
ലോസ് ബ്ലാങ്കോസിന്റെ തൂവെള്ളയില്‍ വിനീഷ്യസ് ജൂനിയറിന് ഇനിയെത്രനാള്‍.
ഒക്ടോബര്‍ അഞ്ച്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിനീഷ്യസിന്റെ ബൂട്ടുകള്‍ പകിട്ടിനൊത്ത് തിളങ്ങിയ ദിവസം. വിയ്യാറയലിനെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും. ലാ ലിഗയില്‍ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒൻപത് ഗോള്‍ കോണ്‍ട്രിബ്യൂഷൻ. സാബി അലോൻസോയൊരുക്കുന്ന കളിത്തട്ടില്‍ വിനീഷ്യസ് നിറഞ്ഞാടുമ്പോള്‍ കര്‍ട്ടന് പിന്നില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. റയല്‍ മാഡ്രിഡില്‍ ബ്രസീലിയൻ താരത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ.
കാര്‍ളൊ ആഞ്ചലോട്ടിയുടെ പ്രധാന അസ്ത്രമായിരുന്ന വിനീഷ്യസല്ല സാബിയുടെ കീഴില്‍. കാരണം, കിലിയൻ എംബാപെയെന്ന സൂപ്പര്‍സ്റ്റാര്‍ തന്നെ. പക്ഷേ, ഇവിടെ സൈഡ് റോള്‍ വഹിക്കാൻ താൻ തയാറല്ല, തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമെന്ന സൂചനകളാണ് വിനീഷ്യസ് കളത്തിലും അല്ലാതെയും നല്‍കുന്നതും. എന്നിട്ടും താരവുമായുള്ള കരാറിലെ അനിശ്ചിതത്വങ്ങള്‍ തുടരുകയാണ്. 2027 വരെ മാത്രം നീളുന്ന കരാര്‍ ഇനിയും പുതുക്കാത്തതാണ് റയലിനൊപ്പമുള്ള വിനീഷ്യസിന്റെ യാത്ര അവസാന ലാപ്പിലാണെന്ന നരേറ്റീവ് ഉണ്ടാകാൻ കാരണം.
2023-24 സീസണില്‍ ബാലണ്‍ ദി ഓറില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും, ഫിഫയും മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടും ഈ അനിശ്ചിതത്വം വെറുതെ ഉണ്ടായതാണെന്ന് കരുതിയെങ്കില്‍ അങ്ങനെയല്ല. ഒരു സീസണിന്റെ പഴക്കുമുണ്ട് ഇതിന്. 2023-24 സീസണില്‍ 39 മത്സരങ്ങളില്‍ നിന്ന് 25 ഗോള്‍ കോണ്‍ട്രിബ്യൂഷൻ, ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഗോള്‍, കിരീടം. പക്ഷേ, 2024-25 സീസണ്‍ കണ്ടത് വിനീഷ്യസിന്റെയും റയലിന്റെയും വീഴ്ചകളായിരുന്നു, ഒപ്പം ആഞ്ചലോട്ടിയുടെ പടിയിറക്കവും.
2025 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 16 ലാ ലിഗ മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് വിനിയുടെ ബൂട്ടില്‍ നിന്നുണ്ടായത്. ചാമ്പ്യൻസ് ലീഗ് നോക്കൗട്ടില്‍ ഒന്നും. വിനി നിറം മങ്ങുമ്പോള്‍ സീസണിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ എംബാപെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ മൂളപ്പറന്നുകൊണ്ടേയിരുന്നു. സീസണില്‍ 44 ഗോളടക്കം 49 ഗോള്‍ കോണ്‍ട്രിബ്യൂഷൻ. യൂറോപ്യൻ ഗോള്‍ഡൻ ബൂട്ടും സ്വന്തമാക്കി. ആഞ്ചലോട്ടിയുടെ മടക്കം വിനീഷ്യസിന്റെ അന്തിമ ഇലവനില്‍ സ്ഥിരസ്ഥാനത്തിന് കൂടിയാണ് ഇളക്കം തട്ടിച്ചത്.
സാബിയുടെ പ്രൊ ആക്റ്റീവ് ശൈലിയില്‍ മുന്നേറ്റനിരയ്ക്ക് ഗോളടി മാത്രമല്ല, കളം നിറഞ്ഞ് കളിക്കണം. ഇല്ലെങ്കില്‍ പുറത്തിരിക്കാം എന്നതാണ് നിലപാട്. എംബാപയേയും വിനീഷ്യസിനേയും ഒരുമിച്ച് ഇറക്കുക എന്ന വെല്ലുവിളി സാബി ഏറ്റെടുത്തു. ഇരുവരേയും സെന്റര്‍ ഫോര്‍വേഡായി പരീക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും ഇടതു വിങ്ങിലേക്ക് തിരിയുന്ന വിനീഷ്യസിനേയും കണ്ടത്. ക്ലബ്ബ് ലോകകപ്പിലടക്കം വിനീഷ്യസിനെ ബെഞ്ചിലിരുത്തുക എന്ന തീരുമാനമാണ് സാബി പലപ്പോഴുമെടുത്തത്, എന്നാല്‍ താരങ്ങളുടെ പരുക്കും മറ്റും തടസമാകുകയായിരുന്നു.
