
ബിഗ് ബോസ് മലയാളം (Bigg boss) മൂന്നിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് നടി രമ്യ പണിക്കർ (Remya panicker) എത്തിയത്. ഫിറോസ് ഖാനുമായുള്ള ബിഗ് ബോസ് വീട്ടിലെ വഴക്കുകൾ മുതൽ ബംഗ്ലാവ് ഉടമയായുള്ള അവരുടെ പ്രകടനം വരെയുള്ള, രമ്യയുടെ ബിബി വിശേഷങ്ങളെല്ലാം ഏറെ രസകരമായിരുന്നു. ഇ ടൈംസ് ടിവിയുമായി സംസാരിക്കവെ രമ്യ തന്റെ ബിഗ് ബോസ് ദിനങ്ങൾ ഓർത്തെടുത്തു. ഷോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് താരം പറഞ്ഞു.
ഷോയുടെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്. ഇപ്പോൾ, മിക്കവാറും എല്ലാവരും എന്നെ തിരിച്ചറിയുന്നു. എനിക്ക് ഇത്രയും സ്വീകാര്യത തന്നതിന് ബിഗ് ബോസിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഗെയിമിൽ എത്ര വഴക്കിട്ടാലും അവസാനം ഞങ്ങൾ കുടുംബത്തെപ്പോലെയായിരുന്നു. ഞങ്ങൾ എല്ലാവരും അടുക്കളയിൽ ഒത്തുകൂടി ഒരുമിച്ചിരുന്ന് പാചകം ചെയ്‌ത സമയങ്ങളെ ഞാൻ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഞങ്ങൾ പാടിയും തമാശകൾ പറഞ്ഞു ആസ്വദിച്ചിരുന്നു. അത് വളരെ സ്പെഷ്യലായിരുന്നു. ഞങ്ങൾ എല്ലാവരും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം പങ്കിട്ടു, ആ നിമിഷങ്ങൾ അവിസ്മരണീയമാണ്- രമ്യ ബിഗ് ബോസ് വീട്ടിലെ അവിസ്മരണീയ നിമിഷങ്ങളായി ഓർത്തു.
സീസൺ 4-ന്റെ പ്രീമിയറിന് മുമ്പ് തന്നെ, സീസൺ ഒരു ബ്ലോക്ക്ബസ്റ്റർ ആകുമെന്ന പ്രതീക്ഷയിലാണ് രമ്യ. ഈ സീസൺ തകർപ്പൻ ആയിരിക്കും എന്നതിൽ സംശയമില്ല. ടീസറും മറ്റ് അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൂടാതെ, ലോക്ക്ഡൗൺ സമയത്ത്, മിക്ക ആളുകളും ഷോ കണ്ടിട്ടുണ്ടെന്ന് കരുതുന്നു, അതുകൊണ്ട് ഇപ്പോൾ അവർക്ക് അത് എന്താണെന്ന് അറിയാം. മത്സരാർത്ഥികൾ പോലും മത്സരത്തിനായി നന്നായി തയ്യാറെടുക്കും. പാരീസ് ലക്ഷ്മി, സുചിത്ര നായർ, അസീസ്, ആർജെ മാത്തുക്കുട്ടി തുടങ്ങിയവരെ ബിഗ് ബോസിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ അവർ എങ്ങനെയാണെന്ന് അറിയാൻ എനിക്ക് ആകാംക്ഷയുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു.
ബിഗ് ബോസ്
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും.
ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു.
2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും.