നാലാമത്തെ കുട്ടിയും പെൺകുഞ്ഞായപ്പോൾ പലരും ആശ്വസിപ്പിച്ചതായി നടൻ കൃഷ്ണകുമാർ വെളിപ്പെടുത്തി. എന്നാൽ തനിക്ക് അതിൽ വിഷമമില്ലായിരുന്നുവെന്നും, മറ്റുള്ളവരുടെ പ്രതികരണം കണ്ടപ്പോൾ തനിക്ക് വിഷമമുണ്ടോ എന്ന് സംശയിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

ലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് പെൺമക്കളും ഭാര്യ സിന്ധുവും അടങ്ങുന്നതായിരുന്നു കൃഷ്ണ കുമാറിന്റെ കുടുംബം. രണ്ടാമത്തെ മകൾ ദിയ വിവാഹിതയായതോടെ ഒരു മരുമകനും ഒപ്പം ഒരു കുഞ്ഞും ഈ കുടുംബത്തിന്റെ ഭാ​ഗമാണ്. യുട്യൂബ് ചാനലുകളുമായി സജീവമായ ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താല്പര്യം ഏറെയാണ്. ദിയയുടെ കുഞ്ഞാണ് ഇപ്പോൾ വ്ലോ​ഗിലെ പ്രധാന താരവും.

ഇപ്പോഴിതാ തനിക്ക് നാലാമത്തേതും ജനിച്ചത് പെൺകുഞ്ഞായപ്പോൾ പലരും തോളിൽ തട്ടി സമാധാനിപ്പിച്ചുവെന്ന് പറയുകയാണ് കൃഷ്ണ കുമാർ. ഒപ്പം പ്രസവ സമയത്തെ രസകരമായ കാര്യങ്ങളും കൃഷ്ണ കുമാർ പറയുന്നുണ്ട്. "ഞങ്ങടെ നാല് പിള്ളേരെയും പ്രസവിക്കുമ്പോള്‍ ഞാനും സിന്ധുവും കൂടി ആശുപത്രിയില്‍ പോകും വരും. ഇതായിരുന്നു രീതി. അച്ഛന്‍റെ അനുജത്തി ഡോക്ടറായിരുന്നത് കൊണ്ട് ആ ഫീസ് ഇല്ല. ആശുപത്രി കാശ് മാത്രം കൊടുത്താല്‍ മതി. അതും ഡോക്ടര്‍ പറഞ്ഞ് കുറച്ച് തരും. കുറച്ചൂടെ കുറച്ചിരുന്നെങ്കില്‍ വീണ്ടും പിള്ളേരെ ഉണ്ടാക്കിയേനെ. അത് വേറൊരു കാര്യം. സിനിമയിലെ നിര്‍മാതാക്കള്‍ മാസം അഞ്ചാറ് സിനിമകള്‍ കൂടി തന്നിരുന്നെങ്കില്‍ ജോലി ചെയ്ത് പോയേനെ. അന്ന് പടങ്ങളങ്ങനെ ഇല്ല. ഇവനൊക്കെ കുറച്ചൂടി പടം കൊടുത്തിരുന്നെങ്കില്‍ എന്താവുമായിരുന്നെന്ന് ആള്‍ക്കാര്‍ പറയുമായിരുന്നു", എന്ന് കൃഷ്ണ കുമാർ പറയുന്നു.

"പെൺകുട്ടി എന്നും ആൺകുട്ടി എന്നും പറയുമ്പോഴുള്ള ആ​ഹ്ലാദം വേറെ വേറെ വേറെ ആയിരുന്നു. ഇപ്പോഴതൊക്കെ മാറി തുടങ്ങി. നാലാമത്തേതും പെൺകുട്ടി ആയപ്പേോൾ പലരും തോളിൽ തട്ടി സമാധാനിപ്പിച്ചു. ഇന്നത്തെ കാലത്ത് ആണും പെണ്ണുമൊക്കെ ഒരുപോലെ തന്നെയാട്ടോ എന്ന്. എനിക്ക് അതുവരെ വിഷമമില്ലായിരുന്നു. പിന്നീട് എനിക്കൊരു തോന്നൽ എന്റെ മുഖത്ത് വല്ല വിഷമവും ഉണ്ടോന്ന്. എനിക്ക് കുഞ്ഞുങ്ങളെ പോയി കാണാന്‍ ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ പ്രസവിച്ച കുട്ടികളെ കാണുമ്പോള്‍ എനിക്ക് ഒരുപോ തോന്നും. കുറച്ച് കഴിയുമ്പോഴാണ് രൂപം മാറുന്നത്", എന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming