ഷീല, സീമ, ജയഭാരതി, ശ്രീവിദ്യ, ജയസുധ, വിധുബാല, ലക്ഷ്മി, ഉണ്ണിമേരി, ശ്രീദേവി, ശോഭ,  എന്നിങ്ങനെ എഴുപതുകളിലെ നായികമാര്‍ അണിനിരന്നപ്പോള്‍ നായകനായെത്തിയ  അര്‍ദ്ധനഗ്‌നനായ കമല്‍ഹാസന്‍ പ്രേക്ഷക തൃഷ്ണകളുടെ ഉടലായി. ആണ്‍ശരീരം സ്ത്രീയെ വശീകരിക്കുന്നതിനുള്ള അസംസ്്കൃതവസ്തുവായി. കരുത്ത് വിനിമയം ചെയ്യുന്ന ദൃശ്യവസ്തുവായി ശരീരത്തെ പാകപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് പുരുഷ സൗന്ദര്യ ബോധം മാറുന്ന ഘട്ടം കൂടിയാണിത്. ഈറ്റയില്‍ പുഴയില്‍ കുളിക്കുന്ന കമല്‍ഹാസന്റെ പിന്‍ഭാഗം നിര്‍ന്നിമേഷയായി നോക്കി നില്‍ക്കുന്ന ഷീല പറയുന്നുണ്ട് ''നീ ഇങ്ങനെ നിന്ന് കുളിക്കാതെ, വല്ല പെണ്ണുങ്ങളുടെയും കണ്ണുപെടും.'' എന്ന്.


ആനന്ദനിര്‍ഭരമായ ജീവിതാഭിലാഷങ്ങളിലേക്കുള്ള വ്യക്തികളുടെ തുറന്നുവിടലാണ് പ്രണയം. മണ്ണില്‍ തൊടാതെ പറക്കുന്ന മനസ്സിന്റെ കുതിരവേഗങ്ങളെ വരുതിയിലാക്കാന്‍ ശരീരങ്ങളുടെ നിയന്ത്രണം ഉറപ്പുവരുത്തുകയാണ് മാര്‍ഗ്ഗം. പരമാവധി അധ്വാനസാധ്യതയുള്ളതും സന്താനോല്‍പാദനത്തിന് അനുയോജ്യമെന്ന അനുമാനിക്കപ്പെടുന്നതുമായ യൗവനാവസ്ഥയിലുള്ള ശരീരങ്ങളുടെയും അവയോടനുബന്ധിച്ചുള്ള സ്വത്വങ്ങളുടെയും ആഘോഷത്തിലൂടെയാണ് ഈ ക്രമപ്പെടുത്തല്‍ സാധ്യമാകുന്നത്. നിലവിലുള്ള സമൂഹ- കുടുംബ ഘടനക്കുള്ളില്‍ പെണ്ണുകാണല്‍, വിവാഹം, ആദ്യരാത്രി, രതി തുടങ്ങിയ ആചാരബദ്ധമായ അനുഷ്ഠാനങ്ങളിലൂടെ നിയന്ത്രിതവും 'സ്വതന്ത്ര'വുമായ ഒരിടം' യൗവന'ങ്ങള്‍ക്ക് തുറന്നു കിട്ടുന്നു.

