നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനിടെ, ഭാര്യ സംഗീതയുമായി വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജനനായകന്‍റെ ഓഡിയോ ലോഞ്ചില്‍ സംഗീത പങ്കെടുക്കാതിരുന്നതും ഇപ്പോള്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
തെന്നിന്ത്യൻ സിനിമയിൽ വിജയിയോളം ആരാധക വൃന്ദമുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമാണ് കഴിഞ്ഞ മുപത്തി മൂന്ന് വർഷത്തോളമായി വിജയ് എന്ന നടൻ പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങളും സിനിമകളും സ്നേഹവും. ഒടുവിൽ സിനിമയോട് വിടപറഞ്ഞ് വിജയ് പോകാനൊരുങ്ങുമ്പോൾ ആ ആരാധകരുടെ നെഞ്ചിലൊരു വിങ്ങലാണ്. ഇനി ഒരിക്കലും തങ്ങളുടെ ദളപതിയെ ബിഗ് സ്ക്രീനില്‍ കാണാനാവില്ലല്ലോ എന്ന വിങ്ങല്‍.
വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വലിയ വിമർശനങ്ങളും വിവാദങ്ങളും ഗോസിപ്പുകളുമെല്ലാം സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നിരുന്നു. അതിലൊന്നാണ് സംഗീത-വിജയ് ഡിവോഴ്സ് അഭ്യൂഹം. ഇരുവരും വേർപിരിഞ്ഞെന്നും അതിന് കാരണം നടി തൃഷയാണെന്നുമായിരുന്നു പ്രചരണം. ഇടയ്ക്കൊരു അഭിമുഖത്തിൽ സംഗീതയെ കുറിച്ചുള്ള ചോദ്യത്തിന് വിജയിയുടെ പിതാവ് ഒഴിഞ്ഞ് മാറിയതും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. വിജയിയുടെ വിടവാങ്ങൽ സിനിമയായ ജനനായകന്റ ഓഡിയോ ലോഞ്ചിൽ സംഗീത പങ്കെടുക്കാത്തതുമെല്ലാം ഇപ്പോൾ ചർച്ചയായിട്ടുണ്ട്.
ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിവികെ പ്രവർത്തകനും സിനിമാ മേഖലയുമായി ബന്ധപ്പെട്ടയാളുമായ കാമേഷ്. "വിജയ് അണ്ണനും സംഗീത അക്കാവും തമ്മിൽ യാതൊരുവിധ പ്രശ്നവും ഇല്ല. ഇവരുടെ മകൾ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. യുഎസിൽ മകൾക്കൊപ്പമാണ് സംഗീതയുള്ളത്. അതാണ് യാഥാർത്ഥ്യം. ഒരു പെൺകുട്ടി വെളിനാട്ടിൽ പഠിക്കാൻ പോകുമ്പോൾ ഒരു കരുതൽ വേണം. അവിടെ ഇവിടത്തെ പോലെ ജോലിക്ക് നമുക്ക് ആളുകളെ ആക്കാൻ പറ്റില്ല. തന്റെ മകളെ നോക്കാനായി അവരും അമേരിക്കയിലേക്ക് പോയി. അതാണ് യാഥാർത്ഥ്യം. അല്ലാതെ വിജയ് അണ്ണനും അക്കാവും തമ്മിൽ ഒരു പ്രശ്നവുമില്ല", എന്നാണ് കാമേഷ് പറഞ്ഞത്. ഒരു തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ഇയാളുടെ പ്രതികരണം.
1999ലാണ് സംഗീതയും വിജയിയും തമ്മിൽ വിവാഹിതരാകുന്നത്. വിജയിയുടെ കടുത്ത ആരാധികമാരിൽ ഒരാളായിരുന്നു സംഗീത. ഒരിക്കൽ വിജയിയെ കാണാൻ വരികയും ഇരുവർക്കും ഇടയിൽ ഒരു സ്പാർക്ക് വീഴുകയുമായിരുന്നു. ഒടുവിൽ വീട്ടുകാരുടെ ഇഷ്ടപ്രകാരം സംഗീതയുമായി വിജയ് വിവാഹിതനാകുകയായിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത.



