
ഈ വർഷത്തെ സ്പ്രിംഗ് അനിമേ സീസൺ ഒരു കടുത്ത നിരാശയായിരുന്നു. റീലിസിന് മുൻപേ സോഷ്യൽ മീഡിയയിൽ വൈറലായ പല ചിത്രങ്ങളും വെറും ഹൈപ്പ് മാത്രമാണെന്ന് തെളിയിച്ചു. ഏറെ കൊട്ടിഘോഷിച്ച് എത്തിയ പല പരമ്പരകളും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ നിരാശപ്പെടുത്തി. പ്രശസ്തമായ 'അനിമേ ന്യൂസ് നെറ്റ്‌വർക്ക്' പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രതീക്ഷകൾക്ക് ഒട്ടും എത്താതെപോയ 7 ആനിമേ പരമ്പരകളാണ് ഉള്ളത്. മികച്ച കഥാതന്തുവോടെയും നിർമ്മാണ മികവോടെയും എത്തുമെന്ന് കരുതിയ പല ഷോകളും പരാജയപ്പെട്ടത് ആനിമേ ലോകത്തിന് വലിയ തിരിച്ചടിയായി. കഥയിലെ പിഴവുകൾ, ദുർബലമായ ആനിമേഷൻ, തിരക്കഥയിലെ പാളിച്ച എന്നിവയാണ് പലതിനും വിനയായത്.
7. #COMPASS 2.0 ആനിമേഷൻ പ്രോജക്റ്റ്: എ ബീജ് ബാറ്റിൽ റോയൽ
ഒരു മൊബൈൽ ഗെയിമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ അനിമേയ്ക്ക് സ്വന്തമായൊരു വ്യക്തിത്വം ഇല്ലാതെ പോയി. മറ്റ് ബാറ്റിൽ റോയൽ പരമ്പരകളുടെ ഘടകങ്ങൾ ഉപയോഗിച്ച് പുതുമയില്ലാത്ത ആനിമേഷൻ ഉണ്ടാക്കിയതാണ് പ്രധാന കാരണം. ഈ പരമ്പര പ്രേക്ഷകരെ 'ബോറടിപ്പിക്കുന്ന മോശം അനിമേ' ആയതിനാൽ ഇതിനെ 'ബീജ്' എന്ന് വിശേഷിപ്പിക്കുന്നു. ലോകസൃഷ്ടിയിലോ കഥാപാത്രങ്ങളിലോ പുതുമ കൊണ്ടുവരാൽ യാതൊരു ശ്രമവും ഈ പരമ്പര നടത്തിയിട്ടില്ല.
6. ദി ഷിയുൻജി ഫാമിലി ചിൽഡ്രൻ : ആശയക്കുഴപ്പത്തിലാക്കിയ കുടുംബ ബന്ധങ്ങൾ
കഥാപാത്രങ്ങളുടെ വികാരങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവയിൽ വ്യക്തമായ ഒരു ധാരണ നൽകാൻ പരമ്പരയ്ക്ക് കഴിഞ്ഞില്ല. ഇത് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി. കഥാപാത്രങ്ങളുടെ മനോനിലയും സാഹചര്യങ്ങളും കൃത്യമായി നൽകത്തതിനാൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പ്രേക്ഷകർക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിച്ചില്ല. കഥാപാത്രങ്ങളുടെ വികാരങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഇത് പരാജയപ്പെട്ടു.
5. യാൻഡേരെ ഡാർക്ക് എൽഫ് :
'യാൻഡേരെ' (Yandere-സ്നേഹം ഭ്രാന്തമായി മാറുന്ന സ്വഭാവം) വിഭാഗത്തിലെ സ്ഥിരം ക്ളീഷേകൾ തന്നെയാണ് ഇതിലും ഉണ്ടായിരുന്നത്. എന്നാൽ, ഒരു വിനോദ ഘടകമായി കാണാൻ കഴിയുന്നത്ര തീവ്രതയോ, പുതുമയോ ഈ ആനിമേഷന് ഉണ്ടായിരുന്നില്ല. കഥാപാത്ര സൃഷ്ടിയിലെ ഈ പാളിച്ച കാരണം കഥ പ്രേക്ഷകരെ ബോറടിപ്പിച്ചു.
