
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ട് 1981-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ 'ഉംറാവോ ജാൻ'ന്റെ 4k പതപ്പിന്‍റെ പ്രത്യേക പ്രദർശനത്തിൽ, ഐതിഹാസിക നടി രേഖയ്ക്ക് ആദരമർപ്പിച്ചാണ് പങ്കെടുത്തത്. യാഷ് ചോപ്രയുടെ 'സിൽസില' എന്ന ചിത്രത്തിലെ രേഖയുടെ ഐക്കോണിക് പിങ്ക് സാരി ലുക്കിലാണ് ആലിയ ഈ പ്രീമിയര്‍ ഈവെന്റിൽ എത്തിയത്.
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ-നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ റെസ്റ്റോർ ചെയ്ത 'ഉംറാവോ ജാൻ' ജൂൺ 27-ന് തീയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ലക്നൗവിന്റെ പശ്ചാത്തലത്തിൽ, രേഖ അവതരിപ്പിച്ച അമിറാൻ എന്ന കഥാപാത്രത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഫാറൂഖ് ഷെയ്ഖ്, രാജ് ബബ്ബർ, നസീറുദ്ദീൻ ഷാ എന്നിവരുടെ അഭിനയവും ഉൾക്കൊള്ളുന്നു.
ആലിയയുടെ ലുക്ക്, സ്റ്റൈലിസ്റ്റ് റിയാ കപൂർ ആണ് ഒരുക്കിയത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഫെതർ ഇയർറിംഗുകളും, ഡ്യൂവി മേക്കപ്പും, മുടി അഴിച്ചിട്ടുള്ള ലുക്കും രേഖയുടെ 'സിൽസില'യിലെ ചന്ദിനി കഥാപാത്രത്തിന്റെ ശൈലിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. റിയാ കപൂർ, രേഖയുടെ ഒറിജിനൽ ലുക്കിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് രേഖയുടെ സിനിമയിലെ ക്ലാസിക്ക് ലുക്കില്‍ നിന്നാണ് ആലിയയെ ഒരുക്കിയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫാഷൻ ക്രിട്ടിക് ഡയറ്റ് സബ്യ, ആലിയയുടെ ഈ ലുക്കിനെ "റഫറൻസ് ഡൺ കറക്ട്" എന്ന് വിശേഷിപ്പിച്ച്, രേഖയുട ഐക്കോണിക് ലുക്കിന്‍റെ അനുകരണത്തെ പ്രശംസിച്ചു. അതേ സമയം ഇതേ പ്രീമിയറിന് എത്തിയ രേഖ ഐവറി ആൻഡ് ഗോൾഡ് വസ്ത്രത്തിൽ തിളങ്ങി. ആമിർ ഖാൻ, തബു, ജാൻവി കപൂർ, അനിൽ കപൂർ, എ.ആർ. റഹ്മാൻ, ഹേമ മാലിനി, ആശാ ഭോസ്‌ലെ തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുത്തു.
രേഖ തബുവിനെ ആലിംഗനം ചെയ്യുകയും അനിൽ കപൂറിനൊപ്പം നൃത്തം ചെയ്യുകയും ചെയ്ത നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. "ഉംറാവോ ജാൻ എന്റെ അഭിനയം മാത്രമല്ല, എന്റെ ഉള്ളിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ്. പുതിയ തലമുറ ഈ സിനിമ വീണ്ടും കാണുന്നത് ഒരു പഴയ പ്രണയലേഖനം തുറക്കുന്നതിന് തുല്യമാണ്," രേഖ ചിത്രത്തിന്‍റെ റീ റിലീസ് സംബന്ധിച്ച് പറഞ്ഞു.