വ്യക്തിയുടെ തൃഷ്ണകളും രതി കാമനകളും കുടുംബ-സമുദായങ്ങളുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കിയത്. ഇവിടെ ആനന്ദനിര്‍ഭരമായ പ്രണയത്തിലേയ്ക്കുള്ള വ്യക്തിയുടെ തുറന്നുവിടലല്ല, മറിച്ച് പ്രണയാഭിലാഷങ്ങളെ ശരീരത്തിലേയ്ക്കു മാത്രമായി ക്രമപ്പെടുത്തുകയാണ്. അങ്ങനെ പ്രണയം ശരീരത്തെ കാമിക്കാന്‍, പ്രാപിക്കാന്‍, വരുതിയിലാക്കാന്‍, കീഴടക്കാനുള്ള (പലപ്പോഴും പുരുഷന്റെ) യത്‌നങ്ങളായിത്തീരുന്നു. അതാകട്ടെ മറ്റൊരാളുടെ ശരീരത്തിലേയ്ക്കും സ്വകാര്യതയിലേയ്ക്കും ഇഷ്ടങ്ങളിലേയ്ക്കുമുള്ള ഹിംസാത്മകമായ കടന്നുകയറ്റമാണ്. ഈ യത്‌നത്തെ ആയാസരഹിതമാക്കുക മാത്രമല്ല, അതിലടങ്ങിയ ഹിംസയെ സദാചാരഭദ്രവുമാക്കുകയുമാണ് മത പൗരോഹിത്യങ്ങള്‍ ചെയ്തത്. വിവാഹം അങ്ങനെ ഹിംസയെ സാര്‍വത്രികവും സാധാരണവുമാക്കുന്നു. സമുദായങ്ങളുടെ മേല്‍നോട്ടത്തില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഉടമ്പടി എന്ന നിലയില്‍ വിവാഹങ്ങള്‍ക്ക് നയതന്ത്രമാനം കൈവരുന്നു. അങ്ങനെ വിവാഹവും അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന ലൈംഗികതയും അതിന്റെ ആകാംക്ഷകളും ആഘോഷങ്ങളും കുടുംബ സമുദായങ്ങളാല്‍ ബന്ധിതവും സദാചാര ബദ്ധവുമായ നയതന്ത്ര ശാരീരിക ഉടമ്പടിയായി മാറുന്നു. 'ജീവിതം യൗവ്വന തീക്ഷ്ണവും, ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന അസുലഭ കാലഘട്ട'ത്തിന്റെ ആനന്ദമോഹങ്ങളെ ശരീര വ്യാപാരം മാത്രമാക്കി മാറ്റുന്നതിലൂടെ പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളെ വിട്ടുകളയുന്നതിനും ലൈംഗികതയുടെ ആകാംക്ഷകളെ പ്രീണിപ്പിക്കുന്നതിനും അതിന് കഴിയുന്നു. ജീവിതം വിവാഹത്തിനായുള്ള കാത്തിരിപ്പുകളിലേയ്ക്കും അതിനായുള്ള പാകപ്പെടലുകളിലേയ്ക്കും ഒരുക്കങ്ങളിലേയ്ക്കും കേന്ദ്രീകരിക്കുന്നു. പ്രണയം വിവാഹത്തിന്റെ അസംസ്‌കൃത വസ്തുവായിത്തീരുന്നു. 

ഉടല്‍ ഉടമ്പടികള്‍ക്ക് വേണ്ടിയുള്ള ഈ നിതാന്തമായ കാത്തിരിപ്പുകളിലാണ് യൗവ്വന തൃഷ്ണകള്‍ കൊരുത്തിരിക്കുന്നത്. അതോടെ തൃഷ്ണകള്‍ മേയാനിറങ്ങുന്ന ഭൂപടമായി ശരീരം വികസിക്കുന്നു. ഇനിയും കണ്ടെത്താനിരിക്കുന്ന ദേശങ്ങളും ഭൂഖണ്ഡങ്ങളും തേടി ആണ്‍കാമനകള്‍ നടത്തിയ ഭാവനാ സഞ്ചാരങ്ങള്‍ സാഹിത്യത്തിലും ചലച്ചിത്രത്തിലും ആവര്‍ത്തിച്ചു. ആണ്‍ പെണ്‍ ശരീരങ്ങളെക്കുറിച്ചുള്ള ഏകപക്ഷീയ ഭാവനകളാല്‍ നിബിഡമായിരുന്നു ചലച്ചിത്രങ്ങള്‍. പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയും പെണ്‍ ശരീരത്തെ കാമിക്കാന്‍ പുരുഷന്‍ അണിയേണ്ട ശരീരം ഏതാണ്? ആണ്‍ കാമനയിലെ പെണ്ണുടല്‍ എന്തായിരിക്കണം? ഈ ആകാംക്ഷകളുടെ ദൃശ്യാവിഷ്‌കാരമായിരുന്നു എഴുപതുകളിലെ ജനപ്രിയ മലയാള സിനിമ.

