
ക്രിക്കറ്റിന്റെ ഭൂമികയില്‍ ഇനിയൊന്നും നേടാനില്ല. കഴിഞ്ഞ ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ ഒരു ലക്ഷത്തോളം ഹൃദയങ്ങള്‍ അയാള്‍ക്കായ് തുടിച്ച രാവ്. മധുരപതിനെട്ടില്‍, അകന്നുനിന്ന ആ കിരീടവും അയാളിലേക്ക് ഒഴുകിയെത്തിയതാണ്. ഒരുക്രിക്കറ്റ് കാലമാണ്, ഒരുജനതയുടെ പ്രതീക്ഷകളുടെ ഭാരമുണ്ട് അയാള്‍ കൈകളിലേന്തുന്ന എംആര്‍എഫ് ബാറ്റിന്. പടിയിറങ്ങാൻ സമയമായി എന്ന് പറയാൻ മടിയില്ലാത്തവനാണ്, ബാർബഡോസും സിഡ്നിയും കണ്ടതല്ലേ. എന്നിട്ടും അയാള്‍ അയാള്‍ നീലക്കുപ്പായമണിഞ്ഞ് ഓസീസ് മണ്ണില്‍ പലതും തിരുത്തിക്കുറിക്കാൻ തുനിഞ്ഞിട്ടുണ്ടെങ്കില്‍, എന്തൊ ഒന്നിനിയും ആ മനസില്‍ ബാക്കിയില്ലെ? വിരാട് കോഹ്ലിയെക്കുറിച്ചാണ്, അയാള്‍ക്കിന്ന് പ്രായം 37.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സിംഹാസനത്തില്‍ ഇരുത്തിയ പതിനെട്ടാം നമ്പറുകാരന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യം മനസിലേക്ക് ഉയർന്നാല്‍, 2027 ഏകദിന ലോകകപ്പ് എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. എന്തായിരിക്കും കോഹ്ലിയെ ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക് നയിക്കുന്നത്. അയാള്‍ക്കപ്പുറമൊരു ക്രിക്കറ്റ്കാലം വരച്ച് തുടങ്ങിയിരിക്കുന്നു ബിസിസിഐ. പക്ഷേ, ആ നിശ്ചയദാർഢ്യം തിരുത്തിയ വിധികള്‍ കഴിഞ്ഞ ഒന്നരപതിറ്റാണ്ടില്ലെന്ന് പറയേണ്ടി വരും.
അതിന് ഉദാഹരണമായി കുറച്ച് കാലം മുൻപത്തെ ഒരു കഥ ഓർമിപ്പിക്കാം. ഒരു 18 വർഷം പിന്നിലേക്ക്. ഇന്നത്തെ ഓസീസ് ഇതിഹാസങ്ങളായ അലീസ് ഹീലിക്കും എലീസ് പെറിക്കും മുൻപിലൊരു പത്തൊൻപതുകാരനെത്തി. പെറിയും ഹീലീസും ഹലൊ പറഞ്ഞപ്പോള്‍, ആ പയ്യൻ പേര് പറഞ്ഞില്ല. മറിച്ചൊരു വാചകമാണ് പറഞ്ഞത്. I am the next big thing in Indian Cricket. That was Virat Kohli. He is a someone who writes his own scripts. ഹീലി ഇന്നും അത്ഭുതത്തോടെയാണ് ആ സന്ദർഭത്തേയും കോഹ്ലിയുടെ ആത്മവിശ്വാസത്തേയും ഓർത്തെടുക്കുന്നത്.
ആ ആത്മവിശ്വാസവും അഭിനിവേശവും ഇന്നും കോഹ്ലിയിലുണ്ട്. എന്നാല്‍, പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് പറയുമ്പോഴും കോഹ്ലിയേയും ആ പ്രായം ചെറുതായെങ്കിലും പിന്നോട്ട് വലിക്കുന്നുണ്ടെന്നത് ഓസ്ട്രേലിയയിലെ പരമ്പര കാണിച്ചുതന്നതാണ്. രണ്ട് വർഷത്തെ ദൂരമുണ്ട് 2027 ഏകദിന ലോകകപ്പിലേക്ക്. അപ്പോഴേക്കും കോഹ്ലി 39 താണ്ടിയേക്കും. കായികക്ഷമതയില്‍ രണ്ട് അഭിപ്രായമില്ല. തന്റെ നിലവാരത്തിനൊത്ത് ക്രീസില്‍ നിലകൊള്ളാൻ വലം കയ്യൻ ബാറ്റർക്ക് കഴിയുമോയെന്നതാണ് ആകാംഷ. ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ പേസിനും വളക്കൂറുള്ളതാണ്, പെർത്തിലും അഡ്‌ലയ്‌ഡിലും കോഹ്ലിക്ക് പിഴയ്ക്കുന്നത് കാഴ്ച വിശ്വസിക്കാനാകാത്തതായിരുന്നു.
