
രണ്ടര വർഷം മുൻപാണ്, ഒരു ഡിസംബര്‍ മൂന്ന്. നാഥാൻ എല്ലിസിന്റെ കൈകളില്‍ നിന്ന് പാഞ്ഞ പന്ത് 69 മിനുറ്റുകള്‍ നീണ്ട ആ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കുകയാണ്. യോർക്കറായിരുന്നു. മറ്റൊരു മുൻനിര ഇന്ത്യൻ ബാറ്ററേയും 25 കടക്കാൻ അന്ന് അനുവദിച്ചിട്ടില്ല ഓസീസിന്റെ രണ്ടാം നിര ബൗളര്‍മാര്‍. പക്ഷേ, നാലാം ഓവറിലെത്തുന്ന അയാള്‍ മടങ്ങിയത് മൂന്നേ മൂന്ന് പന്ത് ശേഷിക്കെ മാത്രമാണ്, അര്‍ദ്ധ സെഞ്ചുറിയുമായി. അത് മടക്കമായിരുന്നില്ല, ഒരുതരം അപ്രത്യക്ഷമാകലായിരുന്നു, ഇന്ത്യയുടെ ടി20 സംഘത്തില്‍നിന്ന് തന്നെ.
916 ദിവസം. ഇതിനിടയില്‍ ഇന്ത്യ രണ്ട് ടി20 ലോകകിരീടങ്ങള്‍ ചൂടി. രോഹിത് ശര്‍മയും വിരാട് കോലിയും ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങി. അഭിഷേക് ശര്‍മ മുതല്‍ വൈഭവ് സൂര്യവംശി വരെയുള്ളവരുടെ പിറവിയും സഞ്ജു സാംസണിന്റെ ഐതിഹാസിക ഉദയവും മൈതാനം കണ്ടു. അവിടെയൊന്നും ആ പേരുണ്ടായില്ല, അര്‍ഹതപ്പെട്ടതെല്ലാം അയാളില്‍ നിന്ന് അകന്നുനിന്നു. എത്രനാള്‍ ഇങ്ങനെ മാറ്റിനിര്‍ത്താനാകുമെന്ന ചോദ്യത്തിന് ഇക്കുറി വല്ലാത്തൊരു മുഴക്കമുണ്ടായിരുന്നു.
ഒടുവില്‍ തിരിച്ചുവരികയാണ്, അല്ല തിരിച്ചുവിളിക്കുകയാണ് അവര്‍. എം എസ് ധോണിക്കും രോഹിതിനും സൂര്യകുമാര്‍ യാദവിനും സാധ്യമായത് ആവർത്തിക്കാൻ. ആ പേരിലേക്കാണ് വലിയ ഉത്തരവാദിത്തമെത്തുന്നത്. ബാറ്ററായി മാറ്റിനിര്‍ത്തിയെങ്കില്‍, തിരിച്ചുവരവ് നായകനായാണ്. ശ്രേയസ് സന്തോഷ് അയ്യര്‍, ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ ഇനി ശ്രേയസ് യുഗം. എന്തുകൊണ്ട് ശ്രേയസ്?
ടി20 ഫോർമാറ്റില്‍ ഇന്ത്യ ഒരുതരത്തില്‍ അണ്‍മാച്ചബിള്‍ ഫോഴ്‌സായി പൂർണമായും രൂപപ്പെട്ടത് സൂര്യകുമാർ യാദവിന്റെ കീഴിലായിരുന്നു. അഗ്രസീവ് ക്രിക്കറ്റിന്റെ അപ്പോസ്തലന്മാരായി പരിണമിച്ചു. പക്ഷേ, അവിടെ നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റുകൊണ്ടുള്ള സംഭാവന എന്തായിരുന്നുവെന്നത് ഈ കാലത്ത് മുഴുവൻ ഉയർന്നുകേട്ട ചോദ്യമാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രോപ്പർ ടി20 പ്രൊഡക്റ്റായ സൂര്യയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രകടനം നിരാശമാത്രമാണ് സമ്മാനിച്ചത്.
ലോകകപ്പില്‍ 136 സ്ട്രൈക്ക് റേറ്റില്‍ 242 റണ്‍സ്, ശേഷം ഐപിഎല്ലില്‍ 13 ഇന്നിങ്സില്‍ നിന്ന് 270 റണ്‍സ്. പ്രദേശിക ലീഗിലും റണ്‍വരള്‍ച്ച. ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റണ്‍സ് എന്ന ന്യായീകരണം ഒടുവില്‍ സൂര്യയെ കൈവിട്ടു, ദേശീയകുപ്പായത്തിലെ അവസാനനിമിഷമായിരുന്നു അഹമ്മദാബാദിലെ കിരീടരാവ്. ഇവിടെയാണ് ശ്രേയസ് എന്ന പേര് വ്യത്യസ്തമാകുന്നത്. നായകന്റെ ഉത്തരവാദിത്ത്വം, അത് നല്‍കുന്ന അമിതസമ്മർദം. ഇവ രണ്ടും ഒരുതരത്തിലും വ്യക്തിഗതമികവിനെ ബാധിക്കാൻ അനുവദിച്ചിട്ടില്ല തന്റെ കരിയറിലുടനീളം ശ്രേയസ്.
ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്സ്. ഈ മൂന്ന് സംഘങ്ങളെയാണ് ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ശ്രേയസ് നയിച്ചത്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹി ഫൈനലില്‍ എത്തുന്നത് 2020ല്‍ ശ്രേയസിന്റെ കീഴിലാണ്, ഫൈനിലില്‍ മുംബൈ ഇന്ത്യൻസിനെതിരെ അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ സീസണില്‍ 519 റണ്‍സ്. 2024ല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടത്തിലേക്ക് ശ്രേയസ് എത്തിച്ചു, മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം, 146 സ്ട്രൈക്ക് റേറ്റിലാണ് സീസണിലുടനീളം താരത്തിന്റെ ബാറ്റ് ചലിച്ചത്.
പക്ഷേ, ഏറ്റവും സുപ്രധാനമായ സീസണ്‍ 2025 ആയിരുന്നു. ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരം, കിരീടമറിയാത്ത പഞ്ചാബ് കിങ്സ് എന്ന ഫ്രാഞ്ചൈസിയുടെ നായകൻ. സംഘത്തിലുണ്ടായിരുന്നത് ഒരുപറ്റം യുവതാരങ്ങള്‍, ബാറ്റിങ് നിരയില്‍ ദേശീയ ടീമിന്റെ ഓരങ്ങളില്‍പ്പോലും എത്താൻ കഴിയാത്ത ഇന്ത്യൻ താരങ്ങള്‍. ശ്രേയസ് മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു അവരെ, ബാറ്റുകൊണ്ടും നായകമികവുകൊണ്ടും. എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാൻ കഴിയാത്ത ഒന്ന്. 175 സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സ്, ക്വാളിഫയര്‍ രണ്ടില്‍ മുംബൈക്കെതിരെ ശ്രേയസിന്റെ അസാധരണമായൊരു ഇന്നിങ്സിന്റെ ബലത്തില്‍ കലാശപ്പോരിലേക്ക് പഞ്ചാബ് എത്തി, അതും പതിറ്റാണ്ടുകള്‍ക്ക് ശേഷം.
മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലേക്ക് എത്തിക്കുന്ന ആദ്യ താരമായി ശ്രേയസ്. എന്നാല്‍, വിരാട് കോലി പൂർണത കൈവരിച്ച രാത്രിയില്‍ ശ്രേയസിന് കിരീടം നഷ്ടമായി. പക്ഷേ, സൂര്യകുമാറിന് ശേഷം ആര് എന്ന സന്ദേശം ബിസിസിഐക്ക് നല്‍കാൻ ആ ഒരൊറ്റ രാത്രികൊണ്ട് ശ്രേയസിന് കഴിഞ്ഞു. 2026 മോശമായിരുന്നില്ല, സീസണിന്റെ ആദ്യ പാതിയില്‍ തോല്‍വി പഞ്ചാബ് അറിഞ്ഞില്ല, ഒരുപോയിന്റിന്റെ ദൂരത്തില്‍ പ്ലേ ഓഫ് നഷ്ടമാകുമ്പോഴും അഞ്ച് അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 498 റണ്‍സ് ശ്രേയസിന്റെ പേരിലുണ്ടായിരുന്നു.
സൂര്യകുമാറിന്റെ നമ്പര്‍ ഫോര്‍ സ്പോട്ടിന്റെ കാര്യത്തിലും ശ്രേയസ് ഐഡിയല്‍ ചോയിസാകുന്നു. കണ്‍സിസ്റ്റൻസി, കാംനസ്, പ്രോ ആക്റ്റീവ് ലീഡര്‍ഷിപ്പ് - പെര്‍ഫെക്റ്റ്. 2024ല്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് എത്തിച്ച ഗൗതം ഗംഭീര്‍ - ശ്രേയസ് ദ്വയം ഇനി ഇന്ത്യക്കായി. എല്ലാ ആയുധങ്ങളും അടങ്ങിയ ഒരുസംഘത്തെയാണ് സൂര്യകുമാര്‍ കൈമാറുന്നത്, അത് കൃത്യമായി ഉപയോഗിക്കുക മാത്രമാണ് ശ്രേയസ് ചെയ്യേണ്ടത്. ശ്രേയസ് യുഗത്തില്‍ വെല്ലുവിളികളേക്കാള്‍ കൂടുതല്‍ കാത്തിരിക്കുന്നത് കിരീടങ്ങളാകും അങ്ങനെയെങ്കില്‍.