പെണ്‍ ശരീരത്തിന്റെയും സ്ത്രീ സ്വത്വത്തിന്റെയും ആനന്ദ കാമനകളെക്കുറിച്ചുള്ള അവ്യക്തമായ അനുമാനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ആഖ്യാനസ്ഥലങ്ങളായിരുന്നു ചലച്ചിത്രങ്ങള്‍. തരളിതമാകുന്ന പെണ്‍ (ശരീര) മോഹങ്ങള്‍ക്ക് അഭിമുഖമായി കരുത്തുറ്റ പുരുഷ ശരീരം ദൃശ്യപ്പെടുന്നത് ഈ ഘട്ടത്തിലാണ്. 1970കളുടെ തുടക്കത്തില്‍ കമല്‍ഹാസന്‍ ഒരു താരമായി ഉദിച്ചുയരുന്നതോടെയാണ് മലയാളസിനിമയില്‍ ആണ്‍ ശരീരം ദൃശ്യാനന്ദത്തിനും തൃഷ്ണക്കുമുള്ള വസ്തുവായി അരങ്ങേറ്റപ്പെടുന്നതെന്നുപറയാം.'' (ആണ്‍ശരീരങ്ങളും അടുപ്പങ്ങളും മലയാള സിനിമയില്‍, ടി മുരളീധരന്‍, പച്ചക്കുതിര, സെപ്റ്റംബര്‍, 2004) കമല്‍ഹാസന്റെ ആദ്യചിത്രമായ 'കന്യാകുമാരി (1974)' മുതല്‍ വിഷ്ണുവിജയം (1975), ഈറ്റ (1978) തുടങ്ങിയ ചിത്രങ്ങള്‍ അനാവൃതമായ ആണ്‍ശരീരങ്ങളുടെ ആനന്ദകരമായ വിന്യാസം സൃഷ്ടിക്കുന്നു.

 

 

കമല്‍ഹാസന്‍: അര്‍ദ്ധനഗ്‌നനായ രക്ഷകന്‍

കമല്‍ഹാസന്റെ താര ശരീരത്തെ ആഘോഷമാക്കിയ കന്യാകുമാരി (കെ എസ് സേതുമാധവന്‍-1974) വ്യക്തി തൃഷ്ണകളുടെ സദാചാര നിരൂപണംകൂടിയായിരുന്നു.  ശങ്കരന്‍ (കമല്‍ ഹാസന്‍), പാര്‍വ്വതി (റീതാ ഭാദുര)-പ്രണയ-ദുരിതങ്ങളുടെ ആഖ്യാനമെന്നു തോന്നാമെങ്കിലും കന്യാകുമാരി യഥാര്‍ത്ഥത്തില്‍ പുരുഷ ശരീരക്ഷമതയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചുമുള്ള താരതമ്യ വിചാരത്തിനാണ് ശ്രമിക്കുന്നത്. കന്യാകുമാരിയില്‍ വിനോദ-ആധ്യാത്മിക സന്ദര്‍ശനത്തിനെത്തിയവരില്‍ നിന്ന് ക്രമരഹിതമെന്നു (random) തോന്നാവുന്ന ഒരു തെരഞ്ഞെടുപ്പ് നടത്തുന്നു. ഫ്രെഡറിക് എന്ന അതികായന്‍, ധൂര്‍ത്തിലും മദ്യത്തിലും തകര്‍ന്നടിഞ്ഞ് മനസ്സും ശരീരവും ദുര്‍ബലമായ ജയന്‍, സന്താന ലബ്ധിക്കായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വൃദ്ധനായ വടക്കേയിന്ത്യന്‍ വ്യാപാരി, അയാളുടെ യൗവ്വന യുക്തയായ ഭാര്യ, ലൗകിക ജീവിതങ്ങളില്‍ നിന്ന് വിടപറഞ്ഞ-എന്നാല്‍ മനസ്സില്‍ പൂര്‍വ്വാശ്രമചിന്തകള്‍ അലട്ടുന്ന സന്യാസി, രോഗിയും സംശയാലുവുമായ വൃദ്ധന്‍, കുടുംബത്തെ പ്രാരബ്ധങ്ങളില്‍ നിന്ന് കരകയറ്റാന്‍ ആ ധനിക വൃദ്ധന്റെ ഭാര്യയാകേണ്ടിവന്ന രജനി. എല്ലാവരും ഒരേ അതിഥി മന്ദിരത്തിലെ താമസക്കാരാണ്. അവരുടെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളല്ല ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. മറിച്ച് അവരുടെ ശരീരങ്ങളാണ്.

