
അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത നടനായി മുൻനിരയിൽ തന്നെ നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ആയിരുന്ന കുഞ്ചാക്കോ, തനിക്ക് ക്യാരക്ടർ റോളുകളും നന്നായി വഴങ്ങുമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഉന്മാദം എന്ന സിനിമയാണ് ചാക്കോച്ചന്റേതായി ഏറ്റവും ഒടുവിൽ തിയറ്റിൽ എത്തിയ ചിത്രം. സിനിമ തിയറ്ററുകളിൽ മുന്നേറുന്നതിനിടെ കുഞ്ചാക്കോയും കെവിൻ എന്ന കൊച്ചുമിടുക്കനും തമ്മിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും മായമില്ലാത്ത, കാപട്യമില്ലാത്ത ഒന്നാണ് കുട്ടികളുടെ സ്നേഹം. അത്രമേൽ ആർദ്രമായ ഒരു സ്നേഹമായിരുന്നു വീഡിയോയിൽ കാണാൻ സാധിച്ചത്. ഒപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ലിയോ തേർട്ടീന്ത് സ്കൂളിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. വേദിയിൽ വച്ച് കെവിനാണ് അദ്ദേഹത്തിന് പൂവ് കൊടുത്ത് സ്വാഗതം ചെയ്തത്. ഒപ്പം അദ്ദേഹത്തെ കെട്ടിപിടിക്കുകയും ചെയ്തു.
ശേഷം വേദിയ്ക്ക് മുന്നിലിരുന്ന കുഞ്ചാക്കോയുടെ അടുത്ത് എത്തിയ കെവിൻ, കെട്ടിപ്പിടിക്കും ഉമ്മകൾ വച്ചും നടനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചു. ഇത് ഞങ്ങടെ അങ്കിളാ.. എന്ന് എല്ലാവരോടുമായി ഉറക്കെ കെവിൻ പറയുന്നുമുണ്ട്. കൊച്ചു മിടുക്കന്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ ചാക്കോച്ചത് സങ്കടം സഹിക്കാൻ പറ്റിയില്ല. കുറച്ചുനേരത്തേക്ക് അദ്ദേഹം സൈലൻറ് ആയി. പിന്നാലെ കണ്ണുനിറഞ്ഞ കുഞ്ചാക്കോയേയും നമുക്ക് കാണാനാകും.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സ്നേഹ കമന്റുകളുമായി രംഗത്ത് എത്തിയത്. "ചാക്കോച്ചൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു, കാലം എത്ര മാറിയാലും ഇപ്പോഴും നന്മയുള്ള ആളുകള്‍ ഉണ്ടല്ലോ, ഇതാണ് സത്യമായ സ്നേഹം, പാവം മോൻ അവന്റെ ഉള്ളിൽ ഉള്ളതാണ് പുറത്ത് വന്നത്, ഓരോ തവണ കാണുമ്പോഴും മനസ്സിൽ ഒരു വിങ്ങൽ, അറിയാതെ കണ്ണ് നിറയുന്നു, ചാക്കോച്ചന്റെ ആ കരച്ചിൽ കാണുമ്പോൾ ആരായാലും കരഞ്ഞു പോക്കും. ചങ്ക് പോലെ കാണുന്ന കുഞ്ഞുങ്ങളുടെ സ്നേഹം കാണുമ്പോൾ, നമ്മക്കും കണ്ണ് നിറഞ്ഞു പോക്കും, ഏത് അവാർഡിനെക്കാളും വലുത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.