പുതിയ സീസണിലെ രണ്ടാം മത്സരത്തില്‍ വിനീഷ്യസിനെ ബെഞ്ചിലിരുത്തി റോഡ്രിഗോയെയാണ് സാബി ഇടതുവിങ്ങിലിറക്കിയത്. ഈ തീരുമാനം വിനീഷ്യസ് പോലും അറിഞ്ഞിരുന്നില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട്. എന്നാല്‍, സബ്സ്റ്റിറ്റ്യൂട്ടായി എത്തി ഗോളും അസിസ്റ്റുമായാണ് സാബിക്ക് മറുപടി നല്‍കിയത്. അപ്പോഴും തന്റെ തീരുമാനത്തില്‍ സാബി ഉറച്ചു നില്‍ക്കുകയാണ്, ടീമിന്റെ മൊത്തത്തിലുള്ള തീരുമാനം എല്ലാവരും മനസിലാക്കണമെന്നായിരുന്നു നിലപാട്. മെറിറ്റില്‍ മാത്രമെ തന്റെ ഇലവനില്‍ സ്ഥാനമുള്ളു, താരപ്പകിട്ടുകൊണ്ട് കാര്യമില്ലെന്ന് സാബി പറയാതെ പറഞ്ഞുവെക്കുകയായിരുന്നു ഇവിടെ.
തൊട്ടടുത്ത വാരം റയല്‍ മയോര്‍ക്കയ്ക്കെതിരെ വിജയഗോളും വിനി നേടിയിരുന്നു. എംബാപെ കഴിഞ്ഞാല്‍ സീസണിലെ ഏറ്റവും മികച്ച റയല്‍ താരമാണ് വിനി. അത്ഭുതങ്ങള്‍ മാത്രം പ്രതീക്ഷിക്കപ്പെടുന്ന സാന്റിയാഗോ ബെര്‍ണബ്യൂവിലെ ആരാധകക്കൂട്ടത്തിന് വിനിയിലുള്ള വിശ്വാസം ഒറ്റ സീസണ്‍കൊണ്ട് നഷ്ടപ്പെട്ടെന്നും വിലയിരുത്തലുകളുണ്ട്. കാരണം, ട്രോഫികളാല്‍ സമ്പന്നമാകുക എന്ന ലക്ഷ്യത്തിന് പുറകെ കുതിക്കുന്ന റയലില്‍ ഒരോ സീസണിലും ഓരോ താരവും കയറേണ്ടത് സമ്മര്‍ദത്തിന്റെ കൊടുമുടികള്‍ തന്നെയാണ്. പുതിയ സീസണില്‍ ഫോമിലേക്കുള്ള മടങ്ങിവരവിലും വിനിയുടെ കരാറില്‍ ഒരു പ്രഖ്യാപനവുമുണ്ടായിട്ടില്ല.
റയലുമായുള്ള കരാര്‍ ചര്‍ച്ചയില്‍ വിനീഷ്യസിന്റെ ടീമിന് ആദ്യം ധാരണയിലെത്താനാകാത്തതാണ് കാരണങ്ങളിലൊന്ന്. നിലവില്‍ 17 മില്യണ്‍ യൂറോയാണ് പ്രതിവര്‍ഷം വിനിക്ക് ലഭിക്കുന്നത്. റയല്‍ ഇത് 20 മില്യണാക്കി ഉയര്‍ത്താമെന്ന ഓഫറാണ് നല്‍കിയത്. എന്നാല്‍, 30 മില്യണ്‍ യൂറോയെന്ന ആവശ്യം വിനീഷ്യസും ടീമും മുന്നോട്ട് വെച്ചു. ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് മാത്രം റയല്‍ നല്‍കിയിട്ടുള്ള തുകയാണിത്. തുക എത്രയാണെന്നതില്‍ വ്യക്തതയില്ലെങ്കിലും ഇരുപക്ഷവും കരാറില്‍ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു, പക്ഷേ, പ്രഖ്യാപനം മാത്രം ഉണ്ടായില്ല.
2027ല്‍ കരാര്‍ അവസാനിക്കാനിരിക്കെ ഒരു ഫ്രീ ഏജന്റായി വിനീഷ്യസിനെ വിട്ടുനല്‍കാൻ റയലും ആഗ്രഹിക്കുന്നുണ്ടാകില്ല. 25 വയസ് മാത്രം പ്രായമുള്ള വിനിയില്‍ ഒരിക്കല്‍ക്കൂടി റയല്‍ വിശ്വാസം അര്‍പ്പിക്കുമോയെന്നും കാത്തിരിക്കേണ്ട ഒന്നാണ്. ഫ്ലെമംഗോയില്‍ നിന്ന് 2018ല്‍ റയലിലെത്തിയ വിനീഷ്യസ് 332 മത്സരങ്ങളില്‍ നിന്ന് 111 ഗോളും 90 അസിസ്റ്റും നേടി. മൂന്ന് ലാ ലിഗയും രണ്ട് വീതം ചാമ്പ്യൻസ് ലീഗും സൂപ്പര്‍ കപ്പും റയലിനൊപ്പം സ്വന്തമാക്കി.