വൃദ്ധനായ വടക്കേയിന്ത്യന്‍ വ്യാപാരിയുടെ (ശങ്കരാടി) ഭാര്യയ്ക്ക് കടലില്‍ നീന്തുന്ന കരുത്തനായ ഫ്രെഡറിക്കിന്റെ ശരീരത്തോട് മോഹം തോന്നുകയും അയാളെ തേടിപ്പോവുകയും ചെയ്യുന്നുണ്ട്. വൃദ്ധനും രോഗിയുമായ വൃദ്ധന്റെ കാര്‍ക്കശ്യത്തില്‍ അസംതൃപ്തമാണ് രജനിയുടെ യൗവ്വനം. രണ്ടിടത്തും ആണ്‍ശരീരം ആരോഗ്യക്ഷമമല്ല. അധ്വാന സാധ്യതയുള്ളതോ സന്താനോല്‍പാദനത്തിന് അനുയോജ്യമോ അല്ല. ഇവരെല്ലാം താമസിക്കുന്ന ഹോട്ടലിലെ ജോലിക്കാരനായ ഭാസ്്കരന്‍ (ആലുംമൂടന്‍) പറയുന്നത് ''വിളഭൂമിയാണ്'' തന്റെ ഭാര്യ എന്നാണ്. വിവാഹത്തിനു ശേഷം എട്ടു തവണ മാത്രം ഭാര്യയെ സന്ദര്‍ശിച്ച അയാള്‍ ഇരട്ടകളടക്കം ഒമ്പത് കുട്ടികളുടെ പിതാവാണെന്നും പറയുന്നു. ആണുടലിന്റെ ലൈംഗിക ക്ഷമതയെക്കുറിച്ചുള്ള ഈ താരതമ്യം വൈരുദ്ധ്യങ്ങളോടെ നിലനില്‍ക്കുന്ന നില്‍ക്കേണ്ടുന്ന കുടുംബത്തെക്കുറിച്ചുള്ള സദാചാര സങ്കല്‍പത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് കേവല ലൈംഗികത അസാന്‍മാര്‍ഗികവും അധാര്‍മ്മികവുമാണെന്ന് സ്ഥാപിക്കേണ്ടതുണ്ട്.

