'നിര്‍മാല്യം' മുതല്‍ 'ഒരു ചെറുപുഞ്ചിരിവരെ'; കാലം മാറ്റിവരച്ച ആവാസവ്യവസ്ഥകള്‍, ജീവിതാന്വേഷണങ്ങള്‍

Published : Jan 29, 2025, 01:15 PM ISTUpdated : Jan 29, 2025, 01:28 PM IST
'നിര്‍മാല്യം' മുതല്‍ 'ഒരു ചെറുപുഞ്ചിരിവരെ'; കാലം മാറ്റിവരച്ച ആവാസവ്യവസ്ഥകള്‍, ജീവിതാന്വേഷണങ്ങള്‍

Synopsis

എ ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'നിര്‍മാല്യം' മുതല്‍ 'ഒരു ചെറുപുഞ്ചിരിവരെ'യുള്ള ചലച്ചിത്രങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും എത്തിച്ചേരലുമായിരുന്നു.   

എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചലച്ചിത്രങ്ങള്‍ക്ക് ഒരു തുടര്‍ച്ച കൈവരുന്നതായി കാണാം. മനുഷ്യരുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അതിന്റെ കാതല്‍. ഗ്രാമത്തിലും നഗരത്തിലും കടവിലും വിദൂരതയിലും ജീവിതമെന്ന പ്രഹേളികയുടെ പൊരുള്‍ തേടുകയായിരുന്നു അദ്ദേഹം.

 

Also Read: കമലഹാസന്‍, ജയന്‍: മലയാളി ആണ്‍ കാമനയുടെ കുമ്പസാര രഹസ്യങ്ങള്‍

 

കേരളത്തിലെ കാര്‍ഷിക ഭൂബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം ആണ് എം ടി വാസുദേവന്‍ നായരുടെ സാഹിത്യവും കടന്നുവരുന്നത്. ഭൂ ഉടമ സമ്പ്രദായത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനഘട്ടം ആയിരുന്നു അതിന്റെ ചരിത്രസന്ദര്‍ഭം. ചരിത്രത്തിന്റെ ഈ സംക്രമണ ഘട്ടത്തെ അതിന്റെ സങ്കീര്‍ണ്ണതകളോടെ എംടിയുടെ കൃതികളില്‍ വായിക്കാം. തകരുന്ന നാലുകെട്ടുകളില്‍ നിന്ന്, ഫ്യൂഡല്‍ ഗൃഹാതുരതകളില്‍നിന്ന് ഇറങ്ങിനടക്കുന്ന കാലത്തിന്റെ സംഘര്‍ഷവും തറവാടുകളുടെ ശൈഥില്യവും ആ രചനകള്‍ അടയാളപ്പെടുത്തുന്നു. സാമൂഹ്യപരിവര്‍ത്തനങ്ങള്‍ കുടുംബ-സ്വകാര്യ ജീവിതങ്ങളെയും വ്യക്തിയുടെ ആന്തരിക ജീവിതത്തെയും ആഴത്തില്‍ കുഴമറിക്കുന്നു. സാമൂഹിക വ്യക്തിജീവിതത്തിന്റെ ആഭ്യന്തര കാഴ്ചകള്‍ മലയാള സിനിമയുടെ സാംസ്‌കാരിക മുദ്രയായി മാറുന്നതും ഇതേ കാലത്താണ്. 

 

.....................................

Also Read: സ്വയംവരം മുതല്‍ അറബിക്കഥവരെ; ആദര്‍ശ മലയാളി കണ്ട പ്രവാസി

 

