
കേരളം മഴക്കെടുതിയിൽ മുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ജ്വല്ലറി ഉദ്ഘാടനത്തിന് പോയത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിലൊരു വീഡിയോയ്ക്ക് താഴെ നടി തെസ്നി ഖാൻ കുറിച്ച കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യുവ നടി ഐശ്വര്യ ചന്ദ്രൻ, മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയ്ക്ക് താഴെ ആയിരുന്നു കമന്റ്.
ഇപ്പോഴത്തെ ജനറേഷന് ഇഷ്ടമുള്ള രീതിയിൽ നടക്കാമെന്നും അതിനുള്ള അവകാശമുണ്ടെന്നും പറഞ്ഞ തെസ്നി ഖാൻ, മുഖ്യമന്ത്രി വരുന്ന സദസിൽ മാന്യമായി വസ്ത്രം ധരിക്കണമെന്നും പറഞ്ഞു. 'എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു', എന്നായിരുന്നു തെസ്നി ഖാന്റെ കമന്റ്.
ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് തെസ്നി ഖാന്റെ പരാമർശത്തെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയത്. 'ഇവർ പറഞ്ഞത് 100% ശരിയാണ്, പൊതുവേദികളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിയമം കൊണ്ടുവരണം, മാന്യമായി വസ്ത്രം ധരിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ ഭാഗമാണ്. വൈകൃത ഭാവം ഉള്ളവർക്ക് ഇതൊക്കെ ഉൾകൊള്ളാൻ പ്രയാസവുമാണ്, ഇതിൽ തെറ്റ് പറയാൻ പറ്റില്ല. മുഖ്യമന്ത്രി എന്ന് അല്ല പബ്ലിക് ഇടാൻ പറ്റിയ വേഷം ആണോ, തെസ്നി പറഞ്ഞത് 100% കറക്റ്റ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, തെസ്നി ഖാനെ വിമർശിക്കുന്നവരും ധാരാളമാണ്.