ഈ താരതമ്യത്തിനായി രണ്ട് ആണ്‍ ശരീരങ്ങളെയാണ് ചലച്ചിത്രം പരിശോധിക്കുന്നത്. ഒന്നാമത്തെ ശരീരം സദാചാര വിചാരണ നേരിടുന്നു. ധൂര്‍ത്ത ജീവിതത്താല്‍ അടിപതറി ശരീരവും മനസ്സും കൈവിട്ടുപോയ ജയന്‍ (പ്രേം നവാസ്) എന്ന കഥാപാത്രം. ഒരു ധൂര്‍ത്ത പുത്രന്റെ ദയനീയ വീഴ്ചയെ അയാള്‍ക്ക് കൈവിട്ടുപോയ പ്രണയ ദാമ്പത്യത്തിന്റെ ശിഥിലമായ ഓര്‍മ്മകളിലൂടെ ആഴമേറിയ ദുരന്താനുഭവമാക്കി മാറ്റുകയാണ്. യൗവ്വനയുക്തമെങ്കിലും പ്രയോഗശേഷിയില്ലാത്തതാണ് ശരീരമാണ് അയാളുടേത്. ജീവിത വ്യവസ്ഥയെക്കുറിച്ചുള്ള പൗരോഹിത്യ-മത ബോധത്തെ ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ സദാചാര ഭദ്രമായ ഉടല്‍ എന്ന രൂപകംആധികാരികത നേടുന്നു. 

രണ്ടാമത്തെ ശരീരം നേരിടുന്നത് ധാര്‍മ്മിക വിചാരണയാണ്. ശരീര സുഖത്തിലധിഷ്ടിതമായ ജീവിതമാണ് ഫ്രെഡറിക്കിന്റേത്. ഭക്ഷണം, മദ്യം, വ്യായമം, സ്ത്രീ എന്നിങ്ങനെ ശാരിരികമായ ആനന്ദമാണ് അയാള്‍ തേടുന്നത്. അതിനാല്‍ ഫ്രെഡറിക്കിന്റെ ഇണതേടല്‍, ഇരതേടലും ഹിംസയുമാണ്. കുടുംബത്തിനുള്ളിലെ ഹിംസ ന്യായീകരിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുകയെന്ന ദൗത്യവും ഇവിടെ നിറവേറ്റുന്നു.

അസാന്‍മാര്‍ഗികവും അധാര്‍മ്മികവുമായ ശരീരങ്ങള്‍ക്കും വാര്‍ദ്ധക്യത്തിനും കായികക്ഷമല്ലാത്ത ആണുടലുകള്‍ക്കും അസംതൃപ്തമായ പെണ്‍ ശരീരങ്ങള്‍ക്കും സമാന്തരമായി യൗവ്വന തീഷ്ണവും പ്രണയസുരഭിലവുമായ ശങ്കരനും പാര്‍വ്വതിയും ദൃശ്യമാകുന്നു. പാര്‍വ്വതിയെ മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെ അയാളെ ശങ്കരന്‍ കൊലപ്പെടുത്തുന്നു. ദുഷ്ടനിഗ്രഹം എന്ന നിയോഗവും സ്ത്രീ സംരക്ഷണം എന്ന ദൗത്യവും ഒരുമിച്ച് നിറവേറ്റപ്പെടുന്നു. പാര്‍വതിയേക്കാള്‍ ദൃശ്യത സിനിമയിലുടനീളം ശങ്കരനാണ്. സിനിമയില്‍ ഉടനീളം കമലാഹാസന്‍ അല്പവസ്ത്രധാരിയാണ്. ലുങ്കിയോ, അപൂര്‍വ്വമായി മാത്രം ബനിയനോ ധരിക്കുന്ന അനാവൃതമായ വെളുത്ത ശരീരം.

