
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള മുൻനിര താരങ്ങളുടെ സിനിമകളിലും ഭാഗമായിട്ടുണ്ട്. സമീപകാലത്ത് ഉദ്ഘാടനവേദികളിൽ സജീവമായ അന്ന കഴിഞ്ഞ ദിവസം സബ്സ്ക്രിപ്ഷനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'എന്‍റെ ലോകത്തേക്ക് കൂടുതൽ അടുക്കാം, സബ്സ്ക്രൈബ് ചെയ്യൂ'എന്നാണ് ഒരു വീഡിയോയ്ക്ക് ഒപ്പം അന്ന രാജൻ കഴിഞ്ഞ ദിവസം കുറിച്ചത്. പിന്നാലെ ഇതേറെ ചർച്ചയാകുകയും ചെയ്തു. തതവസരത്തിൽ താൻ രണ്ട് വർഷം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതെന്ന് പറയുകയാണ് അന്ന രാജൻ. സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കമെന്നല്ല അർത്ഥമെന്നും മാന്യമായ ഇടപെടൽ മാത്രമാണെന്നും അനുചിതമായത് പ്രതീക്ഷിക്കരുതെന്നും അന്ന രാജൻ പറഞ്ഞു.
"പ്രിയപ്പെട്ടവരെ.. എൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ യാത്ര 2 വർഷം മുൻപാണ് ആരംഭിച്ചത്. നിങ്ങളുമായി കണക്റ്റുചെയ്യാനുള്ള അതിശയകരമായ ഇടമാണിത്. ഇവിടെ, എൻ്റെ റീലുകളും ഫോട്ടോകളും നേരത്തേ നിങ്ങൾക്ക് കാണാനാകും. ഒപ്പം നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കിടാനും എന്നോടൊപ്പം കൂടുതൽ അടുത്ത് ഇടപഴകാനും അവസരം ലഭിക്കും. സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കം എന്നല്ല അർത്ഥം. ഈ ഇടത്തിൽ ഗുണനിലവാരവും സർഗ്ഗാത്മകതയും മാന്യമായ ഇടപെടലുകളും മാത്രമാണ് ഉള്ളത്. അതുകൊണ്ട് അനുചിതമായ ഒന്നും പ്രതീക്ഷിക്കരുത്. യഥാർത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രമാകും നിങ്ങൾക്ക് ലഭിക്കുക. കാര്യങ്ങൾ മനസ്സിലാക്കിയതിനും എൻ്റെ യാത്രയുടെ ഭാഗമായതിനും ഒരുപാട് നന്ദി", എന്നായിരുന്നു അന്ന രാജൻ പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് പിന്നാലെ അന്ന രാജന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതുവരെ 795 പേരാണ് അന്നയുടെ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. 390 രൂപയാണ് സബ്സ്ക്രിപ്ഷൻ എമൗണ്ട്. ഏപ്പോൾ വേണമെങ്കിലും അത് കാൻസൽ ചെയ്യാനും സാധിക്കും.