പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതായിരുന്നു വെല്ലുവിളി : വിശേഷം പങ്കുവച്ച് 'കലമാന്‍' ജോഡികള്‍

By Web TeamFirst Published Feb 28, 2022, 11:40 PM IST
Highlights

പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം അവരുടെ പ്രിയപ്പെട്ട ജോഡികളേയും ആനന്ദ് ചാനലില്‍ എത്തിക്കാറുണ്ട്. സൂര്യ ടി.വിയിലെ തിങ്കള്‍ കലമാന്‍ പ്രണയജോഡികളായ ഹരിതയേയും റെയ്ജനേയുമാണ് ആനന്ദ് ഇപ്പോള്‍ ചാനലിൽ എത്തിച്ചിരിക്കുന്നത്.

ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ് മലയാളിക്കിടയില്‍ ചര്‍ച്ചയായ പരമ്പരയാണ് തിങ്കള്‍ കലമാന്‍ (Thinkal kalaman). സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മനോഹരമായ പ്രണയകഥ പറഞ്ഞ് റേറ്റിംഗോടെ മുന്നോട്ട് പോവുകയാണ്. രാഹുല്‍ റോഷന്‍ എന്ന സഹോദരങ്ങള്‍ രണ്ടുപേരും കീര്‍ത്തി എന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നതും, സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുമാണ് പരമ്പര പറയുന്നത്. അങ്ങനെ കീര്‍ത്തിയെ രാഹുല്‍ സ്വന്തമാക്കുകയായിരുന്നു. ഇരുവരുടേയും പ്രണയത്തെ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇരുവരുടേയും വിവാഹത്തിനുശേഷം കീര്‍ത്തി ഗര്‍ഭിണിയായിരിക്കുന്നിടത്താണ് ഇപ്പോള്‍ പരമ്പരയുള്ളത്. മിനിസ്‌ക്രീനില്‍ ഒതുങ്ങാതെ രാഹുല്‍-കീര്‍ത്തി (Rahul Keerthi) ജോഡികള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്.

സീരിയല്‍ താരങ്ങളെ തന്റെ യൂട്യൂബ് ചാനലില്‍ എത്തിച്ച് മനോഹരമായ അഭിമുഖങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രഗത്ഭനാണ്, സീരിയല്‍ താരം കൂടിയായ ആനന്ദ് നാരായണന്‍ (Anand narayanan). കുടുംബവിളക്ക് എന്ന പരമ്പരയില്‍ അല്‍പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടായിരുന്നു ആനന്ദ് എത്തിയത്. അമ്മയോട് യാതൊരു ബന്ധവും പുലര്‍ത്താതെ, അമ്മയെ ഉപേക്ഷിച്ച അച്ഛനുമായി കൂട്ടുകൂടുന്ന അനിരുദ്ധായിരുന്നു സ്‌ക്രീനില്‍ ആനന്ദ് നാരായണന്‍. ഒരു നെഗറ്റീവ് കഥാപാത്രമായി ആളുകള്‍ മാറ്റി നിര്‍ത്തുന്നതിന് തൊട്ടുമുന്നേയാണ് ആനന്ദിന്റെ യൂട്യൂബ് ചാനല്‍ വൈറലാകുന്നതും ആനന്ദിന് സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകള്‍ വരെ പ്രത്യക്ഷപ്പെടുന്നതും. മലയാളം സീരിയല്‍ രംഗത്തെ മിക്കവരേയും തന്റെ ചാനലില്‍ എത്തിക്കാമെന്ന് പ്രേക്ഷകര്‍ക്ക് വാക്ക് കൊടുത്തിരിക്കുന്ന ആനന്ദ്, പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം അവരുടെ പ്രിയപ്പെട്ട ജോഡികളേയും ചാനലില്‍ എത്തിക്കാറുണ്ട്. സൂര്യ ടി.വിയിലെ തിങ്കള്‍ കലമാന്‍ പ്രണയജോഡികളുമായാണ് ആനന്ദ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കസ്തൂരിമാന്‍ (Kashooriman) എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളിക്ക് പരിചിതയായ ഹരിതയാണ് തിങ്കള്‍ കലമാനില്‍ കീര്‍ത്തിയായെത്തുന്നത്. നേഴ്‌സിംഗ് പഠനത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി റിയാലിറ്റി ഷേയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിതയെത്തുന്നത്. അതുപോലെതന്നെ ആത്മസഖി എന്ന പരമ്പരയിലൂടെ ഹിറ്റായി മാറിയ നടനാണ് റെയ്ജന്‍. റെയ്ജനാണ് തിങ്കള്‍ കലമാനില്‍ രാഹുലായെത്തുന്നത്. ഇവരിരുവരുമാണ് പരമ്പരയുടെ വിശേഷങ്ങലുമായി ആനന്ദിനൊപ്പം കൂടുന്നത്.

പരമ്പരയിലേക്ക് എത്തുമ്പോളുണ്ടായിരുന്ന പ്രതീക്ഷയെപ്പറ്റി ചോദിക്കുമ്പോള്‍, പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതായിരുന്നു ഭയമെന്നാണ് ഹരിത പറയുന്നത്. 'ആത്മസഖി എന്ന പരമ്പരയിലൂടെ റെയ്ജന്‍ ചേട്ടന്‍ - അവന്തിക മോഹന്‍ ജോഡി കത്തി നിന്നതിന് ശേഷമായിരുന്നു, തിങ്കള്‍ കലമാനിലേക്കുള്ള വരവ്. ആദ്യമെല്ലാം എന്നെ മാറ്റി അവന്തികയെ കൊണ്ടുവരണം എന്ന തരത്തിലുള്ള കമന്റുകളും മറ്റും കണ്ടിട്ട് സങ്കടമായിരുന്നു. ആ സമയത്തെല്ലാം അതെല്ലാം ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നാണ് റെയ്ജന്‍ ചേട്ടന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടന്നുതന്നെ ആളുകളുടെ സംസാരവും കാര്യങ്ങളുമെല്ലാം മാറി.'

കൂടാതെ പ്രണയത്തെപ്പറ്റിയും, ജീവിതത്തെ പറ്റിയുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. വീട്ടില്‍ വിവാഹത്തിനായി നല്ല പ്രഷറുണ്ടെന്നും, എന്നാല്‍ താല്ക്കാലികമായി ഒന്നിലേക്കുമില്ലെന്നാണ് ഹരിത പറയുന്നത്. അതോടൊപ്പംതന്നെ റെയ്ജന്‍ തന്റെ വെളിപ്പെടുത്താത്ത പ്രണയത്തെപ്പറ്റിയും പറയുന്നുണ്ട്. അങ്ങനൊരാളുണ്ടെന്നും, എന്നാല്‍ വെളിപ്പെടുത്താന്‍ സമയമായില്ലെന്നുമാണ് റെയ്ജന്‍ പറയുന്നത്.

മുഴുവൻ വീഡിയോ കാണാം

click me!