
അടുത്തിടെ തെന്നിന്ത്യൻ സൂപ്പർ താരം ധനുഷുമായുള്ള പ്രണയ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ബോളിവുഡ് താരം മൃണാൾ ഠാക്കൂർ. ഒരിടയ്ക്ക് ധനുഷും മൃണാളും വിവാഹം കഴിക്കാക്കാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ വരെ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഗോസിപ്പുകളെയെല്ലാം മൃണാൾ ഠാക്കൂറിന്റെ വൃത്തങ്ങൾ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും അത്തരമൊരു പ്രണയവാർത്തയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മൃണാൾ ഠാക്കൂർ. മൃണാൾ ഠാക്കൂറും ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരമായ യശ്വസി ജെയ്‌സ്വാളും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വരുന്നത്.
ഇരുവരെയും മുബൈയിലെ ബാന്ദ്ര വെസ്റ്റിലെ കഫെയിൽ ഒരുമിച്ച് കണ്ടതോടെയാണ് പാപ്പരാസികൾ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പങ്കുവയ്ക്കാൻ തുടങ്ങിയത്. കഫെയിൽ നിന്ന് ജയ്‌സ്വാൾ ഇറങ്ങിവന്നതിന് കുറച്ച് നിമിഷങ്ങൾക്ക് ശേഷം മൃണാളും പുറത്തിറങ്ങുന്നതും കാണാം. എന്നാൽ ഇരുവരും ഒരുമിച്ചിരിക്കുന്നതായോ മറ്റോ ഉള്ള ചിത്രങ്ങളോ വീഡിയോകളോ ഇല്ല. സമൂഹമാധ്യമങ്ങളിൽ വീഡിയോ ചർച്ചയായതിന് പിന്നാലെ ഇരുവരുടെയും പ്രായവും ചർച്ചയായിട്ടുണ്ട്. 24 വയസ്സാണ് യശ്വസി ജയ്‌സ്വാളിന്. എന്നാൽ മൃണാൾ ഠാക്കൂറിന് 33 വയസാണ് പ്രായം.
അതേസമയം പ്രണയവാർത്തകളിൽ ഇരുവരും ഇതുവരെ യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് യശ്വസി ജയ്‌സ്വാൾ. നേരത്തെ മൃണാൾ ഠാക്കൂറിന്റെ സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രീമിയറിന് ധനുഷും മൃണാളും ഒരുമിച്ചെത്തിയതും, ധനുഷിന്റെ തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിക്ക് മൃണാൾ എത്തിയതും വലിയ ചർച്ചയായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്തായാലും ബോളിവുഡിലും ക്രിക്കറ്റിലും പുതിയ താരപ്രണയത്തിനാണോ മൃണാളും ജയ്‌സ്വാളും തുടക്കമിടുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.