ദ്വന്ദ്വങ്ങളുടെ സംഘര്‍ഷം

1965-ല്‍ പുറത്തുവന്ന 'മുറപ്പെണ്ണ്' കേരളത്തിന്റെ ഗ്രാമീണ ഭൂബന്ധങ്ങളയും കാര്‍ഷിക കാലത്തെയും കാഴ്ചയിലേയ്ക്ക് കൊണ്ടുവന്നു. ഭൂപ്രഭുത്വത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് എന്നപോലെ ഗ്രാമീണ കാര്‍ഷിക ജീവിതത്തില്‍ നിന്നും നാഗരിക, അര്‍ദ്ധനാഗരികതയിലേക്കുള്ള സംക്രമണ ഘട്ടവും അതിന്റെ സംഘര്‍ഷങ്ങളും എംടിയുടെ ചലച്ചിത്രങ്ങളുടെ അന്തര്‍ധാരകള്‍ ആയിരുന്നു. ഭൂമിയില്‍ അധ്വാനിച്ച് കുടുംബം പുലര്‍ത്തിയ 'മുറപ്പെണ്ണി'ലെ ബാലന്റെ ജീവിതം നഷ്ടങ്ങളുടെതാകുമ്പോള്‍ അമ്മാവന്റെ പണംകൊണ്ട് നഗരത്തില്‍പോയി പഠിച്ച അനിയന്‍ എല്ലാം നേടുന്നവന്‍ ആകുന്നു. ബാലന് മുറപ്പെണ്ണായ ഭാഗിയെ നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് അനിയന്റെ ഉദ്യോഗവും നാഗരിക ജീവിതവുമാണ്. 'നീലത്താമര', 'നഖക്ഷതങ്ങള്‍', 'ആരൂഢം' തുടങ്ങിയ ചലച്ചിത്രങ്ങളിലും ഗ്രാമം-നഗരം, കര്‍ഷകര്‍-ഉദ്യോഗസ്ഥര്‍ എന്നീ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷം കാണാം. 

കാര്‍ഷികാവസ്ഥയിലേക്ക് പടരാന്‍ ആവാതെയും ഫ്യൂഡലിസ്റ്റ്-കാര്‍ഷിക വ്യവസ്ഥയില്‍ അതിജീവിക്കാനാവാതെയും കുഴഞ്ഞുപോകുന്ന മനുഷ്യാവസ്ഥയുടെ ആഖ്യാനങ്ങളായിരുന്നു എം ടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' (1973), 'ബന്ധനം' (1978), 'കടവ്' (1991) എന്നീ ചലച്ചിത്രങ്ങളുടെയും പ്രമേയകേന്ദ്രം. ചെറുകാടിന്റെ 'ദേവലോകം' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു 'ദേവലോകം' (1979). ജനകീയ ചലച്ചിത്ര നിര്‍മ്മാണ സംരംഭമായ ജനശക്തിയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കാനായില്ല. 1982 -ല്‍ പുറത്തുവന്ന 'വാരിക്കുഴി' വയനാടന്‍ വനപശ്ചാത്തലത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവിഛേദത്തിന്റെ സൂക്ഷ്മാലേഖനമാണ്. മറ്റൊരര്‍ത്ഥത്തില്‍ ബന്ധവിച്‌ഛേദത്തിന്റെ നിതാന്തമായ മുറിവായിരുന്നു 'മഞ്ഞ്' (1983). ബന്ധസംഘര്‍ഷങ്ങളുടെ ഇനിയും വേര്‍തിരിച്ചെടുക്കാനാവാത്ത ഒരിഴ ഒരു 'ചെറുപുഞ്ചിരി' (2000)യുടെ നേര്‍ത്ത വേദനയാണ്.

 

...................................

Also Read: മണിയും ശ്രീനിയും പിന്നെ കാണിയും

 