4. ഗോ! ഗോ! ലൂസർ റേഞ്ചർ! സീസൺ 2 :
ആദ്യ സീസണിൽ നേടിയ പ്രേക്ഷകപ്രീതി തുടരാൻ രണ്ടാം സീസണിന് കഴിഞ്ഞില്ല. രണ്ടാം സീസൺ 'സ്റ്റൈൽ ഓവർ സബ്സ്റ്റൻസ്' എന്ന വിമർശനം നേരിട്ടു. തിരക്കഥയുടെ വേഗത അമിതമായി വർദ്ധിപ്പിച്ചതിനാൽ മാംഗയിലെ പ്രധാനപ്പെട്ട കഥാഭാഗങ്ങൾക്ക് മതിയായ സമയം നൽകാനോ, കഥാപത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനോ സാധിച്ചില്ല. ആനിമേഷനിലെ കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങളും ആരാധകരെ നിരാശപ്പെടുത്തി.
3. ദി ബിഗിനിംഗ് ആഫ്റ്റർ ദി എൻഡ് : തുടക്കം മുതൽ പിഴവ്
വൻതോതിൽ ആരാധകരുള്ള നോവലിനെ അടിസ്ഥാനമാക്കി എത്തിയ ഈ പരമ്പരയാണ് ഏറ്റവും വലിയ നിരാശകളിലൊന്ന്. നോവലിൻ്റെ ആത്മാവ് ഉൾക്കൊള്ളാനോ, മികച്ച ദൃശ്യാവിഷ്കാരം നൽകാനോ കഴിയാതെ, ഇത് ഒരു മോശം അഡാപ്റ്റേഷനായി മാറി. വൻ ജനപ്രീതിയുള്ള വെബ്‌കോമിക്കിനെ അടിസ്ഥാനമാക്കി എത്തിയ ഈ പരമ്പരയുടെ പ്രധാന പരാജയ കാരണം ആനിമേഷൻ നിലവാരത്തിലെ കുറവാണ്. കുറഞ്ഞ ബഡ്ജറ്റ് കാരണം ആക്ഷൻ രംഗങ്ങളിലും സാധാരണ രംഗങ്ങളിലും ചലനമില്ലാത്ത 'സ്റ്റിൽ ഷോട്ടുകൾ' അമിതമായി ഉപയോഗിക്കുകയും, ഇത് കഥാപാത്രങ്ങളുടെ ചലനങ്ങളെ ദുർബലമാക്കിയെന്നും നിരൂപകർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ സൃഷ്ടിയോട് നീതി പുലർത്താൻ കഴിയാതെ പോയ മോശം അഡാപ്റ്റേഷനായി ഇത് മാറി.
2. ലാസറസ്: പാഴാക്കിയ പ്രതിഭയും പൊള്ളയായ വാഗ്ദാനങ്ങളും
പ്രമുഖ സംവിധായകരുടെയും സ്റ്റുഡിയോയുടെയും പിന്തുണയോടെ തുടങ്ങിയ പരമ്പര പ്രേക്ഷകർക്കിടയിൽ വലിയ 'ഹൈപ്പ്' സൃഷ്ടിച്ചിരുന്നു. എന്നാൽ, വലിയ ബഡ്ജറ്റും മികച്ച ദൃശ്യങ്ങളും ഉണ്ടായിട്ടും, ആഖ്യാനത്തിലെ പൊരുത്തമില്ലായ്മ തിരിച്ചടിയായി. പരമ്പര നൽകിയ വാഗ്ദാനങ്ങൾക്കൊത്ത് ഉയരാൻ തിരക്കഥയ്ക്ക് കഴിഞ്ഞില്ല. വലിയ സാങ്കേതിക മികവ് ഉണ്ടായിട്ടും, ആകർഷകമല്ലാത്ത കഥാതന്തു പരമ്പരയുടെ പരാജയത്തിന് കാരണമായി. ഒരു മികച്ച അവസരം കളഞ്ഞുകുളിച്ചതിൻ്റെ പേരിൽ ഈ പരമ്പര കടുത്ത വിമർശനം ഏറ്റുവാങ്ങി.
1. യുവർ ഫോർമ : കഥ മറന്നുപോയ സയൻസ് ഫിക്ഷൻ ത്രില്ലർ
2025 സ്പ്രിംഗ് സീസണിലെ ഏറ്റവും വലിയ നിരാശയായി 'അനിമേ ന്യൂസ് നെറ്റ്‌വർക്ക്' തിരഞ്ഞെടുത്തത് 'യുവർ ഫോർമ'യാണ്. ഒരു മികച്ച സയൻസ് ഫിക്ഷൻ ത്രില്ലറിൻ്റെ സാധ്യതകളെല്ലാം ഉണ്ടായിട്ടും, പരമ്പരയ്ക്ക് അതിൻ്റെ കഥാതന്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ത്രില്ലർ എന്നതിലുപരി, 'കഥ മറന്നുപോയ' ഒരു പരമ്പരയായി ഇത് അവസാനിച്ചു.
അനിമേ ലോകത്ത് അടുത്ത സീസണിൽ എത്തുന്ന പരമ്പരകളെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രതീക്ഷ.