
മുംബൈ: ബോളിവുഡിന്റെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്നറിയപ്പെടുന്ന ആമിർ ഖാൻ 1990-കളിൽ അധോലോകത്തിന്‍റെ ക്ഷണം നിരസിച്ചതിന്‍റ അനുഭവം വെളിപ്പെടുത്തി. അടുത്തിടെ 'ദി ലല്ലൻടോപ്പ്' എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ, വിദേശത്ത് അധോലോക സംഘം സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിനെക്കുറിച്ച് ആമിർ വിശദീകരിച്ചു. എന്നാൽ, പണവും വാഗ്ദാനങ്ങളും ഭീഷണികളും നേരിട്ടിട്ടും, താന്‍ ആ ക്ഷണം നിരസിച്ചുവെന്നാണ് ആമിര്‍ പറഞ്ഞത്.
1980-കളിലും 1990-കളിലും ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ അധോലോകത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. 1988-ൽ ആമിറിന്റെ കസിൻ മൻസൂർ ഖാൻ സംവിധാനം ചെയ്ത 'ഖയാമത്ത് സെ ഖയാമത്ത് തക്' എന്ന ചിത്രത്തിലൂടെ ആമിർ ഒരു സൂപ്പർതാരമായി മാറിയ സമയമായിരുന്നു പ്രസ്തുത സംഭവം.
ആമിറിന്‍റെ പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ, 1990-കളുടെ അവസാനത്തിൽ, അധോലോകത്തിൽ നിന്ന് അദ്ദേഹത്തിന് അധോലോക സംഘം സംഘടിപ്പിച്ച പാർട്ടിയിലേക്കുള്ള ക്ഷണം ലഭിച്ചു. "ഒരുപക്ഷേ ദുബായിൽ, നടക്കുന്ന ഒരു പാർട്ടിയിലേക്ക് എന്നെ ക്ഷണിക്കാൻ അധോലോകത്തിൽ നിന്നുള്ള ചിലർ എന്നെ സന്ദർശിച്ചിരുന്നു," ആമിർ പറഞ്ഞു. എന്നാല്‍ ആ ഓഫര്‍ ആമിര്‍ നിരസിച്ചു.
ആമിറിന്റെ നിരസനത്തിന് ശേഷവും അധോലോകം പിന്മാറിയില്ല. "അവർ ഒരുപാട് ശ്രമിച്ചു. എനിക്ക് പണവും എന്റെ ഇഷ്ടാനുസരണം ഏത് സിനിമയും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു," ആമിർ വെളിപ്പെടുത്തി. എന്നാൽ ആമിര്‍ വഴങ്ങിയില്ല.
അവർ പെട്ടെന്ന് സ്വരം മാറ്റി ആമിര്‍ ആ പാര്‍ട്ടിയില്‍ പങ്കെടുക്കും എന്ന് ഇതിനോടകം അവര്‍ പ്രഖ്യാപിച്ചതിനാൽ അത് അവർക്ക് അഭിമാനപ്രശ്നമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്നിട്ടും ആമിർ വഴങ്ങിയില്ല. "ഞാൻ അവർക്ക് വ്യക്തമായി പറഞ്ഞു 'എന്‍റെ ജീവിതം നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വഴിയെ വരാന്‍ ഞാൻ തയ്യാറല്ല.' ഒരു മാസത്തോളം നിരന്തരം അവർ എന്നെ കാണാൻ വന്നെങ്കിലും, ഞാൻ ആദ്യത്തെ നിലപാടില്‍ തന്നെയായിരുന്നു. നിങ്ങൾക്ക് എന്നെ മർദ്ദിക്കാം, കൈകാലുകൾ കെട്ടി ബലമായി കൊണ്ടുപോകാം, പക്ഷേ ഞാൻ സ്വന്തം ഇഷ്ടപ്രകാരം വരില്ല" എന്നായിരുന്നു ആമിറിന്റെ ധീരമായ മറുപടി.
ഈ ധൈര്യപൂർവ്വമായ നിലപാടിന് ശേഷം, അധോലോകം അവസാനമായി ആമിറിനെ ബന്ധപ്പെട്ടു. "അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. അതിനുശേഷം അവർ എന്നെ വിളിച്ചിട്ടില്ല" ആമിർ ഓർത്തു. എന്നാൽ, ഈ സംഭവം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു, പ്രത്യേകിച്ച് തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച്.
അക്കാലത്ത് ആമിറിന് രണ്ട് ചെറിയ കുട്ടികളുണ്ടായിരുന്നു 1993-ൽ ജനിച്ച ജുനൈദും 1997-ൽ ജനിച്ച ഐറയും. "എന്റെ മാതാപിതാക്കൾ വളരെ ആശങ്കാകുലരായിരുന്നു. 'നീ എന്താണ് ചെയ്യുന്നത്? അവർ വളരെ അപകടകാരികളാണ് എന്ന് അവർ പറഞ്ഞു" ആമിർ പറഞ്ഞു. 1986-ൽ വിവാഹിതനായ റീന ദത്തയുമായുള്ള തന്റെ കുടുംബത്തിന്റെ സുരക്ഷയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശങ്ക.
1990-കളിൽ, അധോലോകം ബോളിവുഡിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ചലച്ചിത്ര നിർമ്മാണത്തിന് ധനസഹായം നൽകുകയും താരങ്ങളെ തങ്ങളുടെ പരിപാടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്ന അവർ. അത് അനുസരിക്കാത്തവര്‍ക്ക് വന്‍ ഭീഷണികൾ നേരിടേണ്ടി വന്നു. 1997-ൽ ടി-സീരീസിന്റെ സ്ഥാപകനായ ഗുൽഷൻ കുമാറിനെ അധോലോകം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
നിലവിൽ, ആമിർ ഖാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ 'സിതാരെ സമീൻ പർ' എന്ന സിനിമയിലൂടെ ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കുകയാണ്. 2007-ലെ 'താരെ സമീൻ പർ' എന്ന ചിത്രത്തിന്‍റെ ആത്മീയ തുടർച്ചയായ ഈ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 100 കോടി രൂപ കടന്നിരിക്കുകയാണ്