കാലം മാറ്റിവരയ്ക്കുന്ന ഗ്രാമജീവിതം

'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു 'നിര്‍മാല്യം'. അതിവേഗം മാറിമറിയുന്ന ഗ്രാമീണ കാര്‍ഷിക ജീവിതമാണ് 'നിര്‍മാല്യ'ത്തിന്റെ സ്ഥലം. സ്വയം സമ്പൂര്‍ണ്ണമായിരുന്ന ഗ്രാമം എന്ന ആവാസവ്യവസ്ഥയ്ക്കുള്ളില്‍ കാലപരിണാമത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കുന്ന പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനാവാതെ പോകുന്ന മനുഷ്യരെ രേഖപ്പെടുത്തുകയായിരുന്നു ചലച്ചിത്രം. ക്ഷയിച്ച ക്ഷേത്രം, ദേവതയെ ഉപാസിച്ചും സ്വയംസമര്‍പ്പിച്ചും ജീവിതം കെട്ടിപ്പടുക്കാമെന്ന അന്ത്യപ്രതീക്ഷ കൈവിടാത്ത വെളിച്ചപ്പാട്, പ്രതീക്ഷയറ്റ് വീട് വിട്ടുപോകുന്ന വെളിച്ചപ്പാടിന്റെ മകന്‍ അപ്പു, ജാതിജീവിതത്തിന് പുറത്ത് മറ്റൊരു തൊഴില്‍ ജീവിതം സ്വപ്നം കാണുന്ന ശാന്തിക്കാരന്‍ ബ്രഹ്മദത്തന്‍, ഗ്രാമത്തിനപ്പുറം പ്രണയാതിര്‍ത്തികള്‍ അടഞ്ഞുപോകുന്ന വെളിച്ചപ്പാടിന്റെ മകള്‍ അമ്മിണി, വിശന്നുകരിയുന്ന മക്കളുടെ വയറിനേക്കാള്‍ വലിയ ലോകവും സദാചാരവുമില്ലെന്ന് ഒരുനിമിഷം തോന്നിപ്പോകുന്ന വെളിച്ചപ്പാടിന്റെ ഭാര്യ നാരായണി, മാറിമറിയുന്ന കാലത്തിന് മുമ്പേ സഞ്ചരിച്ച് മുതലാളിത്തത്തിന്റെ സാമ്പത്തികയുക്തിയിലേയ്ക്ക് ഫ്യൂഡല്‍ പാരമ്പര്യത്തെ ലയിപ്പിച്ച് അതിജീവിക്കുന്ന വല്യതമ്പുരാന്‍ എന്നിങ്ങനെ പലനിലകളുള്ള മനുഷ്യരുടെ പ്രതിനിധികളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. തട്ടകത്തെ മുഴുവന്‍ മനുഷ്യരുടെയും സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ അലയുന്ന വെളിച്ചപ്പാടിന് സ്വന്തം വീട്ടിലെ ദാരിദ്ര്യത്തിന് പരിഹാരം കാണാനാകുന്നില്ല. ഉപാസിച്ച ദേവത തുണയ്ക്കുകയില്ലെന്ന തിരിച്ചറിവാണ് അയാളുടെ മരണത്തെ അഗാധമായ സാമൂഹിക വിമര്‍ശനമാക്കുന്നത്. 
നഗരത്തില്‍ ഗുമസ്തനായി ജോലിനോക്കുകയാണ് ബന്ധനത്തിലെ ഉണ്ണികൃഷ്ണന്‍ (സുകുമാരന്‍). ആള്‍ക്കൂട്ടത്തിനിടയിലും അയാള്‍ ഏകാകിയായിരുന്നു. സഹപ്രവര്‍ത്തകയായ സരോജിനിക്ക് (ശുഭ) ഉണ്ണികൃഷ്ണനോട് പ്രണയമാണ്, തന്റെ അനുരാഗം തിരികെ പ്രകടിപ്പിക്കുന്നതിന് അയാള്‍ക്ക് കഴിയുന്നില്ല. തന്റെ അര്‍ദ്ധ സഹോദരിയുടെ കത്ത് ലഭിക്കുകയും നാട്ടിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും അര്‍ത്ഥം തിരിച്ചറിയുന്നു. സഹോദരിയുടെ വിവാഹം നടത്തി, തിരികെ ജോലിസഥലത്തേയ്ക്ക് തിരിക്കുന്ന അയാളുടെ ഉള്ളില്‍ സരോജിനിയോടൊത്തുള്ള ജീവിതമെന്ന സ്വപ്നമുണ്ട്. എന്നാല്‍ യാത്രയ്ക്കുമുമ്പ് സരോജിനിയുടെ വിവാഹ ക്ഷണക്കത്ത് അയാള്‍ക്ക് ലഭിക്കുന്നു. ആള്‍ക്കൂട്ടത്തിലെ ഏകാന്തതയിലേയ്ക്ക് അയാള്‍ വന്നണയുകയാണ്. തിരസ്‌കാരത്തിന്റെയും അവഗണനയുടെയും കയ്‌പ്പേറിയ ഭൂതകാലമുണ്ടായിരിക്കുമ്പോഴും ഗ്രാമം ജീവിതത്തിന്റെ ചില നല്ലമുഹൂര്‍ത്തങ്ങള്‍ അയാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. നഗരം ആള്‍ക്കൂട്ടത്തിലേയ്ക്കും ഏകാന്തതയിലേയ്ക്കും അയാളെ നാടുകടത്തുകയാണ്. 

 

.............................

Also Read: തൂവാനത്തുമ്പികളിലെ ജഗതിയെ പിടിച്ചുകെട്ടി കൊണ്ടുപോവുമ്പോള്‍ നാം ചിരിക്കുന്നത് എന്തു കൊണ്ടാണ്?