ഒന്നുണ്ട്, മധ്യനിരയില്‍ പകരം ആര് എന്നൊരു വലിയ ചോദ്യചിഹ്നം. 553 മത്സരങ്ങള്‍, 34,949 പന്തുകള്‍, 27,673 റണ്‍സ്, 82 സെഞ്ച്വറികള്‍ - ഒരു വലിയ വിജയലക്ഷ്യം മുന്നില്‍ ഉയര്‍ന്ന് നിന്ന് സമ്മര്‍ദം നല്‍കുമ്പോള്‍ ആരുടെ ബാറ്റിലേക്ക് നോക്കണമെന്നതില്‍ കോഹ്ലിയല്ലാതെ മറ്റൊരു ഉത്തരം കണ്ടെത്താൻ ബിസിസിഐക്ക് കഴിഞ്ഞ കാലങ്ങളിലൊന്നും കഴിഞ്ഞിട്ടില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ - എന്നീ രണ്ട് പേരുകള്‍ മുന്നിലുണ്ടെങ്കിലും 50 ഓവറുകള്‍ ക്രീസില്‍ നിലയുറപ്പിച്ച് തെളിയിക്കാൻ ഇരുവര്‍ക്കും എത്രതവണ സാധിച്ചിട്ടുണ്ട് എന്ന് ഓര്‍ക്കേണ്ടതുണ്ട്.
രാഹുലും ശ്രേയസും ചാമ്പ്യൻസ്ട്രോഫിയില്‍ പലകുറി മധ്യനിരയുടെ കാവല്‍ക്കാരായപ്പോഴും മറുവശത്ത് കോഹ്ലിയും നിലകൊണ്ടിരുന്നു. കോഹ്ലിയുണ്ട് എന്ന ആത്മവിശ്വാസമായിരുന്നു സമ്മര്‍ദത്തിന്റെ ഭാരം ഇരുവരുടേയും ചുമലില്‍ കുറയാനും കാരണമായത്. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍, സച്ചിൻ തെൻഡുല്‍ക്കര്‍ മടങ്ങുമ്പോള്‍ ക്രീസിലേക്ക് ചുവടുവെച്ചപ്പോള്‍ തോളിലേറിയ ഉത്തരവാദിത്തം വലുതായിരുന്നു. എന്നാല്‍ കോഹ്ലി ബൗണ്ടറി റോപ്പുകളെ താണ്ടാനൊരുങ്ങുമ്പോള്‍, അതുപോലൊരാള്‍ കടന്നുവന്നിട്ടില്ല.
പകരം വെക്കാനില്ല, അത്രത്തോളം സ്ഥിരത കോഹ്ലി പുലര്‍ത്തുന്നുണ്ട് ബാറ്റിങ് മികവില്‍. പതുതലമുറയ്ക്കായ് വഴിമാറിക്കൊടുക്കേണ്ട സമയമായില്ലെ എന്ന സംശയങ്ങളുടെ ശബ്ദം ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ശുഭ്മാൻ ഗില്‍ നയിക്കുന്ന സംഘം നവംബര്‍ 19ന്റെ മുറിവുണക്കാൻ തന്നെയാകും ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുക, തന്റെ ജോലി കൃത്യമായി ചെയ്തൊന്ന് നിന്ന് കൊടുത്താല്‍ മാത്രം മതിയാകും കോഹ്ലിക്ക്.
അതുവരെ പിടിച്ചുനില്‍ക്കണം, പാഡണിയുന്ന ഓരോ മത്സരവും ഓരോ ഷോട്ടും നേരിടുന്ന ഓരോ പന്തും വിലയിരുത്തപ്പെടുമെന്നത് തീര്‍ച്ചയാണ്. അത് മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയാതെ പലകുറി പറഞ്ഞുകഴിഞ്ഞു. പരിശീലകൻ ഗൗതം ഗംഭീറും അത് തന്നെയാണ് നല്‍കുന്ന സൂചന. മുന്നിലുള്ള മത്സരങ്ങളുടെ എണ്ണം ഏറിയാല്‍പ്പോലും 20 അല്ലെങ്കില്‍ 25ല്‍ നില്‍ക്കും. സ്ഥിരതയോടെ തുടരുക, അതാണ് പ്രധാനം.
17 വര്‍ഷമായി ഇന്ത്യയുടെ കുപ്പായം അണിഞ്ഞിട്ട്. സച്ചിന്റെ പകരക്കാരനെന്ന തലക്കെട്ടിന്റെ ഭാരം ഒരിക്കലും തളര്‍ത്തിയിട്ടില്ല. നേടിത്തന്ന വിജയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും, ആ 22 വാരയില്‍ പുറത്തെടുത്ത അത്ഭുതനിമിഷങ്ങള്‍ക്കും എണ്ണമില്ല. കളിച്ച ടൂര്‍ണമെന്റുകളിലൊന്നും തിളങ്ങാതിരുന്നിട്ടില്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന് പുതുപാത വെട്ടി, വിദേശവിക്കറ്റുകളില്‍ ജയം ശീലമാക്കാൻ പഠിപ്പിച്ചു പടിയിറങ്ങി. ഇനി അവശേഷിക്കുന്നത് ഡല്‍ഹിയിലെ ആ പയ്യനെ കിങ് കോഹ്ലിയാക്കി മാറ്റിയ ഏകദിന ഫോര്‍മാറ്റാണ്, അവിടെയൊരു അര്‍ഹിച്ച പടിയിറക്കം മറ്റാരേക്കാളും അര്‍ഹിക്കുന്നു. 2027 ഏകദിന ലോകകപ്പോളം അനുയോജ്യമായ മറ്റൊരു വേദിയില്ല.കാലം പറയട്ടെ അങ്ങനൊന്ന് ഒരുങ്ങുമോയെന്ന്.