്യാ ചൈനാ അതിർത്തിയോടു ചേർന്നാണ് ഈ വിദൂരഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ബേമറു, ബജ്നീ, ലുംദാവു, സ്യൂൺ, ദുമക്, കൽഗോട്ട്, ഉചോം, കിമാണാ, ജഘോലാ, പല്ലാ തുടങ്ങിയ പത്തു ഗ്രാമങ്ങളാണ് ഇപ്പോൾ വോട്ടെടുപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കി രംഗത്തുവന്നിരിക്കുന്നത്. ഏകദേശം പതിനായിരത്തിലധികം വോട്ടുകളുണ്ട് ഈ പത്തു ഗ്രാമങ്ങളിലുമായി. 

ഒരു റോഡിനായുള്ള ഇവരുടെ ആവശ്യം ചുരുങ്ങിയത് 40  വർഷമെങ്കിലും പഴയതാണ്. ഈ ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്ന മലഞ്ചെരിവിന്റെ തൊട്ടടുത്ത് ഒരു ചെങ്കുത്തായ താഴ്വരയാണ്. താഴ്വരയുടെ അപ്പുറത്ത് കൂടിയാണ് ബദരീനാഥിലേക്ക് പോവുന്ന റോഡ്. ആ പ്രദേശത്തുകൂടി പോവുന്ന അളകനന്ദ എന്ന നദി മഴക്കാലത്ത് പലപ്പോഴും കരകവിഞ്ഞ് താഴ്വരയിലൂടെ ഒഴുകും. അതോടെ ഈ ഗ്രാമങ്ങളും പുറം ലോകവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടും.

എന്തെങ്കിലും അത്യാവശ്യത്തിന് ആർക്കെങ്കിലും നഗരത്തിലേക്ക് പോവണമെന്നുണ്ടെങ്കിൽ പിന്നെ അത് അസാധ്യമാവും. അതുകൊണ്ട് താഴ്വരയുടെ ഇങ്ങേ ഭാഗത്തുകൂടി, അതായത് ഈ പത്ത് അതിർത്തി ഗ്രാമങ്ങളിൽ നിന്നും അധികം ദൂരെയല്ലാതെ, ഒരു സമാന്തര പാത, ബദരീനാഥിലേക്കുള്ള ആ റോഡിൽ ചെന്ന് ചേരുന്ന രീതിയിൽ നിർമിച്ചാൽ താഴ്വരയുടെ അങ്ങേവശത്തുള്ള പാത നിരന്തരം ഉപയോഗിക്കുന്ന സൈന്യത്തിനും ഇതൊരു 'ബാക്ക് അപ്പ് ' റൂട്ട് ആയിരിക്കും. 

ന്യായമാണ് ഈ ഗ്രാമീണരുടെ ആവശ്യം. പ്രധാന മന്ത്രി ഗ്രാം സഡക്  യോജന(PMGSY) പ്രകാരം റോഡിനായി ഏകദേശം നാലുകോടിയിലധികം രൂപയുടെ ഒരു പദ്ധതിയ്ക്ക് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് തറക്കല്ലിട്ടതുമാണ്. എന്നാൽ റോഡ് ഇന്നും ഏട്ടിലെ പശുവായി തന്നെ അവശേഷിക്കുന്നു. ഗ്രാമീണരുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് റോഡ് മാത്രം ഇതുവരെ വന്നില്ല. 2016 -ൽ പൂർത്തിയാവേണ്ട ഈ പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല. നല്ലൊരു സ്‌കൂളോ, ആശുപത്രിയെ മറ്റുള്ള അടിസ്ഥാന സൗകര്യങ്ങളോ ഇവിടെ ഇതുവരെ വന്നിട്ടില്ല. വളരെയധികം റിസ്കെടുത്തതുകൊണ്ട്, ചെങ്കുത്തായ മലഞ്ചെരിവുകളിലൂടെ നിത്യം യാത്ര ചെയ്തുകൊണ്ടാണ് ഇവിടത്തെ കുട്ടികൾ അവരുടെ വിദ്യാഭ്യാസം പോലും പൂർത്തിയാക്കുന്നത്. 

തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം തങ്ങളെ കാണാനും വോട്ടുചോദിക്കാനും വന്ന്, വോട്ടിംഗ് കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ചുവർഷത്തേക്ക് തിരിഞ്ഞു പോലും നോക്കാത്ത നേതാക്കളെ ഇക്കുറി എന്തായാലും ചൂലുമായി വരവേൽക്കാനുള്ള മൂഡിലാണ് ഈ ഗ്രാമങ്ങളിലെ ജനം. അവരെ പറഞ്ഞു സമാധാനിപ്പിക്കാനും അച്ചടക്കത്തോടെ പോളിങ്ങ് ബൂത്തിലേക്ക് അയക്കാനും കുറച്ചൊന്നുമല്ല രാഷ്ട്രീയപ്പാർട്ടികൾക്ക് മിനക്കെടേണ്ടി വരിക. 

click me!