മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെ?; പേളി മാണിയെ പിന്തുണച്ച് ആർജെ അഞ്ജലി

Published : Jul 29, 2026, 02:10 PM IST
Pearle Maaney

Synopsis

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള അഭിപ്രായത്തിൽ അവതാരക പേളി മാണിക്ക് കടുത്ത വിമർശനം നേരിട്ടു. തുടർന്ന് നൽകിയ വിശദീകരണത്തിനും നെഗറ്റീവ് പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കുവെച്ച അഭിപ്രായവുമായി ബന്ധപ്പെട്ട് അവതാരകയും നടിയും ഇൻഫ്ളുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം പേളി വിശദീകരണവും നൽകി. മെച്ചപ്പെട്ട മനുഷ്യനാകാൻ താൻ ശ്രമിക്കുമെന്നും, താൻ ആത്മാര്‍ത്ഥമായും മനസില്‍ തട്ടിയെഴുതിയതിനെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായെന്നും എല്ലാ പാർട്ടിയും തനിക്ക് ഇഷ്ടമാണെന്നും പേളി പറഞ്ഞിരുന്നു. എന്നാൽ ഈ വിശദീകരണത്തിനും നിരവധി നെ​ഗറ്റീവ് കമന്റുകളാണ് വന്നത്. തതവസരത്തിൽ പേളിയെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ആർജെ അഞ്ജലി.

മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെയാണെന്ന് ചോദിച്ച അഞ്ജലി, രാഷ്ട്രീയം വേറെ ആകാം. പറഞ്ഞതിൽ തെറ്റുണ്ടാകാമെന്നും പക്ഷേ മാപ്പിന് ഒരർത്ഥമെ ഉള്ളൂവെന്നും പറഞ്ഞു. "സദാ ചിരിച്ചു മാത്രം (കാലിൻ ചുവട്ടിലെ മണ്ണ് മാറി പോയാലും )കണ്ടിട്ടുള്ളവർ ആണ്, അപ്പോളജി പറയുമ്പോഴും ഇത്രയധികം ചോദ്യം ചെയ്യപ്പെടുന്നത്. ചിരിച്ചു കൊണ്ട് അപ്പോളജി പറയാനാകില്ലല്ലോ ?ചിരി വരാത്ത,അതിനെ പിടിച്ചു കെട്ടിയ മുഖം തന്നെ അപ്പോളജി. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ ? മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെയാണ് ??? രാഷ്ട്രീയം വേറെ ആകാം. പറഞ്ഞതിൽ തെറ്റുണ്ടാകാം. മാപ്പ്..അതിന് പക്ഷെ തെറ്റ് പറ്റിയതായി സമ്മതിച്ചു എന്ന ഒരേ ഒരു അർഥമേ ഉണ്ടാകൂ", എന്നായിരുന്നു ആർജെ അഞ്ജലിയുടെ വാക്കുകൾ.

പേളിയു‌ടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ല എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നുന്നവരും ഉണ്ട്. "ആ പോസ്റ്റ് ഇട്ടതേ എനിക്ക് ഓര്‍മയുള്ളൂ. ഇട്ട് കുറച്ച് നേരത്തേക്ക് എല്ലാം ഓക്കെയായിരുന്നു. പത്ത് മണിയ്ക്കാണ് പോസ്റ്റ് ചെയ്യുന്നത്. എന്തിട്ടാലും നല്ല വശവും ചീത്ത വശവും കാണുന്നവരുണ്ടാകും. ഭൂരിപക്ഷം പേരും കണ്ടത് നല്ല വശമാണ്. കുറച്ച് സമയം കഴിഞ്ഞതും ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്‍ വരാന്‍ തുടങ്ങി. ഞാന്‍ അങ്ങനൊന്നും എഴുതിയില്ലല്ലോ, ഇതല്ലല്ലോ ഞാന്‍ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു. വീട്ടില്‍ പോകൂവെന്ന് പറയുന്നത് പോലും സുരക്ഷിതരായിരിക്കണേ എന്ന് പറയുന്നതിന്റെ കൂടെയാണ്. ഇത് നിര്‍ത്തി വീട്ടില്‍ പോകണം എന്നല്ല പറയുന്നത്. അത് പറയാന്‍ ഞാന്‍ ആരുമല്ല. ഞാന്‍ പറയേണ്ട ഒരാവശ്യവും എനിക്കില്ല", എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പേളി മാണി വിശദീകരണ വീഡിയോയിൽ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും; യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ
ഒടുവിലത് സംഭവിച്ചു! 'ഹാപ്പി ബർത്ത് ഡേ ചാലു'; മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ, ഫോൺ ദുൽഖറിന്റേലെന്ന് കമന്റുകൾ