 

നഗരത്തിനും ഗ്രാമത്തിനുമിടയില്‍ 

അന്യവും സ്‌നേഹരഹിതവുമായ നഗരം എന്ന ആശയമാണ് 'കടവ്' എന്ന ചലച്ചിത്രത്തിന്റെയും പ്രമേയധാര. അമ്മ ഉപേക്ഷിച്ച കൗമാരക്കാരനായ രാജു കടവിലെത്തുകയും ബീരാന്‍ എന്ന കടത്തുകാരന്റെ സഹായിയായി കൂടുകയും ചെയ്യുന്നു. അവിടെവച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടിയോട് അവന് ഇഷ്ടം തോന്നുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് ആ പെണ്‍കുട്ടി കടവു കടന്ന് നഗരത്തിലെ ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകുന്നു. ആ യാത്രയില്‍ അവള്‍ രാജുവിനെ ക്ഷണിക്കുന്നുണ്ട്. കടത്തും വഞ്ചിയും ഉപേക്ഷിച്ച് പോകാന്‍ അവന് മനസ്സുവന്നില്ല. അവള്‍ പോയശേഷം വള്ളത്തില്‍നിന്ന് അവളുടെ പാദസരം അവന് ലഭിക്കുന്നു. അത്  തിരികെ നല്‍കാനായി അവന്‍ കടവ് കടന്ന് നഗരത്തിലേയ്ക്ക് പോകുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ അവന്‍ കണ്ടെത്തുന്നു. പക്ഷെ, മറ്റൊരു ജീവിതക്രമത്തിലേയ്ക്ക് വീണുപോയ അവള്‍ രാജുവിനെ തിരിച്ചറിയുന്നതായി ഭാവിച്ചില്ല, ആ പാദസരം തന്റേതല്ലെന്നും അവള്‍ പറയുന്നു. നിരാശനായ രാജു കടവിലേയ്ക്ക് മടങ്ങുന്നു. കടവ് പലതരം മനുഷ്യര്‍ ഒത്തുകൂടുകയും യാത്രപോകുകയും വന്നുചേരുകയും ചെയ്യുന്ന ഇടമാണ്. കടവ് രണ്ടുദേശങ്ങളെ വിഭജിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഇടമാണ്. എവിടേയ്ക്കും പോകാനുള്ള ഇടം എന്നതിനേക്കാള്‍, ഏത് തിരസ്‌കൃതര്‍ക്കും വന്നണയാവുന്ന ഇടമായി കടവ് മാറുന്നു.

 

..............................

Also Read: തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സും അര്‍ജ്ജുനനും അന്‍സാരിയും ഒരേ നാട്ടുകാരാണ്!

 

സ്ഥലരാശികള്‍ക്കപ്പുറം മനുഷ്യബന്ധങ്ങള്‍

നഷ്ടബന്ധങ്ങളുടെ നിത്യവേദനയായിരുന്നു മഞ്ഞ്. മിശ്രയുമായുണ്ടാകുന്ന പ്രണയബന്ധവും വിമലയുടെ നിഷ്ഫലമാകുന്ന കാത്തിരിപ്പുമാണ് മഞ്ഞിന്റെ പ്രമേയം. ഭൂതവര്‍ത്തമാനങ്ങളുടെ കലര്‍പ്പിലൂടെ മഞ്ഞുപോലെ ഉറഞ്ഞുപോയതോ വര്‍ണ്ണരഹിതമോ ആയ സ്ഥലരാശിയില്‍കഴിഞ്ഞുകൊണ്ട് വിമലയുടെ  മനസ്സ് ഭൂതകാലത്തെ നിരന്തരം വീണ്ടെടുക്കുന്നു. അത് ചിലപ്പോള്‍ ഉടഞ്ഞുപോയ കുടുംബബന്ധങ്ങളുടെ ഓര്‍മ്മകളായും, ഓരോ ഋതുവിലും വന്നുപോകുന്ന മനുഷ്യരുടെ വേര്‍പാടുകളുടെ സ്മൃതികളായും വിഫലമാകുന്ന കാത്തിരിപ്പിന്റെ അന്ത്യത്തില്‍പോലും, വരുമെന്ന പ്രതീക്ഷയായും ചൂഴുന്നു. ശിഥിലമാകുന്ന മനുഷ്യബന്ധങ്ങളുടെ പ്രഹേളികയായിരുന്നു 'മഞ്ഞ്'. 

 

....................

Also Read: പത്മരാജന്റെ പ്രണയം ശരീരത്തെ മറികടക്കുമ്പോള്‍ ഭരതന്റെ പ്രണയം ശരീരത്തെ വീണ്ടെടുക്കുന്നു

 