ഷീല, സീമ, ജയഭാരതി, ശ്രീവിദ്യ, ജയസുധ, വിധുബാല, ലക്ഷ്മി, ഉണ്ണിമേരി, ശ്രീദേവി, ശോഭ,  എന്നിങ്ങനെ എഴുപതുകളിലെ നായികമാര്‍ അണിനിരന്നപ്പോള്‍ നായകനായെത്തിയ  അര്‍ദ്ധനഗ്‌നനായ കമല്‍ഹാസന്‍ പ്രേക്ഷക തൃഷ്ണകളുടെ ഉടലായി. ആണ്‍ശരീരം സ്ത്രീയെ വശീകരിക്കുന്നതിനുള്ള അസംസ്്കൃതവസ്തുവായി. കരുത്ത് വിനിമയം ചെയ്യുന്ന ദൃശ്യവസ്തുവായി ശരീരത്തെ പാകപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് പുരുഷ സൗന്ദര്യ ബോധം മാറുന്ന ഘട്ടം കൂടിയാണിത്. ഈറ്റയില്‍ പുഴയില്‍ കുളിക്കുന്ന കമല്‍ഹാസന്റെ പിന്‍ഭാഗം നിര്‍ന്നിമേഷയായി നോക്കി നില്‍ക്കുന്ന ഷീല പറയുന്നുണ്ട് ''നീ ഇങ്ങനെ നിന്ന് കുളിക്കാതെ, വല്ല പെണ്ണുങ്ങളുടെയും കണ്ണുപെടും.'' എന്ന്. സ്ത്രീയെ പുരുഷ ശരീരത്തിന്റെ ഉപാസകരായി സങ്കല്‍പ്പിക്കുന്ന ചലച്ചിത്രങ്ങള്‍ ആണ്‍ കാമനകളുടെ ഏകപക്ഷീയമായ ആഖ്യാനങ്ങളായിരുന്നു. 'സിനിമകളില്‍ തൃഷ്ണയുടെ സംബോധനാമാര്‍ഗ്ഗം ഒന്നുകില്‍ ഒരു 'അസംതൃപ്തയായ വിവാഹിതയിലൂടെയോ (വിഷ്ണുവിജയം, ഈറ്റ- രണ്ടിലും നായിക ഷീല) അല്ലെങ്കില്‍ ചെറുപ്പക്കാരിയായ വിധവയിലൂടെയോ (രാസലീല നായിക-ജയസുധ) ആണ്.' (ടി മുരളീധരന്‍, പച്ചക്കുതിര, സെപ്റ്റംബര്‍, 2004).  അങ്ങനെ സ്ത്രീ കാമനകളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ത്യാഗിയും സാഹസികനുമായ സംരക്ഷകന്‍ എന്ന ആദര്‍ശ-കാല്പനിക ശരീരമായി കമല്‍ഹാസന്‍ മാറി.

 

 

ജയന്‍: മോഹങ്ങളുടെ കുമ്പസാരക്കൂട്

'ജയന്റെ താരോദയമാണ് ആണ്‍ ശരീരത്തിന്റെ രതിവല്‍ക്കരണത്തിന്റെ മറ്റൊരു നിര്‍ണ്ണായക ഘട്ടം. ജയന്റെ 'തേര്‍ട്ടി പ്ലസ്' ഭാവങ്ങളും രോമാവൃതമായ ബലിഷ്ഠ ശരീരവും കെട്ടുകാഴ്ചയെന്ന നിലയില്‍ ആണ്‍ ശരീരതയെ അടിമുടി പുനര്‍നിര്‍വചിച്ചെടുത്തുവെന്ന് മുരളീധരന്‍ നിരീക്ഷിക്കുന്നു (ആണ്‍ശരീരങ്ങളും അടുപ്പങ്ങളും മലയാള സിനിമയില്‍, , പച്ചക്കുതിര, സെപ്റ്റംബര്‍, 2004).

ജയന്റെ ശരീരത്തെ അഭിസംബോധന ചെയ്ത തൃഷ്ണയും വഴിവെട്ടിവിട്ടത് 'അസംതൃപ്ത സ്ത്രീ'കളിലൂടെയാണെങ്കിലും (ശരപഞ്ജരത്തിലെ ഷീല) ജയന്റെ ജനപ്രീതി മുഖ്യമായും ആണ്‍കുട്ടികളിലും ചെറുപ്പക്കാരര്‍ക്കുമിടയിലായിരുന്നു. കുറ്റബോധങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും അനാകര്‍ഷകമാക്കപ്പെട്ട ആനന്ദമോഹങ്ങളും നിറഞ്ഞ കൗമാര ആണ്‍ കാമനകളിലേയ്ക്ക് ജയന്‍ താരമായി കടന്നുകയറുന്നു. അങ്ങാടി, അന്തപ്പുരം, അങ്കത്തട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ ശരീരക്കാഴ്ച ആഘോഷിക്കപ്പെടുന്നു. അങ്ങാടിയില്‍ അത് പൂര്‍ണ്ണതയിലെത്തി പൊട്ടിത്തെറിക്കുന്നു. ആനന്ദദായകമായ അനുഭവം എന്നനിലയില്‍ സമൂഹത്തില്‍ ജിജ്ഞാസയും താല്പര്യവും വളര്‍ത്തുന്നതിനൊപ്പം ഭീതിയും ആകാംക്ഷയും കുറ്റബോധവും പോലെയുള്ള അസുഖകരങ്ങളായ വികാരങ്ങളും ഉണര്‍ത്താന്‍ ലൈംഗികതയ്ക്ക് കഴിയുന്നു. ഇവയുടെ സങ്കീര്‍ണ്ണമായ കലര്‍പ്പുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന സദാചാര ധ്വംസനവും കീഴടങ്ങലും പുരുഷാധികാരിക വാഴ്ത്തലുമൊക്കെയായി സിനിമകള്‍ ആവര്‍ത്തിച്ചു.

പുരുഷ ശരീരത്തിന്റെ അപരസ്ഥാനത്താണ് സ്ത്രീ സങ്കല്‍പ്പിക്കപ്പെടുന്നത്. അതിലൂടെ പുരുഷപ്രകടനങ്ങള്‍ക്ക് പാത്രമാകാനും അതില്‍ സുഖം കണ്ടെത്താനുമുള്ള ബാധ്യതയാണ് സ്തീകള്‍ക്ക് കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. സംരക്ഷണം, കീഴടക്കല്‍, കൈമാറ്റം ചെയ്യല്‍ എന്നിവയിലുള്ള അവകാശം ഈ അവസ്ഥ പ്രദാനം ചെയ്യുന്നു. പെണ്ണുകാണല്‍, കന്യാദാനം, വിവാഹം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ ഇതിന്റെ സദാചാരബദ്ധമായ സ്ഥിരീകരണമാണ്. രതികാമനകളുടെ ആകാംക്ഷയും കുറ്റബോധവും സിനിമ മറികടക്കുന്നത് ഈ സദാചാര വഴക്കങ്ങളിലൂടെയാണെന്നു കാണാം. 

തൃഷ്ണകളുടെയും ശരീര കാമനകളുടെയും സാമൂഹിക സദാചാരങ്ങളുടെയും ഇടനിലയായിരുന്നു ജയന്‍. അയാള്‍ ചിലപ്പോള്‍ തൃഷ്ണകളിലേയ്ക്കും ചിലപ്പോള്‍ സദാചാര ഭദ്രമായ ഉടല്‍ നിലകളിലേയ്ക്കും ആന്ദോളനം ചെയ്തു. സദാചാരത്തിന്റെ കൂടുവിട്ടു പറക്കുകയും കുറ്റബോധത്തോടെ കൂടണയുകയും ചെയ്ത മലയാളി മധ്യവര്‍ഗ്ഗ പുരുഷ തൃഷ്ണയുടെ പരകായമായിരുന്നു ജയന്‍. പാപംചെയ്തും പശ്ചാത്തപിച്ചും തിരിച്ചെത്താന്‍ കഴിയുന്ന ജയന്റെ താരശരീരത്തില്‍ പുരുഷ കാമനയുടെ കുമ്പസാര രഹസ്യം  ആലേഖനം ചെയ്തിരുന്നു.