യഷിന്റെ പുതിയ ചിത്രമായ 'ടോക്സിക്'-ന്റെ ടീസർ ചർച്ചയാകുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിലെ ഉള്ളടക്കമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. യഷിനൊപ്പം അഭിനയിച്ച നടി ആരെന്ന് തിരഞ്ഞ് മലയാളികള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ വലിയൊരു കരിയര്‍ ബ്രേക്ക് ലഭിച്ച നടനാണ് യഷ്. ചിത്രത്തിലെ റോക്കി ഭായ് എന്ന കഥാപാത്രത്തിന് അദ്ദേഹം നൽകിയ മാസും സ്വാഗും വളരെ വലുതായിരുന്നു. കെജിഎഫ് ഫ്രാഞ്ചൈസികൾക്ക് ശേഷം യഷിന്റേതായി വരാനിരിക്കുന്ന പുതിയ സിനിമ ഏതെന്ന ആകാംക്ഷയിലായിരുന്നു മലയാളികൾ അടക്കമുള്ളവർ. ഒടുവിൽ ഗീതു മോഹൻദാസിന്റെ ടോക്സിക് ആണ് ആ പടമെന്ന് തീരുമാനവും വന്നു. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ആണ് ചർച്ചാ വിഷമായിരിക്കുന്നത്.
യഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ടോക്സിക് ടീസർ റിലീസ് ചെയ്തത്. മാസും ആക്ഷനും ‘അശ്ലീലത’യുമെല്ലാം നിറഞ്ഞതായിരുന്നു ടീസർ. പിന്നാലെ വിമര്‍ശനവും വന്നു. അശ്ലീലതയേറിയതാണ് ഏവരേയും ചൊടിപ്പിച്ചത്. കസബ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും ഗീതു മോഹൻദാസ് നടത്തിയ പരാമർശങ്ങൾ ഉള്‍പ്പടെ ഉയർത്തിക്കാട്ടി വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇതിനിടയിൽ യഷിനൊപ്പം അഭിനയിച്ച നടി ആരെന്നാണ് മലയാളികൾ അടക്കം ഉള്ളവർ തിരഞ്ഞത്.
നതാലി ബേൺ ആണ് യഷിനൊപ്പം അഭിനയിച്ച ഈ നടി. യുക്രേനിയൻ അമേരിക്കൻ താരമാണ് നതാലി. അഭിനേതാവിന് പുറമെ മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി. ആയോധന കലാകാരി കൂടിയാണ് അവർ. 2006 മുതലാണ് നതാലി സിനിമയിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 7 ഹെവൻ പ്രൊഡക്ഷൻസ് എന്നാണ് നതാലിയുടെ നിർമാണ കമ്പനിയുടെ പേര്.

2026ലെ കണക്കനുസരിച്ച് നതാലി ബേണിൻ്റെ മൊത്തം ആസ്തി ഏകദേശം 6 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട്. അതേസമയം, ടോക്സിക് ടീസർ വന്നതിന് പിന്നാലെ തന്നെ ഗൂഗിളിൽ പ്രേക്ഷകർ തിരയുന്നത് നതാലി സ്റ്റോറിയാക്കിയിട്ടുണ്ട്. ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളും താരം പങ്കുവച്ചിട്ടുണ്ട്.