ഗ്രാമം എന്ന അഭയമുറിവ്

'ഒരു ചെറുപുഞ്ചിരി' ഈ പ്രഹേളികയെ അഴിച്ചെടുക്കുകയും ബന്ധങ്ങളുടെ ഗാഢസ്ഥലങ്ങളെ പുനരാനയിക്കുകയും ചെയ്യുന്നു. മനുഷ്യരും മനുഷ്യരും തമ്മില്‍ മാത്രമല്ല, മനുഷ്യരും പ്രകൃതിയും തമ്മില്‍പ്പോലും നിലനില്‍ക്കുന്ന ഗാഢവും ലീനവുമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും കാല്പനികമായൊരു സ്ഥലം സങ്കല്‍പിക്കുകയായിരുന്നു എം ടി, 'ഒരു ചെറു പുഞ്ചിരി'യില്‍. ഏതേതു നാടുകളില്‍ അലഞ്ഞുതിരിഞ്ഞാലും ഒടുവില്‍ വന്നെത്തിനില്‍ക്കുന്ന വാസസ്ഥലമായി, ആവാസ വ്യവസ്ഥയായി ഗ്രാമം മാറുന്നു. എം ടി വാസുദേവന്‍നായര്‍ തന്റെ ചലച്ചിത്രങ്ങളില്‍ സ്വയം പൂര്‍ണ്ണമായൊരു ആവാസസ്ഥലം സങ്കല്‍പ്പിക്കുകയായിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയും കാര്‍ഷിക മുതലാളിത്തത്തിലേയ്ക്കുള്ള സംക്രമണവും ഭൗതിക യാഥാര്‍ത്ഥ്യത്തിനപ്പുറം വ്യക്തികളുടെ ജീവിത കാമനകളുടെ ആന്തരിക ഘടനയെ അതെങ്ങനെയെല്ലാം അപായപ്പെടുത്തുന്നു എന്ന അന്വേഷണവുമാണ് നിര്‍മാല്യം മുന്നോട്ടുവച്ചത്. നഗരത്തില്‍ വേരാഴ്ത്തിനില്‍ക്കാനാവാതെ ആടിയുലയുന്ന പുതുമധ്യവര്‍ഗത്തിന്റെ ആന്ദോളനമായിരുന്നു ബന്ധനം. ഗ്രാമ-നഗര ദ്വന്ദ്വങ്ങള്‍ക്കിടയില്‍, പോക്കുവരവുകളുടെ ജലപാതയില്‍ കണ്ടുപിരിഞ്ഞുപോകുന്നവരുടെ മടക്കങ്ങളും, തിരിച്ചുവരവില്ലാത്ത യാത്രകളും രേഖപ്പെട്ട ചരിത്രസ്ഥലമാണ് കടവ്; തോണിക്കാരന്‍ ചരിത്രകാരനും. ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണം

അപൂര്‍ണ്ണമായ ഈ സ്ഥലരാശികളെ പൂരിപ്പിക്കുകയോ ഗ്രാമീണ കാര്‍ഷിക സമൃദ്ധിയുടെ ആത്മീയസ്ഥലം കണ്ടെടുക്കുകയോ ആണ് 'ഒരു ചെറുപുഞ്ചിരി'. 'നിര്‍മാല്യം' മുതല്‍ 'കടവ്' വരെയുള്ള ചലച്ചിത്രങ്ങളിലോ, 'മഞ്ഞി'ലോ സംവിധായകന്‍ അനുഭവിച്ച സന്ദിഗ്ധതകള്‍ 'ഒരു ചെറുപുഞ്ചി'രിയില്‍ സമീകരിക്കുന്നു. 

ഇവിടെ ഗ്രാമം ആദിയുമന്ത്യവും ചേര്‍ത്തുകെട്ടിയ കര്‍മ്മബന്ധങ്ങളുടെ കൂടാണ്. ആ കൂടുവിട്ട്, ഒരു സായാഹ്നയാത്രയുടെ ശാന്തതയോടെ കടന്നുപോകുന്ന കൃഷ്ണക്കുറുപ്പ്, മരണത്തെയല്ല, ജീവിതത്തെയാണ് സാക്ഷാത്കരിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചലച്ചിത്രങ്ങള്‍ക്ക് ഒരു തുടര്‍ച്ച കൈവരുന്നതായി കാണാം. മനുഷ്യരുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അതിന്റെ കാതല്‍. ഗ്രാമത്തിലും നഗരത്തിലും കടവിലും വിദൂരതയിലും ജീവിതമെന്ന പ്രഹേളികയുടെ പൊരുള്‍ തേടുകയായിരുന്നു അദ്ദേഹം. 'നിര്‍മാല്യ'ത്തില്‍ അത്യന്തം പകച്ചുപോകുന്ന ജീവിതം പലപല ഘട്ടങ്ങളിലൂടെ എത്തിച്ചേരുന്ന സ്വസ്ഥസ്ഥലമായി 'ഒരു ചെറുപുഞ്ചിരി' മാറുന്നു. 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്